അറുതിയില്ലാത്ത വന്യജീവിശല്യത്തോടൊപ്പം സങ്കീർണമായ ഭൂനിയമങ്ങളും നിയമക്കുരുക്കുകളും ഗൂഡല്ലൂർ ജനതയുടെ ജീവിതം വഴിമുട്ടിക്കുകയാണ്. ഏറ്റവും ഒടുവിൽ തമിഴ്നാട് സർക്കാർ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലുള്ളതു ഗൂഡല്ലൂരുകാരെ കുടിയിറക്കിന്റെ വക്കിലേക്കെത്തിക്കാവുന്ന പരാമർശങ്ങളാണ്.
താലൂക്കിന്റെ 70 ശതമാനം ഭൂമിയും വനമാക്കി മാറ്റാനുള്ള നീക്കം നടക്കുന്നതായാണ് ആരോപണം. ഗൂഡല്ലൂരിലെ ഭൂപ്രശ്നങ്ങളെക്കുറിച്ചു മനോരമ പരമ്പര ഇന്നുമുതൽ
ഗൂഡല്ലൂർ ∙ ചരിത്രമുറങ്ങുന്ന ഗൂഡല്ലൂർ മണ്ണ് നാടുവാഴികളുടെയും രാജാക്കൻമാരുടെയും ഈസ്റ്റ് ഇന്ത്യ കമ്പനിയുടെയും പിടിച്ചടക്കലിന്റെ രക്തരൂക്ഷിതമായ കഥകൾ നിറഞ്ഞതാണ്.
വനം വെട്ടിത്തെളിച്ച് കൃഷി ചെയ്യാനെത്തിയവർ രാജാവിന് കപ്പം കൊടുത്തിരുന്നു. കപ്പം പിരിക്കാൻ നാടുവഴികൾക്ക് രാജാവ് അധികാരം കൊടുത്തു.
കൃത്യമായി കപ്പം കൊടുക്കാൻ കഴിയാത്ത കർഷകനെ കുതിരപ്പുറത്ത് എത്തിയ നാടുവാഴിയുടെ അനുചരൻമാർ കൃഷി ചെയ്ത മണ്ണിൽ നിന്ന് അടിച്ച് പുറത്താക്കി. കർഷകന്റെ വിയർപ്പിൽ വളർന്ന വൃക്ഷങ്ങൾ അവന് തണലേകിയില്ല.
വേദനയോടെ കിടപ്പാടം നഷ്ടപ്പെട്ട കർഷകൻ ഭാര്യയും കുഞ്ഞുങ്ങളുമായി പെരുവഴിയിലേക്കിറങ്ങി.
കപ്പം പണം മാത്രമല്ലയാരുന്നു. മണ്ണിൽ പൊരുതി നേടിയ വിളകളും ജന്മിക്ക് നൽകണം.
വന്യമൃഗങ്ങളുടെ ശല്യവും മാരകമായ മലമ്പനിയും അവർക്കു വെല്ലുവിളിയായി. കൊതുകിൽ നിന്നും പടർന്നിരുന്ന മലമ്പനിക്ക് മരുന്നില്ല.
പനിച്ച് വിറച്ച് മരണം ഉറപ്പ്. കന്നിമണ്ണിൽ വേരുറയ്ക്കാൻ ഒരു തലമുറയുടെ യാതനകൾ കുറച്ചൊന്നുമല്ല.
അന്നു ഇന്നും കർഷകന്റെ കണ്ണീരിൽ കുതിർന്ന മണ്ണാണിത്.
ഗോത്ര രാജാവും മൈസൂരു രാജാക്കൻമാരും കോട്ടയം രാജാവും 18ാം നൂറ്റാണ്ടിൽ ഹൈദരലിയും ടിപ്പു സുൽത്താനും അവസാനമായി ബ്രിട്ടീഷുകാരും ഭരിച്ച നാടാണ് ഗൂഡല്ലൂർ. വയനാടിന്റെ ചരിത്രത്തിലലിഞ്ഞു ചേർന്ന ഭൂമി.
സ്വർണം തേടിയെത്തിയ ഈസ്റ്റ് ഇന്ത്യ കമ്പനി തേയില തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും ഗൂഡല്ലൂരിൽ സ്ഥാപിച്ചതോടെ ഗൂഡല്ലൂർ കൃഷിമേഖലയിലേക്ക് മാറി. ദേവലയിലും പന്തല്ലൂരിലും മണ്ണിൽ സ്വർണ നിക്ഷേപം കണ്ടതോടെ സ്വർണ ഖനനത്തിനായി ബ്രീട്ടീഷുകാരെത്തി.
കൂറ്റൻ യന്ത്രങ്ങൾ സ്ഥാപിച്ച് മണ്ണ് തുരന്ന് തുരങ്കങ്ങൾ നിർമിച്ചു ഇവിടുത്തെ മണ്ണിൽ നിന്നും എടുത്ത സ്വർണം ലാഭകരമല്ലാതെ വന്നതോടെ പദ്ധതി ഉപേക്ഷിച്ചു. പകരം തോട്ടം നിർമാണത്തിലേക്ക് ചുവട് ഉറപ്പിച്ചു.
1819 ൽ നീലഗിരിയെ കണ്ടെത്തി ജില്ലയുടെ കലക്ടറായി ജോൺ സള്ളിവൻ ചുമതലയേറ്റ സമയത്ത് ഈസ്റ്റ് ഇന്ത്യ കമ്പനിക്കായി തോട്ടങ്ങൾ പിടിപ്പിക്കുന്നതിനായി നീലഗിരിയിലെത്തിയ അദ്ദേഹത്തിന്റെ സുഹൃത്ത് ജെയിംസ് ഓച്ചർലോണിയാണ് ഗൂഡല്ലൂരിലെ വൻകിട തോട്ടങ്ങളിലൊന്നായ മഞ്ജുശ്രീ പ്ലാന്റേഷന്റെ സൃഷ്ടാവ്.
ഓ വാലിയുടെ കഥ ജന്മം ഭൂമിയുടെയും
1830കളിലെ ഒരു പ്രഭാതത്തിൽ നടുവട്ടത്തിന് മുകളിലുള്ള റോയൽ വാലിയിലെ ബംഗ്ലാവിലിരുന്ന് ബൈനോകുലറിലൂടെ നോക്കിയപ്പോൾ താഴെ കണ്ട
താഴ് വരയിൽ ഇംഗ്ലീഷിലെ ഒ എന്ന അക്ഷരത്തിന്റെ ആകൃതിയിലുള്ള സ്ഥലത്തെ അദ്ദേഹം ഒവാലി എന്ന് വിളിച്ചു. പിന്നെ കുതിരപ്പുറത്തേറി ആ കൊടും കാടിന്റെ നിഗൂഡതയിലേക്ക് ഇറങ്ങി വന്നു.
1845 ൽ അദ്ദേഹം ഓച്ചർ ലോണി കമ്പനി ഒൗദ്യോഗികമായി ആരംഭിച്ചു. നിലമ്പൂർ രാജാവായിരുന്ന തച്ചരക്കരി തിരുമുൽപാടിൽ നിന്ന് 1,500 രൂപയും 20 രൂപ വാർഷിക പാട്ടവും കണക്കാക്കി 21,000 ഏക്കർ സ്ഥലം കൃഷിക്കായി ഏറ്റെടുക്കുന്നു.
ജന്മം ഭൂമിയുടെ കഥ ഇവിടെ തുടങ്ങുകയാണ്.
ജയിംസ് ഓച്ചർ ലോണി മരിച്ചപ്പോൾ ജയിംസ് ഹെൻറി വാപ്പ്സർ കുടുംബം തോട്ടം ഏറ്റെടുത്തു. പിന്നീട് പിയേഴ്സ് ലെസ്ലി കമ്പനിയും, 1971 ൽ ബിർള ഗ്രൂപ്പിലെ മഞ്ചുശ്രീ പ്ലാന്റേഷനിലേക്കും തോട്ടം കൈമാറി.
ആദ്യ കർഷകരായ ഓച്ചർലോണിയും വാപ്സർ കുടുംബവും ഈ മണ്ണിലാണ് അന്ത്യ വിശ്രമം കൊള്ളുന്നത്. ഒട്ടേറെ കാലാവസ്ഥകൾ മാറി മറിയുന്ന പ്രദേശം.
കർണാടകയോട് ചേർന്ന കിടക്കുന്ന മഴനിഴൽ പ്രദേശം. നട്ടുച്ചയ്ക്കും തണുപ്പ് അരിച്ചിറങ്ങുന്നു.
മുകളിലേക്ക് നോക്കിയാൽ നീലനിറത്തിൽ മലമടക്കുകൾ.
നാടുവാഴികളായിരുന്ന നിലമ്പൂർ കോവിലകം, നടുവത്തൂർ മന, നെല്ലിയാളം റാണി എന്നിവരുടെ പക്കലുണ്ടായിരുന്ന ഭൂമിയിലാണ് കർഷകർ കൃഷി ചെയ്യുന്നത്. നിലമ്പൂർ കോവിലകവും നടുവത്തൂർ മനയും കേരളത്തിൽ നിന്നുള്ളവരാണെങ്കിൽ നെല്ലിയാളം റാണി മൈസൂരു രാജ വംശത്തിന്റെതായിരുന്നു.
2000 വരെ നെല്ലിയാളത്ത് കൊട്ടാരം ഉണ്ടായിരുന്നു. ഇവരുടെ പക്കൽ നിന്നു പാട്ട
വ്യവസ്ഥയിൽ ഏറ്റെടുത്ത മണ്ണിലാണ് കർഷകർ കൃഷി ചെയ്തിരുന്നത്. കൊടും കാട് വെട്ടിത്തെളിയിച്ച് കൃഷിയും നാടും നഗരവും സൃഷ്ടിച്ചതാണ് ഇവിടുത്തെ തലമുറ.
ഇതിന് നൂറ്റാണ്ടുകൾ പഴക്കമുണ്ട്. ഇവിടെ നിന്നു കാർഷിക വിളകൾ കടൽ കടന്ന് പോയി.
അന്ന് കൃഷി ചെയ്യണമെന്ന് ഭരണകൂടങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഭരണത്തിൽ സ്വാധീനം ചെലുത്താൻ കഴിയാത്തവർ കോടതിയിലെത്തുന്നു.
നിയമക്കുരുക്കിൽ പെട്ട് ഗൂഡല്ലൂർ ഭൂമി പ്രശ്നം സങ്കീർണമാകുന്നു.
നാളെ: ഭൂമിയുടെ അവകാശികൾ ആര്?
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

