കൊല്ലം ജില്ലയിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കർശനമാക്കിയതോടെ വിപണിയിൽ പുതിയ മാറ്റങ്ങൾ പ്രകടമാകുന്നു. പൊലീസിന്റെ ഓപ്പറേഷൻ തൂഫാൻ, എക്സൈസ് വകുപ്പിന്റെ തണ്ടർ എന്നീ പരിശോധനകൾ ശക്തമായതോടെ പുകയില അടങ്ങിയ ലഹരി ഉൽപന്നങ്ങളുടെ ലഭ്യതയിൽ വലിയ കുറവുണ്ടായിട്ടുണ്ട്.
ഈ സാഹചര്യം മുതലെടുത്ത് പുകയില അംശം ഇല്ലാത്ത ‘കൂൾ ലിപ്’ ഉൽപന്നങ്ങൾ വിപണിയിൽ സജീവമായിരിക്കുകയാണ്. പ്രത്യേകിച്ച് പുകയില ഇല്ലാത്തതിനാൽ നിയന്ത്രണങ്ങളില്ലാതെ ഇത്തരം ഉൽപന്നങ്ങൾ എല്ലാ കടകളിലും ലഭ്യമാണ്.
ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിൽ ഉൽപാദിപ്പിക്കുന്ന ‘മൗത്ത് ചിൽ ഫ്രെഷ്നസ്’ എന്ന പേരിലുള്ള ഉൽപന്നങ്ങളാണ് നിലവിൽ വ്യാപകമായി വിറ്റഴിയുന്നത്. ഗ്രാമ്പു, കറുവപ്പട്ട
എന്നിവ അടങ്ങിയതെന്ന് അവകാശപ്പെടുന്ന ഈ ഉൽപന്നങ്ങളിലേക്ക് ലഹരിക്ക് അടിമപ്പെട്ടവർ മാറിത്തുടങ്ങിയിട്ടുണ്ട്. സ്കൂളുകൾക്ക് സമീപം പോലും ഇവ ലഭ്യമാണെന്നിരിക്കെ, സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ യാതൊരുവിധ പരിശോധനകളോ മുൻകരുതൽ അറിയിപ്പുകളോ ഇത്തരം പാക്കറ്റുകളിലില്ല എന്നത് ആശങ്ക ഉയർത്തുന്നു.
അതിനിടെ, ജില്ലയിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാനായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഈ മാസം ഏഴിന് കൊല്ലത്തെത്തും. സ്ത്രീകളെ ‘തൂഫാൻ വോറിയർ’മാരായി മാറ്റുന്ന പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി നിർവഹിക്കും.
മന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി ജില്ലയിൽ പരിശോധനകൾ ഊർജിതമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഡാൻസാഫ് സംഘത്തിന് വിവരം കൈമാറാനായി ഓരോ സ്റ്റേഷനിലും രണ്ട് സിവിൽ പൊലീസ് ഓഫീസർമാരെയും, പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ രണ്ട് എസ്ഐമാരെയും പ്രത്യേകമായി നിയമിച്ചിട്ടുണ്ട്.
ലഹരി ലഭ്യത കുറഞ്ഞതോടെ ലഹരിക്ക് അടിമപ്പെട്ടവർ വീടുകളിൽ ബഹളമുണ്ടാക്കുന്ന സംഭവങ്ങൾ വർധിച്ചിട്ടുണ്ട്. ഇത്തരക്കാരെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിക്കുന്ന സാഹചര്യത്തിൽ, ആശുപത്രികളിലും കോടതികളിലും സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ നിരീക്ഷണം ശക്തമാക്കാൻ നിർദേശമുണ്ട്.
ലഹരിവിമുക്ത ചികിത്സാ കേന്ദ്രങ്ങളിലേക്ക് ഇവരെ എത്തിക്കുക എന്നതാണ് പൊലീസ് നേരിടുന്ന പ്രധാന വെല്ലുവിളി. പഞ്ചായത്ത് പ്രതിനിധികൾക്കും പൊലീസ് സ്റ്റേഷനുകളിലേക്കും ഇത്തരം സഹായങ്ങൾ തേടി നിരവധി കോളുകൾ ലഭിക്കുന്നുണ്ട്.
ഇതിന്റെ ഭാഗമായി ‘തൂഫാൻ കെയർ’ പദ്ധതിക്കായി ആശുപത്രികൾ കണ്ടെത്താനും, ലഹരിക്ക് അടിമപ്പെട്ടവരെ ചികിത്സിക്കാൻ ആശുപത്രികളുമായി ധാരണയിലെത്താനും ആഭ്യന്തരവകുപ്പ് നടപടികൾ സ്വീകരിച്ചു വരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

