തിരുവിതാംകൂറിൽ നിന്ന് മലബാറിലേക്ക് ജനങ്ങൾ കുടിയേറിപ്പാർത്തതിന്റെ ശതാബ്ദി വർഷത്തിലേക്ക് കടക്കുമ്പോൾ, അന്നത്തെ കഷ്ടപ്പാടുകളുടെയും അതിജീവനത്തിന്റെയും കഥകളുമായി ആദ്യകാല കുടിയേറ്റക്കാരുടെ പിൻതലമുറ രംഗത്ത്. 1926-ൽ കോട്ടയം അയ്മനം സ്വദേശി ഔസേപ്പ് കോഴിക്കോട് കുറ്റ്യാടിക്ക് സമീപം മൂന്നാംകൈയിൽ സ്ഥലം വാങ്ങിയതാണ് തെക്കുനിന്നു മലബാറിലേക്കുള്ള പ്രയാണത്തിന്റെ തുടക്കമെന്നാണ് ചരിത്രരേഖകൾ വ്യക്തമാക്കുന്നത്.
ഈ യാത്രയിൽ കുടുംബത്തിലെ ഏഴുപേരെ മലമ്പനി മൂലം നഷ്ടപ്പെട്ട ഔസേപ്പ് ഒടുവിൽ വെറുംകയ്യോടെ നാട്ടിലേക്ക് മടങ്ങേണ്ടി വരികയും ചെയ്തു.
ഇതേ വർഷം തന്നെ കരിപ്പാപ്പറമ്പിൽ, മാളിയേക്കൽ കുടുംബങ്ങളും പാലക്കാട് മണ്ണാർക്കാട്ടേക്കും കുടിയേറുകയുണ്ടായി. മലബാർ കുടിയേറ്റത്തിന്റെ നാൾവഴികൾ പരിശോധിക്കുമ്പോൾ, 1926-ൽ കുറ്റ്യാടിയിലും മണ്ണാർക്കാട്ടുമാണ് തുടക്കമെങ്കിലും 1928-ൽ കോളയാട്, ആലക്കോട്, പേരാവൂർ, വായാട്ടുപറമ്പ് എന്നിവിടങ്ങളിലും ആളുകളെത്തി.
തുടർന്ന് കുളത്തുവയൽ, മാനന്തവാടി (1930), എടൂർ (1941), തിരുവമ്പാടി (1942), ചെമ്പേരി, രാജപുരം (1943), കോടഞ്ചേരി (1944), തോമാപുരം (1945) എന്നിവിടങ്ങളിലും തിരുവിതാംകൂറിൽ നിന്ന് വലിയ തോതിൽ ജനങ്ങളെത്തി. പിന്നീട് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമാണു കുടിയേറ്റം കൂടുതൽ വ്യാപകമായത്.
യുദ്ധക്കെടുതിയെ തുടർന്ന് രൂക്ഷമായ ഭക്ഷ്യക്ഷാമം നേരിട്ടതോടെ തിരുവിതാംകൂറിൽ ജീവിതം ദുസ്സഹമായവരാണ് അഭയം തേടി മലബാറിലെത്തിയത്. നാട്ടിലെ സ്വത്തുക്കൾ തുച്ഛമായ വിലയ്ക്ക് വിറ്റും പണയം വെച്ചുമെത്തിയവരെ കാത്തിരുന്നത് വന്യമൃഗങ്ങളും മാറാവ്യാധികളും നിറഞ്ഞ കൊടിയ ദുരിതങ്ങളായിരുന്നു.
എന്നാൽ പ്രതിസന്ധികൾക്ക് മുന്നിൽ തളരാതെ അവർ മലബാറിലെ തരിശുഭൂമിയിൽ കപ്പക്കൃഷിയിറക്കി പട്ടിണിയെ നേരിട്ടു. പിന്നീട് കരനെൽക്കൃഷിയും തുടർന്ന് തെങ്ങ്, കവുങ്ങ്, കുരുമുളക് എന്നിവയും കൃഷിയിടങ്ങളെ സമൃദ്ധമാക്കി.
ഒടുവിൽ റബർ കൂടി എത്തിയതോടെ കാർഷിക ഉൽപ്പന്നങ്ങൾക്ക് മികച്ച വില ലഭിച്ചുതുടങ്ങി. അങ്ങനെ ആദ്യകാല ദുരിതങ്ങളുടെ മേൽ സന്തോഷത്തിന്റെ സൂര്യനുദിച്ചെങ്കിലും, അന്നത്തെ ആ പ്രയാസങ്ങളുടെ ഓർമ്മകൾ ഇന്നും പുതിയ തലമുറയ്ക്കും മായാതെ കൂടെയുണ്ട്.
1940-50 കളിലാണ് കുടിയേറ്റം അതിന്റെ പാര്ട്ട്യത്തിലെത്തിയത്. പിന്നീട് 1970-കളിൽ ഇത് മന്ദഗതിയിലാവുകയും 1980-ൽ പൂർണ്ണമായി നിലയ്ക്കുകയും ചെയ്തു.
നിലമ്പൂരിലെ ആദ്യ താരങ്ങൾ
നാടിന് അറിവ് പകരാനായി എത്തിയ നാല് സഹോദരിമാരും അവരുടെ അമ്മയുമാണ് നിലമ്പൂരിന്റെ കുടിയേറ്റ ചരിത്രത്തിലെ ആദ്യ സാന്നിധ്യം. അന്നവർ വീടിന് നൽകിയ പേര് ഇന്നും അതേപടി സംരക്ഷിച്ചുപോരുന്നുണ്ട് പിൻമുറക്കാർ.
നിലമ്പൂർ ജനതപ്പടിയിലെ ‘കാത്തലിക് ഹൗസ്’ എന്ന വീട്ടിലിരുന്ന് റിട്ടയേർഡ് കേണൽ സാൻജോ ആ പഴയ കാലഘട്ടം ഓർത്തെടുക്കുന്നു. “ഏറനാട് മേഖലയിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് 1928-ൽ തൃശൂർ ചിറ്റാട്ടുകര വടുക്കൂട്ടു കുടുംബത്തിലെ മറിയക്കുട്ടി, ത്രേസ്യ, കുഞ്ഞേത്തി, ഫിലോമിന എന്നീ സഹോദരിമാർ വിദ്യാഭ്യാസ സന്നദ്ധ സേവകരായി അമ്മ അന്നമ്മയ്ക്കൊപ്പം നിലമ്പൂരിലേക്കു വണ്ടി കയറിയത്.” നാലുപേരും അധ്യാപന കോഴ്സ് പൂർത്തിയാക്കിയവരായിരുന്നു.
ഷൊർണൂർ – നിലമ്പൂർ റെയിൽപാത യാഥാർത്ഥ്യമായതിനാൽ ട്രെയിൻ മാർഗ്ഗമാണ് അവർ എത്തിയത്. നിലമ്പൂർ, വീട്ടിക്കുത്ത്, മമ്പാട്, തിരുവാലി എന്നിവിടങ്ങളിലായി അവർ കുട്ടികൾക്ക് വിദ്യാഭ്യാസം പകർന്നുനൽകി.
ജനതപ്പടിയിൽ 15 രൂപ നൽകി വാങ്ങിയ 15 സെന്റ് സ്ഥലത്ത് വീടുപണിത് അതിന് ‘കാത്തലിക് ഹൗസ്’ എന്ന് നാമകരണം ചെയ്തു. നിലമ്പൂരിലെ ആദ്യ കത്തോലിക്കാ വിഭാഗക്കാർ എന്ന നിലയിലാണ് വീടിന് ആ പേര് ലഭിച്ചത്.
പിന്നീട് ഇവരുടെ സഹോദരന്മാരായ മാത്യുവും വർഗീസും നിലമ്പൂരിലെത്തി. എന്നാൽ 1940-ൽ അന്നമ്മയും തുടർന്ന് മാത്യുവും വർഗീസും മലമ്പനി ബാധിച്ചു മരണപ്പെട്ടു.
തുടർന്ന് നാല് സഹോദരിമാരും ചേർന്ന് മാത്യുവിന്റെ മകൻ കുര്യനെ സ്വന്തം മകനായി വളർത്തി. പ്ലാന്റേഷൻ കോർപ്പറേഷൻ മാനേജരായിരുന്ന കുര്യന്റെ മകനാണ് സാൻജോ.
നിലമ്പൂരിലെ ആദ്യ കുടിയേറ്റക്കാർ സേവന പ്രവർത്തനങ്ങളുമായിട്ടാണ് എത്തിയതെങ്കിൽ, പിന്നീട് മധ്യതിരുവിതാംകൂറിൽ നിന്ന് വലിയൊരു വിഭാഗം ആളുകളെത്തിയതോടെ കൃഷിയും കുടിയേറ്റത്തിന്റെ പ്രധാന മുഖമായി മാറി. ആലക്കോട്ടെത്തിയ തുടക്കം
“പേരപ്പൻ മത്തായിക്ക് കൂട്ടുപോയതായിരുന്നു അപ്പൻ ചിറപ്പുറത്ത് കുര്യാക്കോസ്.
1957-ൽ ആലക്കോട്ടെത്തി തിരിച്ചുപോകാനൊരുങ്ങുമ്പോൾ പേരപ്പൻ സങ്കടപ്പെട്ടു. എന്നെ ഒറ്റയ്ക്കിട്ടു പോകുവാണോ എന്നു ചോദിച്ചപ്പോൾ അപ്പൻ ആ കണ്ണീരിൽ വീണു.
അങ്ങനെ അപ്പനും ആലക്കോട്ടേക്ക് കുടിയേറി”- കണ്ണൂർ ആലക്കോട്ടെ ആദ്യകാല കുടിയേറ്റ കുടുംബത്തിലെ അംഗമായ സി.കെ. മാത്യു ചിറപ്പുറം ഓർക്കുന്നു.
91-ാം വയസ്സിലും കൃഷിയുമായി സജീവമാണ് മാത്യു. അപ്പനോടൊപ്പം എത്തിയ മാത്യുവിന്റെ അഞ്ചാം തലമുറയാണ് ഇപ്പോൾ ഈ കുടുംബത്തിൽ ഉള്ളത്.
“അപ്പൻ കുര്യാക്കോസും അമ്മ മറിയവും ചെറിയ പെങ്ങൾ ചിന്നമ്മുമാണ് ആദ്യം ആലക്കോട്ടേക്ക് എത്തുന്നത്. കോട്ടയം അരുവിക്കുഴിയിൽ പലചരക്ക് കച്ചവടമായിരുന്നു ഞങ്ങൾക്ക്.
ആലക്കോട്ടെത്തിയ അപ്പൻ ആദ്യം ഒരു ഏക്കർ സ്ഥലമാണ് വാങ്ങിയത്. 175 രൂപയായിരുന്നു വില.
അവിടെ ചെറിയൊരു വീട് നിർമ്മിച്ചതോടെ അരുവിക്കുഴിയിലെ സ്ഥലവും കടയും വിറ്റ് ഞങ്ങളോടും അവിടേക്ക് പോരാൻ ആവശ്യപ്പെട്ടു. അങ്ങനെ നാലേക്കർ സ്ഥലം 8000 രൂപയ്ക്ക് വിറ്റ് 1958-ൽ ഞാൻ ഭാര്യ ഏലിക്കുട്ടി, മകൾ മേഴ്സി, സഹോദരങ്ങളായ മറിയം, ത്രേസ്യാമ്മ, കുര്യാക്കോസ് എന്നിവരെയും കൂട്ടി ആലക്കോട്ടേക്ക് യാത്രയായി.
അപ്പന്റെ സഹോദരൻ തോമസും കുടുംബവും തൊട്ടുപിന്നാലെ അവിടെയെത്തി.” കോട്ടയത്തുനിന്ന് കണ്ണൂർ വരെ ട്രെയിനിലും അവിടെനിന്ന് തളിപ്പറമ്പ് വരെ ബസിലുമായിരുന്നു അന്നത്തെ യാത്ര. പിന്നീട് ബാക്കി ദൂരം വാനിലായിരുന്നു.
വാൻ നിറയെ സാധനങ്ങൾ ഉണ്ടായിരുന്നതിനാൽ മുകളിൽ കയറി വേണം യാത്ര ചെയ്യാൻ. അക്കാലത്ത് കൂട്ടുകൃഷിയായിരുന്നു അവർ നടത്തിയിരുന്നത്.
വാട്ടുകപ്പ വിൽപന നടത്തിയാണ് ആദ്യകാലത്ത് ജീവിക്കാനുള്ള വരുമാനം കണ്ടെത്തിയിരുന്നത്. തളിപ്പറമ്പിൽ എത്തിച്ചാണ് ഇത് വിറ്റിരുന്നത്.
എരുമ വളർത്തലായിരുന്നു മറ്റൊരു പ്രധാന വരുമാനമാർഗം. കൈവശമുണ്ടായിരുന്ന ഏഴര ഏക്കർ സ്ഥലത്തും അവർ കൃഷിയിറക്കി.
പിന്നീട് കുരുമുളകും റബറുമാണ് പ്രധാന വരുമാന മാർഗ്ഗമായി മാറിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

