സംസ്ഥാനത്തെ മാളുകളിലും മൾട്ടിപ്ലക്സ് തിയറ്ററുകളിലും കുപ്പിവെള്ളത്തിനും മറ്റ് ഭക്ഷ്യവസ്തുക്കൾക്കും അമിതവില ഈടാക്കുന്നതായി വ്യാപക പരാതി ഉയർന്നിട്ടുണ്ട്. ഇത്തരത്തിൽ ചട്ടങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫിസർ ഔദ്യോഗികമായി അറിയിച്ചു.
പരാതികളുടെ അടിസ്ഥാനത്തിൽ കൽപറ്റയിൽ പ്രവർത്തിക്കുന്ന പ്രമുഖ സിനിമാ തിയറ്ററിൽ അധികൃതർ നേരിട്ട് പരിശോധന നടത്തി. ജില്ലാ സപ്ലൈ ഓഫിസർ ഇൻ-ചാർജ് പി.എസ്.പ്രവീൺന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
തിയറ്ററുകളിൽ ചായ, കാപ്പി, സ്നാക്സ്, പോപ്കോൺ തുടങ്ങിയവയുടെ വിലവിവരപ്പട്ടിക ഉപഭോക്താക്കൾക്ക് വ്യക്തമായി കാണാൻ കഴിയുന്ന രീതിയിൽ പ്രദർശിപ്പിച്ചിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. ഇതിനെ തുടർന്ന് ബന്ധപ്പെട്ടവർക്കെതിരെ ഉചിതമായ നടപടി സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി.
ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി വരുന്ന ദിവസങ്ങളിലും പരിശോധനകൾ കർശനമായി തുടരുമെന്ന് സപ്ലൈ ഓഫിസ് അറിയിച്ചു. നിയമലംഘനം ആവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പരിശോധനാ സംഘത്തിൽ ഫുഡ് സേഫ്റ്റി ഓഫിസർ നിഷ.പി.മാത്യു, ലീഗൽ മെട്രോളജി ഉദ്യോഗസ്ഥൻ സുബൈർ, റേഷനിങ് ഇൻസ്പെക്ടർ യു.ധന്യ എന്നിവരും സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

