ബത്തേരി ∙ നിർമാണം പൂർത്തിയാക്കാത്തതിനെ തുടർന്ന് ഒട്ടേറെ ആക്ഷേപങ്ങൾ കേട്ട ബത്തേരി ഗെസ്റ്റ് ഹൗസ് പുതിയ ബ്ലോക്ക്, ഒടുവിൽ ഉദ്ഘാടനം ചെയ്ത് 40 ദിവസം പിന്നിട്ടിട്ടും തുറന്നു പ്രവർത്തിപ്പിക്കാൻ നടപടികളായില്ല.
തിരഞ്ഞെടുപ്പിനു മുന്നോടിയായി കഴിഞ്ഞ മാർച്ച് 12ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം നടത്തിയ ഗെസ്റ്റ് ഹൗസ് കെട്ടിടമാണ് ഇനിയും തുറന്നു കൊടുക്കാത്തത്. സുരക്ഷാ ക്രമീകരണങ്ങളുടെ അന്തിമ അനുമതി കൂടി ലഭിക്കാനുള്ളതിലാമാണ് ഗെസ്റ്റ് ഹൗസ് തുറക്കാത്തതെന്നാണ് വിവരം.
തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് ഇതെന്നാണ് അധികൃതരുടെ ന്യായമെങ്കിലും കഴിഞ്ഞ 16 വർഷം നീണ്ട
നിർമാണപ്രവൃത്തികളെക്കുറിച്ചോർക്കുമ്പോൾ ഇതിൽ വലിയ അത്ഭുതമൊന്നുമില്ല.അഗ്നിരക്ഷ, കെഎസ്ഇബി വകുപ്പുകളുടെ പ്രവർത്തനാനുമതിയാണ് പ്രധാനമായും ഇനി വേണ്ടത്. ഓൺലൈനായി ബുക്കു ചെയ്യുന്നതിനുള്ള വെബ്സൈറ്റും സജ്ജമാകേണ്ടതുണ്ട്.
വി.എസ്.
അച്യുതാനന്ദൻ സർക്കാരിന്റെ അവസാന സമയത്ത് 2010– 11 ൽ അന്നത്തെ ടൂറിസം മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനാണ് നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. 2 വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പണി നീണ്ടുപോയത് ഒന്നും രണ്ടുമല്ല 16 വർഷമാണ്.
48 എക്സിക്യൂട്ടീവ് മുറികളും 4 വിഐപി സ്യൂട്ട് മുറികളും 100 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാളും അടങ്ങിയതാണ് ഗെസ്റ്റ് ഹൗസ്.
ഇൻഡിഗോ ആർക്കിടെക്ട് മുഖേന രൂപകൽപന ചെയ്ത പദ്ധതി പൊതുമേഖലാ സ്ഥാപനമായ കിറ്റികോ ലിമിറ്റഡാണ് നിർമാണത്തിന് നേതൃത്വം നൽകിയത്. 21.16 കോടി ചെലവിൽ 3 ഘട്ടങ്ങളിലായാണ് നിർമാണ പ്രവൃത്തികൾ പൂർത്തീകരിച്ചത്.
പ്രവൃത്തി ഒന്നര പതിറ്റാണ്ടിലധികം നീണ്ടുപോയതിനാൽ ചെലവ് കുത്തനെ കൂടിയെന്നതിനു പുറമേ ഒട്ടേറെ പുനർ പ്രവൃത്തികളും വേണ്ടി വന്നു. തുറക്കുന്നത് ഇനിയും നീണ്ടു പോയാൽ മുറികളുടെയെല്ലാം പുതുമ നഷ്ടപ്പെടുകയും ചെയ്യും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

