പുൽപള്ളി ∙ ആചാരങ്ങളും ആഘോഷങ്ങളും അണുവിട തെറ്റിക്കാതെ കബനിയുടെ ഇരുകരകളിലും കല്യാണമേളം.
നൂറ്റാണ്ടിനുമുൻപ് കബനിക്കരയിലേക്കു കുടിയേറിയ വേടെഗൗഡ സമുദായമാണ് ഇപ്പോഴും തങ്ങളുടെ പാരമ്പര്യങ്ങളെ മുറുകെപിടിച്ച് വിവാഹങ്ങൾ നടത്തുന്നത്. സമുദായത്തിലെ ആബാലവൃദ്ധം ആളുകളും പങ്കെടുക്കുന്ന ആഘോഷമാണിത്.പെണ്ണുകണ്ട് കല്യാണമുറപ്പിച്ചാൽ പിന്നെ വധൂവരൻമാരുടെ വീടുകളിൽ കല്യാണത്തിനുള്ള ഒരുക്കങ്ങളാരംഭിക്കും.
സദ്യയ്ക്കുള്ള സാധനങ്ങളും വിറകുമെല്ലാം ഒരുക്കിവയ്ക്കും.
കൃഷിയും കാലിവളർത്തലും നെഞ്ചോടുചേർത്ത കാർഷിക സംസ്കാരമുള്ള സമുദായമാണിത്. വിവാഹ ചടങ്ങുകളിലും കാർഷിക സംസ്കാരത്തിന്റെ നേർക്കാഴ്ചകൾ കാണാനാവും.
താളമേളങ്ങളുടെ അകമ്പടിയോടെ വരൻ വധൂഗൃഹത്തിലെത്തുന്നത് കാളപ്പുറത്താണ്. വധൂഗൃഹത്തിലെ പന്തലിൽ അളക്കാനുള്ള നെല്ലും കാളപ്പുറത്തുണ്ടാവും.
വരൻ വധൂഗൃഹത്തിലെത്തിയ ശേഷം വധൂഗൃഹത്തിലെ 7 പെൺകുട്ടികൾ തൊട്ടടുത്തുള്ള നദിയിലോ, കിണറ്റിലോ പോയി കുടങ്ങളിൽ ശുദ്ധജലമെത്തിക്കും. ഈ വെള്ളമുപയോഗിച്ചാണ് പൂജകൾ നടത്തുക.
കാളപ്പുറത്ത് എത്തിക്കുന്ന നെല്ല് വരൻ അളന്ന് അവകാശികൾക്ക് നൽകിയശേഷം വധൂവരൻമാർ പരമ്പരാഗത വേഷവിധാനങ്ങളോടെ കതിർമണ്ഡപത്തിലെത്തും.
താന്ത്രിക കർമങ്ങൾക്കുശേഷം താലികെട്ടും ദക്ഷിണ സ്വീകരിക്കലും. കടുംബാംഗങ്ങളെല്ലാം വധൂവരൻമാരുടെ തലയിൽ അരിമണിയും പൂക്കളുമിട്ട് അനുഗ്രഹിക്കും.
വധൂഗൃഹത്തിലെ ചടങ്ങുകൾക്കുശേഷവും താളമേളങ്ങളുടെ അകമ്പടിയോടെയാണ് വധൂവരൻമാരും വിരുന്നുകാരും വരന്റെ വീട്ടിലേക്ക് മടങ്ങുക. വരന്റെ വീട് സമീപത്താണെങ്കിൽ ഘോഷയാത്രയായി നടന്നുപോകും.
ദൂരെയാണെങ്കിൽ വാഹനങ്ങളിലെത്തി ഒന്നിച്ചു പന്തലിൽ പ്രവേശിക്കും. വന്നവർക്കെല്ലാം വിരുന്നുനൽകി മടക്കി അയയ്ക്കും.
പാവപ്പെട്ടവരുടെ കല്യാണവും ആഘോഷമായിട്ടാണ് നടത്തുന്നത്. സമുദായത്തിലെ ഭൂരിഭാഗം കുടുംബങ്ങളും പങ്കെടുക്കും.എല്ലാവർക്കും സംബന്ധിക്കാൻ സാധിക്കുംവിധത്തിൽ മറ്റുവീടുകളിലെ കല്യാണം തീരുമാനിക്കും.
ദീപാവലിക്കുശേഷമുള്ള മൂരിഅബ്ബ ആഘോഷത്തിനുശേഷം കല്യാണവീടുകളിലാണ് ബന്ധുക്കൾ ഒത്തുകൂടുന്നത്.
മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് വിവാഹം. കർണാടകയിലെ എച്ച്.ഡി.കോട്ട
താലൂക്കിന്റെ വിവിധ സ്ഥലങ്ങളിലും ഇവിടെ കൊളവള്ളി മുതൽ മരക്കടവ് വരെയുള്ള തീരപ്രദേശങ്ങളിലും ബാവലി, തിരുനെല്ലി പ്രദേശങ്ങളിലുമാണ് ഈ സമുദായമുള്ളത്. ചിത്രദുർഗയിൽ നിന്നു കൃഷി, കന്നുകാലി വളർത്തൽ സാധ്യത കണക്കിലെടുത്താണ് ഇവരുടെ പൂർവികർ കബനിയുടെ ഇരുകരകളിലും വാസമുറപ്പിച്ചതെന്നു പറയുന്നു.
ലാഭ നഷ്ടങ്ങൾ നോക്കാതെ മുതിർന്ന കർഷകർ കൃഷിയിൽ സജീവമാണ്.കാർഷിക തകർച്ചയെ തുടർന്ന് യുവതലമുറയാവട്ടെ മറ്റുരംഗങ്ങളിലേക്കുമാറുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

