സംസ്ഥാനത്തെ വിവിധ ജയിലുകളിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന 1,851 തടവുകാരുടെ ശിക്ഷാ ഇളവ് സംബന്ധിച്ച അപേക്ഷകളിൽ അടിയന്തര തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വിഎം ശ്യാംകുമാറും അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഈ സുപ്രധാന ഉത്തരവ്.
തടവുകാരുടെ അപേക്ഷകൾ പരിഗണിക്കുമ്പോൾ നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് കോടതി പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന് നിർദേശം നൽകി. ഇളവ് ലഭിക്കാത്ത തടവുകാരുടെ വിവരങ്ങൾ ശേഖരിക്കാനും അവർക്കാവശ്യമായ നിയമസഹായം ലഭ്യമാക്കാനും കേരള ലീഗൽ സർവീസസ് അതോറിറ്റിക്ക് (കെൽസ) കോടതി നിർദേശം നൽകിയിട്ടുണ്ട്.
ജയിൽ ഉദ്യോഗസ്ഥരും കെൽസ പ്രതിനിധികളും സംയുക്തമായി രണ്ടാഴ്ചയിലൊരിക്കൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തണമെന്നും കോടതി നിർദേശിച്ചു. ജയിൽ വകുപ്പ് നൽകിയ റിപ്പോർട്ട് പ്രകാരം, 316 തടവുകാർ ശിക്ഷാ ഇളവിനായി ജയിൽ ഉപദേശക ബോർഡിന്റെ പരിഗണനയ്ക്ക് അർഹരാണെന്ന് കോടതിയെ അറിയിച്ചു.
ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജിയാണ് ഈ വിഷയത്തിൽ പരിഗണിക്കുന്നത്. ഇതിനിടെ, കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട
വിദേശികളെ പാർപ്പിക്കുന്ന ട്രാൻസിറ്റ് ഹോമുകളിലെ തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ കോടതി സ്വമേധയാ കക്ഷി ചേർത്തു.
ഈ കേസുകൾ ജൂലൈ 27-ന് കോടതി വീണ്ടും പരിഗണിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

