പിണറായി ∙ കാട്ടുപന്നി ഓട്ടോറിക്ഷ മറിച്ചിട്ടതിനെത്തുടർന്ന് ഗുരുതരമായി പരുക്കേറ്റ് ഓടയിൽ വീണുകിടന്ന ഓട്ടോ ഡ്രൈവർക്ക് രക്ഷകനായി തിരുവനന്തപുരം സ്വദേശിയായ അജ്ഞാതൻ. ഇന്നലെ പുലർച്ചെ ഒരു മണിയോടെ കുഞ്ഞിപ്പള്ളിക്ക് സമീപമാണ് റോഡിന് കുറുകെ ഓടിയ കാട്ടുപന്നി ഡ്രൈവറുടെ കാബിനിലേക്ക് ഓടിക്കയറിയത്.
ഓട്ടോയ്ക്കകത്ത് കുടുങ്ങിയ പന്നി വണ്ടി മറിച്ചിട്ടു രക്ഷപ്പെട്ടു. തെറിച്ചു വീണു നടുവിനും കൈകാലുകൾക്കും പരുക്കേറ്റ് അനങ്ങാനാവാതെ ഓടയിൽ കിടന്ന ഡ്രൈവർ കതിരൂർ കൂറ്റ്യേരിച്ചാൽ കുന്നുമ്മൽ ഹൗസിൽ ശ്രീകാന്തിനാ(33)ണ് തിരുവനന്തപുരം സ്വദേശിയായ കാർ യാത്രക്കാരൻ രക്ഷകനായത്.
റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്രക്കാരനെ പിണറായിയിൽ ഇറക്കി തിരിച്ചു വരികയായിരുന്നു ശ്രീകാന്ത്.
ഇതിനിടയിലാണ് അപകടം. പിന്നീട് ഇതുവഴി കാറിൽ എത്തിയ അജ്ഞാതൻ മറിഞ്ഞ വണ്ടിക്കടുത്ത് ഡ്രൈവർ വീണു കിടക്കുന്നത് കണ്ട് കാറിൽ എടുത്തുകയറ്റി ഉടനെ പിണറായി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചു.
വേദനയിൽ പുളയുകയായിരുന്ന ശ്രീകാന്തിന് രക്ഷകനായ ആളോട് ആ സമയം ഊരും പേരും ചോദിക്കാൻ ആവുമായിരുന്നില്ല. എന്നാൽ അത്യാഹിത വിഭാഗത്തിലെ ഡോക്ടർ ചോദിച്ചപ്പോൾ തിരുവനന്തപുരം സ്വദേശിയാണെന്ന് പറഞ്ഞുകേട്ടതായി ശ്രീകാന്ത് പറഞ്ഞു.
ഏതാനും ദിവസം മുൻപ് പത്രവിതരണത്തിന് പോയ ആളുടെ സ്കൂട്ടറിൽ കാട്ടുപന്നി ഇടിച്ചു പത്രവിതരണക്കാരന് സാരമായി പരുക്കേറ്റിരുന്നു.
കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ പന്നികളെ തുരത്താൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

