വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന അദാനി വിഴിഞ്ഞം പോർട്ട് കമ്പനിയിലെ (എവിപിപിഎൽ) 49 ശതമാനം ഓഹരികൾ സ്വിസ് ഷിപ്പിങ് ഭീമനായ എംഎസ്സിക്ക് 13,000 കോടി രൂപയ്ക്ക് കൈമാറുന്നു എന്ന റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ, ഓഹരി വിപണിയിൽ അദാനി പോർട്സ് ഓഹരികൾ സർവകാല റെക്കോർഡിലേക്ക്. എൻഎസ്ഇയിൽ വ്യാപാരത്തിനിടെ ഓഹരി വില 1881.70 രൂപ വരെ ഉയർന്നു.
അദാനി പോർട്സിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയാണിത്. ഉച്ചകഴിഞ്ഞുള്ള സെഷനിൽ 2.34 ശതമാനം നേട്ടത്തോടെ 1853 രൂപയിലാണ് ഓഹരി വ്യാപാരം തുടരുന്നത്.
4.26 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള കമ്പനിയുടെ ഓഹരികൾ 2026-ൽ ഇതുവരെ നിക്ഷേപകർക്ക് 25 ശതമാനം ലാഭം നൽകിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 150 ശതമാനവും അഞ്ച് വർഷത്തിനിടെ 164 ശതമാനവും വളർച്ചയാണ് കമ്പനി കൈവരിച്ചത്.
എംകേ ഫിനാൻഷ്യൽ സർവീസസ് ഓഹരിക്ക് 2000 രൂപയും മോത്തിലാൽ ഓസ്വാൾ 2050 രൂപയുമാണ് ലക്ഷ്യവിലയായി നിശ്ചയിച്ചിരിക്കുന്നത്. അതേസമയം, ഓഹരി കൈമാറ്റ വിഷയത്തിൽ സംസ്ഥാന സർക്കാർ അതൃപ്തി പ്രകടിപ്പിച്ചു.
എംഎസ്സിക്ക് ഓഹരി കൈമാറുന്നത് സംബന്ധിച്ച് അദാനി ഗ്രൂപ്പ് മുൻകൂർ അനുമതി തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ അറിയിച്ചു. സർക്കാരിന്റെ അനുമതിയില്ലാതെ ഇത്തരമൊരു കൈമാറ്റം സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിഴിഞ്ഞം പദ്ധതിയിൽ കുത്തകകൾക്ക് അമിത അധികാരം നൽകുന്നുവെന്ന വിമർശനം പ്രതിപക്ഷനേതാവ് പിണറായി വിജയനും ഉന്നയിച്ചു. അദാനി ഗ്രൂപ്പ് ഇക്കാര്യം സർക്കാരിനെ അറിയിക്കുമെന്ന് പ്രതികരിച്ചെങ്കിലും, നിയമപരമായ പരിശോധനകൾക്ക് ശേഷമേ സർക്കാർ അന്തിമ തീരുമാനം കൈക്കൊള്ളൂ.
ഓഹരി കൈമാറ്റത്തിലെ നിയമവശങ്ങൾ അദാനി വിഴിഞ്ഞം പോർട്ട് കമ്പനിയിൽ എംഎസ്സിയുടെ ടെർമിനൽ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് (ടിഐഎൽ) വഴി 49 ശതമാനം ഓഹരി നിക്ഷേപം നടത്തുമ്പോൾ, അത് സർക്കാരുമായുള്ള കരാറിലെ വ്യവസ്ഥകളെ ബാധിക്കുമോ എന്നത് നിർണായകമാണ്. 2015-ലെ കൺസഷൻ എഗ്രിമെന്റിലെ 5(3) വ്യവസ്ഥ പ്രകാരം, 25 ശതമാനത്തിലധികം ഓഹരി കൈമാറ്റം നടത്തുമ്പോൾ അത് ‘ഉടമസ്ഥതാ കൈമാറ്റം’ ആയി കണക്കാക്കും.
ഇക്കാര്യം ഔദ്യോഗികമായി അദാനി ഗ്രൂപ്പ് സർക്കാരിനെ അറിയിക്കേണ്ടതുണ്ട്. തുടർന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേഡ് കമ്മിറ്റി ഇത് പരിശോധിച്ച് ശുപാർശ നൽകണം.
ദേശീയ സുരക്ഷ, പൊതുതാൽപര്യം, വിദേശ നിക്ഷേപ നയം എന്നിവ അടിസ്ഥാനമാക്കിയായിരിക്കും സർക്കാരിന്റെ തീരുമാനം. കരാർ വ്യവസ്ഥകൾ പ്രകാരം ആവശ്യമെങ്കിൽ പുതിയ സപ്ലിമെന്ററി കരാർ തയ്യാറാക്കേണ്ടി വരും.
ഓഹരി കൈമാറ്റം സംബന്ധിച്ച മുഴുവൻ റഗുലേറ്ററി അനുമതികളും തേടിയ ശേഷമേ നടപടികളുമായി മുന്നോട്ട് പോകൂ എന്ന് അദാനി പോർട്സ് സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

