വയനാട്ടിലെ തോട്ടങ്ങളിൽ പാഴായിപ്പോകുന്ന ചക്കയ്ക്ക് അയൽസംസ്ഥാനമായ കർണാടകയിൽ വലിയ വിപണി സാധ്യതയാണ് തെളിയുന്നത്. ദിവസേന ലോഡ് കണക്കിന് ചക്കയാണ് അതിർത്തി കടന്ന് കർണാടകയിലെ പ്രധാന വിപണികളിലേക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും എത്തിക്കൊണ്ടിരിക്കുന്നത്.
പഴുത്ത ചക്കയും ചുളകളും പച്ചച്ചക്കയുമെല്ലാം വൻതോതിൽ അവിടെ വിറ്റഴിക്കപ്പെടുന്നുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളോട് ചേർന്നുള്ള പാതയോരങ്ങളിൽ ചക്ക വാങ്ങാനായി വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
നിലവിൽ 5 ചുള ചക്കയ്ക്ക് 30 രൂപയാണ് വില ഈടാക്കുന്നത്; അതായത് ഒരു ചക്കച്ചുളയ്ക്ക് 6 രൂപ നിരക്കിൽ. ഒരു ചക്ക മുറിച്ച് വിൽക്കുമ്പോൾ വ്യാപാരികൾക്ക് ലഭിക്കുന്ന വരുമാനം 500 രൂപയിലധികമാണ്.
എന്നാൽ, ഇത് ഉൽപ്പാദിപ്പിക്കുന്ന വയനാട്ടിലെ കർഷകർക്ക് ലഭിക്കുന്നത് വെറും 20 രൂപ മാത്രമാണ്. വയനാട്ടിൽ നിന്നുള്ള ചക്ക ഉത്തരേന്ത്യൻ വിപണികളിലേക്കും ഇപ്പോൾ വ്യാപകമായി എത്തുന്നുണ്ട്.
ഇടിച്ചക്ക, പച്ചച്ചക്ക, പഴുത്ത ചക്ക എന്നിങ്ങനെ തരംതിരിച്ചാണ് ലോറികളിൽ ഇവ കൊണ്ടുപോകുന്നത്. വേനൽച്ചൂടിൽ ചക്ക കേടുപാടുകൾ കൂടാതെ എത്തിക്കാൻ ഐസ് പാളികൾ നിരത്തിയാണ് ലോഡുകൾ തയ്യാറാക്കുന്നത്.
വർഷംതോറും ഇത്തരത്തിൽ നിരവധി ലോഡ് ചക്കയാണ് ജില്ലയിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നത്. എന്നാൽ, ജില്ലയിൽ ഉൽപ്പാദിപ്പിക്കുന്ന ചക്കയുടെ നല്ലൊരു ഭാഗവും മതിയായ സംസ്കരണ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ തോട്ടങ്ങളിൽ തന്നെ പഴുത്ത് നശിക്കുകയാണ്.
ജൈവരീതിയിൽ ഉൽപ്പാദിപ്പിക്കുന്ന ചക്കയും മറ്റ് പഴവർഗങ്ങളും സംസ്കരിച്ച് വിപണനം ചെയ്യാനുള്ള സംവിധാനങ്ങൾ ജില്ലയിൽ അപര്യാപ്തമാണ്. പഴവിള കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ സർക്കാർ പദ്ധതികൾ നിലവിലുണ്ടെങ്കിലും, അവയുടെ വിപണനവും സംസ്കരണ സാധ്യതകളും ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിൽ വലിയ വീഴ്ച സംഭവിക്കുന്നുണ്ടെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

