കൽപറ്റ ∙ ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ കലക്ടറേറ്റ് ആസൂത്രണ ഭവൻ എപിജെ ഹാളിൽ നടന്നു.
തിരഞ്ഞെടുക്കപ്പെട്ടവരിൽ മുതിർന്ന അംഗമായ കണിയാമ്പറ്റ ആറാം ഡിവിഷനിൽ നിന്നുള്ള എം. സുനിൽ കുമാറിന് വരണാധികാരി കൂടിയായ കലക്ടർ ഡി.ആർ.
മേഘശ്രീ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തുടർന്ന് സത്യപ്രതിജ്ഞ ചെയ്ത ലിസി ജോസ്, കെ.ആർ. ജിതിൻ, ബീന സജി, ഗിരിജ കൃഷ്ണൻ, ബീന വിജയൻ, ഷീജ സതീഷ്, ജിനി തോമസ്, വി.എൻ.
ശശീന്ദ്രൻ, നസീമ , ടി. ഹംസ, ചന്ദ്രിക കൃഷ്ണൻ, കമല രാമൻ, പി.
മുഫീദ തെസ്നി, ജിൽസൺ തൂപ്പൂങ്കര, സൽമ, അമൽ ജോയ് എന്നിവർക്ക് എം. സുനിൽകുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു.
ജില്ലയിലെ 3 നഗരസഭകളിലേക്കും നാല് ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 23 ഗ്രാമ പഞ്ചായത്തുകളിലേക്കും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു.
ജില്ലാ പഞ്ചായത്തിലേക്ക് സത്യപ്രതിജ്ഞ ചെയ്ത ജനപ്രതിനിധികളുടെ പ്രഥമ യോഗം മുതിർന്ന അംഗം എം. സുനിൽകുമാറിന്റെ അധ്യക്ഷതയിൽ ജില്ലാപഞ്ചായത്ത് ഹാളിൽ ചേർന്നു.
ആദ്യ യോഗ നടപടികൾ കെ-സ്മാർട്ട് സോഫ്റ്റ്വെയർ മുഖേനയാണ് പൂർത്തീകരിച്ചത്.
യോഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ കക്ഷി ബന്ധം രേഖപ്പെടുത്തുന്ന ഫോം പൂരിപ്പിച്ച് റജിസ്റ്ററിൽ ഒപ്പുവച്ചു.
പ്രാദേശിക തലത്തിൽ നടപ്പാക്കേണ്ട വികസന കാഴ്ചപ്പാടുകളുള്ളവരാണ് ജനപ്രതിനിധികളെന്നും ജില്ലയുടെ വികസനത്തിന് പുത്തൻ സാധ്യതകൾ നടപ്പാക്കാൻ ഭരണ സമിതിക്ക് കഴിയട്ടെയെന്നും യോഗത്തിൽ കലക്ടർ പറഞ്ഞു.
പഞ്ചായത്ത് രാജ് ആക്ട് 153 പ്രകാരം 27 ന് 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കും ഉച്ചയ്ക്ക് 2.30 ന് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുമുള്ള തിരഞ്ഞെടുപ്പ് നടക്കുമെന്ന് സെക്രട്ടറി ബെന്നി ജോസഫ് അറിയിച്ചു. ജനപ്രതിനിധികൾ ഫോട്ടോ എടുത്ത ശേഷമാണ് യോഗം പിരിഞ്ഞത്.
ബത്തേരി
നഗരസഭയിലെ സത്യപ്രതിജ്ഞാ ചടങ്ങ് ഡബ്ല്യുഎംഒ സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജീകരിച്ച ഹാളിൽ നടന്നു. റിട്ടേണിങ് ഓഫിസർ സുരേഷ് കുമാർ മുതിർന്ന അംഗം ലീല പാൽപാത്തിനും ലീല പാൽപാത്ത് ബാക്കിയുള്ള 35 പേർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.തുടർന്ന് മുതിർന്ന അംഗത്തിന്റെ സാന്നിധ്യത്തിൽ യോഗം ചേർന്നു.
26 ന് രാവിലെ 10.30ന് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പും ഉച്ചയ്ക്ക് 2.30 ന് ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പും നടക്കും. നൂൽപുഴ പഞ്ചായത്തിൽ മുതിർന്ന അംഗം പ്രേമ നെൻമേനിക്കുന്ന് സത്യവാചകം ചൊല്ലിക്കൊടുത്തു.
നെൻമേനിയിൽ മുതിർന്ന അംഗം ഗംഗാധരൻ ആത്താർ സത്യവാചകം ചൊല്ലിക്കൊടുത്തു.
അസുഖം: ടി.മോഹനന് സത്യപ്രതിജ്ഞ ചെയ്യാനായില്ല
ജില്ലയിലെ ഏറ്റവും പ്രായം കൂടിയ പഞ്ചായത്തംഗമായ പനമരം പഞ്ചായത്തിലെ ടി.മോഹനന്(84) ഇന്നലെ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ല. നാലുദിവസം മുൻപ് സ്ട്രോക്ക് വന്നതിനെ തുടർന്ന് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. അടുത്തദിവസം ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയ ശേഷം സത്യപ്രതിജ്ഞ ചെയ്യാനാണ് തീരുമാനം.
തലമുതിർന്ന അംഗമായ ടി.മോഹനനായിരുന്നു ഇന്നലെ മറ്റ് അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കേണ്ടത്.
ഇദ്ദേഹത്തിന്റെ അഭാവത്തിൽ മറ്റൊരു അംഗമായ ജോസ് നിലമ്പനാട്ടാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. കഴിഞ്ഞ തവണ ബിജെപി വിജയിച്ച എടുത്തുംകുന്ന് വാർഡിൽ നിന്നാണ് എൽഡിഎഫിലെ ടി.മോഹനൻ പഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

