കണ്ണൂർ ജില്ലയിലെ മട്ടന്നൂർ കൂരൻമുക്കിൽ ഉണ്ടായ വാഹനാപകടത്തിൽ പിതാവും മകനും മരിച്ചു. കോളാരി സ്വദേശികളായ വിനോദ്, മകൻ വൈഷ്ണവ് എന്നിവരാണ് മരണപ്പെട്ടത്.
വൈഷ്ണവിന്റെ ജന്മദിനത്തിലാണ് കുടുംബത്തെ കണ്ണീരിലാഴ്ത്തിയ സംഭവം നടന്നതെന്നത് ഏറെ വേദനയാകുന്നു. രാവിലെ പത്തരയോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്.
ഇരിട്ടി ഭാഗത്തുനിന്ന് മട്ടന്നൂർ ലക്ഷ്യമാക്കി വരികയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ബസ് അമിതവേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ബസിന്റെ മുന്നിലുണ്ടായിരുന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ ഡ്രൈവർ വാഹനം വലത്തേക്ക് വെട്ടിത്തിരിക്കുകയും, എതിരെ വരികയായിരുന്ന സ്കൂട്ടറിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ വിനോദും മകനും ബസിന്റെ ചക്രത്തിനടിയിൽ കുടുങ്ങിപ്പോയി.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തിയ ശേഷമാണ് പരിക്കേറ്റവരെ പുറത്തെടുക്കാൻ സാധിച്ചത്.
ഇതേ അപകടത്തിൽ ബൈക്ക് യാത്രികനായ ഫിറോസ് എന്നയാൾക്കും പരിക്കേറ്റിട്ടുണ്ട്.

