ലോട്ടറി അടിച്ചുവെന്ന തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ വാഹനവ്യാപാരിയെ തട്ടിക്കൊണ്ടുപോയി സംഘം ചേർന്ന് മർദിക്കുകയും തടങ്കലിൽ പാർപ്പിക്കുകയും ചെയ്തതായി പരാതി. കഞ്ചിക്കോട് കെടിസി ജംക്ഷൻ സ്വദേശിയായ ബിനു (47) ആണ് അതിക്രമത്തിന് ഇരയായത്.
സംഭവത്തിൽ ഹേമാംബിക നഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജൂൺ 28-നായിരുന്നു കേസിനാസ്പദമായ സംഭവം.
ബിനുവിനെ കാണണമെന്ന ആവശ്യവുമായി ചില ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെട്ട നാലംഗ സംഘം ഇയാളെ അകത്തേത്തറ ഭാഗത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
കാറിന് സമീപം സംസാരിച്ചു നിൽക്കെ, മറ്റൊരു വാഹനത്തിലെത്തിയ അഞ്ചംഗ സംഘം ബിനുവിനെ ബലമായി പിടികൂടി മർദിക്കുകയും കാറിനുള്ളിലേക്ക് വലിച്ചിഴച്ചു കയറ്റുകയും ചെയ്തു. തുടർന്ന് ഇവർ ബിനുവിനെ ചാവടി ചിമ്മണാംപതിയിലെ ആളൊഴിഞ്ഞ പ്രദേശത്തുള്ള വീട്ടിലെത്തിച്ച് മുറിക്കുള്ളിൽ കെട്ടിയിട്ടു.
ബിനുവിന് ലോട്ടറി അടിച്ചുവെന്ന് വിശ്വസിച്ച അക്രമികൾ, തുകയുടെ വിഹിതമായി 15 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. ഇതിനു പുറമെ ബിനുവിന്റെ ഉടമസ്ഥതയിലുള്ള അഞ്ച് വാഹനങ്ങൾ സംഘത്തിലുള്ള ഒരാളുടെ പേരിലേക്ക് എഴുതി നൽകണമെന്നും ഇവർ ഭീഷണിപ്പെടുത്തി.
ജൂൺ 30-ന് ഉച്ചയ്ക്ക് ശേഷം അക്രമികൾ പുറത്തുപോയ തക്കം നോക്കി കെട്ടഴിച്ചു രക്ഷപ്പെട്ട ബിനു, സമീപത്തെ സ്വകാര്യ കമ്പനിയിൽ അഭയം തേടി.
അക്രമികൾ പിന്തുടർന്നെത്തി വീണ്ടും ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും, കമ്പനി ഉടമയും തൊഴിലാളികളും ചേർന്ന് ബിനുവിനെ രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇവരുടെ സഹായത്തോടെ ആദ്യം ചാവടി പൊലീസിലും പിന്നീട് സംഭവം നടന്ന സ്ഥലത്തെ പരിധിയിൽ വരുന്ന ഹേമാംബിക നഗർ പൊലീസ് സ്റ്റേഷനിലും പരാതി നൽകി.
മർദനമേറ്റ ബിനുവിന്റെ കാറും സംഘം തട്ടിയെടുത്തതായി പരാതിയിൽ വ്യക്തമാക്കുന്നു. കാലിനും കഴുത്തിനും ഗുരുതരമായി പരുക്കേറ്റ ബിനു നിലവിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

