കോരുത്തോട്: കൊമ്പുകുത്തി മേഖലയിൽ കാട്ടാനകളുടെ സാന്നിധ്യം തുടർച്ചയായി വർധിക്കുന്നത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുന്നു. കഴിഞ്ഞ രാത്രിയിലും ജനവാസ മേഖലയിലേക്ക് കടന്നുകയറിയ കാട്ടാനകൾ കൃഷി നശിപ്പിച്ചു.
വനം വകുപ്പ് ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച കിടങ്ങുകൾ മറികടന്നാണ് കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിലെത്തുന്നത്. മുളംകയം ഭാഗത്തേക്ക് കടന്നുകയറിയ ആനകളെ വനം വകുപ്പിന്റെ ആർആർടി സംഘം എത്തിയാണ് തുരത്തിയതെന്ന് ഊരുമൂപ്പൻ വി.എം.വിശ്വനാഥൻ വ്യക്തമാക്കി.
ആനശല്യത്തിന് ശാശ്വത പരിഹാരമാകുമെന്ന് കരുതിയിരുന്ന കിടങ്ങുകൾക്ക് മുകളിലൂടെ അനായാസം ആനകൾ കടന്നുവരുന്നത് നാട്ടുകാരിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കിടങ്ങുകളുടെ വീതിയും ആഴവും കുറവായതിനാൽ മണ്ണിടിച്ച് അവ നികത്തി ആനകൾ അപ്പുറത്തേക്ക് കടക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
തന്റെ ജീവിതകാലം മുഴുവൻ ഈ ദുരിതം സഹിക്കേണ്ട ഗതികേടിലാണെന്ന് 70 വയസ്സുള്ള പ്ലാക്കൽ സരസ്വതിയമ്മ പ്രതികരിച്ചു.
സോളർ ഫെൻസിങ് പദ്ധതിക്ക് പകരമായി നടപ്പാക്കിയ കിടങ്ങ് നിർമാണം ഒട്ടും ഫലപ്രദമല്ലെന്ന് മുത്തേരിയിൽ മിനി അഭിപ്രായപ്പെട്ടു. സോളർവേലി സ്ഥാപിച്ച പ്രദേശങ്ങളിലും ആനകൾ എത്തുന്നുണ്ടെന്ന് ഇവർ വ്യക്തമാക്കി.
ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടുവെന്ന് പഞ്ചായത്തംഗം സിനിമോൾ ആരോപിച്ചു. വീടുകൾക്ക് തൊട്ടടുത്ത് വരെ ആനകൾ എത്തുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ ജനങ്ങൾ കടുത്ത ഭീതിയിലാണ്.
41 ലക്ഷം രൂപയുടെ നഷ്ടം
പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വന്യമൃഗശല്യം കുറയ്ക്കുന്നതിനായി 7 കോടി 20 ലക്ഷം രൂപയുടെ പദ്ധതിയാണ് വനം വകുപ്പ് നടപ്പാക്കിയത്. ഇതിൽ കൊമ്പുകുത്തി കണ്ണാട്ടുകവല മുതൽ പന്നിവെട്ടുംപാറ വരെ 0.5 കിലോമീറ്റർ നീളത്തിൽ കിടങ്ങ് നിർമിക്കാൻ 13.6 ലക്ഷം രൂപയും, കൊമ്പുകുത്തി ട്രൈബൽ സെറ്റിൽമെന്റ് ഭാഗത്ത് 1 കിലോമീറ്റർ ദൂരത്തിൽ കിടങ്ങ് നിർമിക്കാൻ 28.34 ലക്ഷം രൂപയുമാണ് ചെലവഴിച്ചത്.
എന്നാൽ ലക്ഷങ്ങൾ മുടക്കിയിട്ടും സുരക്ഷാ സംവിധാനങ്ങൾ നോക്കുകുത്തിയായി മാറിയെന്നാണ് നാട്ടുകാരുടെ പരാതി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

