വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിനു സമീപമുള്ള പൊടിയണി വിള വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. അഭിലാഷിന്റെ ഭാര്യ വിഘ്നേശ്വരി (27) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ടോടെയാണ് യുവതിയെ വീടിനുള്ളിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.
മരണവിവരം പുറത്തറിഞ്ഞതിനെത്തുടർന്ന് വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
നാഗർകോവിൽ സ്വദേശികളായ നാഗരാജൻ– കല ദമ്പതികളുടെ മകളാണ് വിഘ്നേശ്വരി. സംഭവം നടക്കുമ്പോൾ താൻ വീട്ടിലുണ്ടായിരുന്നില്ലെന്ന് ഭർതൃപിതാവ് ചന്ദ്രൻ പൊലീസിന് മൊഴി നൽകി.
സന്ധ്യയോടെ വീട്ടിലെത്തിയപ്പോൾ വാതിൽ പൂട്ടിയ നിലയിലായിരുന്നു. ഫോൺ വിളിച്ചിട്ടും മറുപടി ലഭിക്കാത്തതിനെ തുടർന്ന് അയൽവാസിയുടെ സഹായത്തോടെ ജനൽ ഗ്ലാസ് തകർത്ത് പരിശോധിച്ചപ്പോഴാണ് മൃതദേഹം ശ്രദ്ധയിൽപ്പെട്ടത്.
രണ്ട് ദിവസം മുൻപായിരുന്നു ദമ്പതികളുടെ രണ്ടാം വിവാഹ വാർഷികമെന്നും കുടുംബത്തിൽ മറ്റ് പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും ചന്ദ്രൻ അവകാശപ്പെട്ടു. എങ്കിലും, ഭർതൃവീട്ടിൽ വെച്ച് വിഘ്നേശ്വരി അധിക്ഷേപങ്ങൾ നേരിട്ടിരുന്നതായി യുവതിയുടെ സഹോദരൻ ആരോപിച്ചു.
മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി വിഘ്നേശ്വരിയുടെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

