ആഗോളതലത്തിൽ അനുഭവപ്പെടുന്ന കടുത്ത ഉഷ്ണതരംഗത്തെത്തുടർന്ന് വികസിത രാജ്യങ്ങളോടുള്ള ലോകത്തിന്റെ മനോഭാവത്തെ വിമർശിച്ച് ഇന്ത്യയിൽ താമസിക്കുന്ന പോളിഷ് യുവതി **അഗ്നിയെസ്ക ഹദാല**. ഇന്ത്യ നേരിടുന്ന കാലാവസ്ഥാ വെല്ലുവിളികളെ പിന്നോക്കാവസ്ഥയായി ചിത്രീകരിക്കുന്ന മാധ്യമങ്ങൾ, പാശ്ചാത്യ രാജ്യങ്ങൾ സമാന സാഹചര്യം നേരിടുമ്പോൾ സഹതാപം പ്രകടിപ്പിക്കുന്നുവെന്ന് അവർ ആരോപിക്കുന്നു.
നിലവിൽ പോളണ്ടിലുള്ള **അഗ്നിയെസ്ക**, അവിടെ താപനില 35 ഡിഗ്രി സെൽഷ്യസ് കടന്ന കാര്യം ചൂണ്ടിക്കാട്ടുന്നു. “ഇന്ത്യ ദുരിതമനുഭവിക്കുമ്പോൾ അതിനെ ‘പരാജയം’ എന്ന് വിളിക്കുന്നു.
എന്നാൽ പാശ്ചാത്യ രാജ്യങ്ങൾ കഷ്ടപ്പെടുമ്പോൾ അത് ‘ദുരന്തം’ ആകുന്നു” എന്ന് അവർ പറയുന്നു. ഫ്രാൻസിലും യൂറോപ്പിന്റെ മറ്റ് ഭാഗങ്ങളിലും ഉഷ്ണതരംഗം മൂലം ആയിരത്തിലധികം പേർ മരിച്ചതായും അവർ പരാമർശിച്ചു.
യൂറോപ്പിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് അവർ വിശദീകരിക്കുന്നത് ഇങ്ങനെ: “യൂറോപ്പിലെ കടുത്ത ചൂട് കാരണം സ്കൂളുകൾ അടച്ചിടേണ്ടി വരുന്നു, ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയുന്നില്ല, റോഡുകളും റെയിൽവേ ട്രാക്കുകളും ഉരുകുന്നു, എയർ കണ്ടീഷനിംഗിന്റെ അമിത ഉപയോഗം മൂലം പവർ സിസ്റ്റം തകരാറിലാകുന്നു.” ഇന്ത്യയിലേതുപോലെ പല യൂറോപ്യൻ വീടുകളിലും ഓഫീസുകളിലും ഫാനോ എസിയോ ഇല്ലെന്നതും ശ്രദ്ധേയമാണ്. ബിബിസിയുടെ റിപ്പോർട്ട് പ്രകാരം പോളണ്ടിൽ റെക്കോർഡ് താപനിലയായ 40.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിട്ടുണ്ട്.
മുൻപ് മുംബൈയിലെ വെർസോവ ബീച്ചിൽ ജനം ഉറങ്ങുന്ന ചിത്രങ്ങൾ ലോകവ്യാപകമായി ട്രോളുകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ ഇന്ന് സമാനമായ സാഹചര്യത്തിൽ യൂറോപ്പിലെ ആളുകളും പാർക്കുകളിലും ബീച്ചുകളിലും അഭയം തേടുകയാണ്.
ഇത്തവണ ലോകം അവരെ പരിഹസിക്കുന്നില്ലെന്നും സഹതാപത്തോടെയാണ് കാണുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ ജനസംഖ്യാ വ്യത്യാസങ്ങളെക്കുറിച്ചും **അഗ്നിയെസ്ക** സംസാരിച്ചു.
140 കോടി ജനങ്ങളുള്ള ഒരു രാജ്യത്തെയും ചെറിയ രാജ്യങ്ങളെയും ഒരുപോലെ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്ന് അവർ വ്യക്തമാക്കുന്നു. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ മെട്രോ ശൃംഖല, ഹൈവേകൾ, എയർപോർട്ടുകൾ, ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾ എന്നിവയിൽ ഇന്ത്യ കൈവരിച്ച വികസനത്തെ അവർ എടുത്തുപറയുന്നു.
“വിമർശനം അർഹിക്കുന്നിടത്ത് ഇന്ത്യയെ വിമർശിക്കുക, എന്നാൽ ഇന്ത്യയുടെ നേട്ടങ്ങളെ അതേ ആത്മവിശ്വാസത്തോടെ ആഘോഷിക്കുകയും ചെയ്യുക. കാരണം നമ്മൾ നമ്മുടെ രാജ്യത്തെ ബഹുമാനിച്ചില്ലെങ്കിൽ മറ്റാരും ബഹുമാനിക്കില്ല” എന്ന് അവർ ഓർമ്മിപ്പിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

