റിപ്പൺ ∙ വാളത്തൂരിനെയും പരിസര പ്രദേശങ്ങളെയും വിറപ്പിച്ച പുലി ഒടുവിൽ കൂട്ടിൽ കുടുങ്ങി. ശനിയാഴ്ച രാത്രി പത്തോടെയാണ്, വാളത്തൂർ ടൗണിന് സമീപത്തെ കാപ്പിത്തോട്ടത്തിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത്. കഴിഞ്ഞ 2 മാസത്തിനിടെ മേഖലയിലെ ഒട്ടേറെ വളർത്തുമൃഗങ്ങളെ പുലി പിടികൂടിയിരുന്നു.
കഴിഞ്ഞദിവസം വാളത്തൂർ ചേനോത്ത് ശിഹാബിന്റെ ആടിനെ പുലി കൊന്നിരുന്നു. തുടർന്നാണു പുലിയെ പിടികൂടാനായി കഴിഞ്ഞ 4നു വൈകിട്ടോടെ വനംവകുപ്പ് കൂട് സ്ഥാപിച്ചത്.
പിന്നീട് തുടർച്ചയായ ദിവസങ്ങളിൽ പുലി കൂടിനു സമീപമെത്തിയിരുന്നെങ്കിലും കൂട്ടിൽ കയറിയിരുന്നില്ല.
അതേസമയം, പുലി കൂട്ടിലായെങ്കിലും നാട്ടുകാരുടെ ആശങ്ക ഒഴിഞ്ഞിട്ടില്ല. പുലി ശല്യം രൂക്ഷമായ മേഖലയാണിത്.
സമീപത്തെ വനമേഖലയിൽ നിന്നാണു പുലികൾ അടക്കമുള്ള വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്കിറങ്ങുന്നത്. മേഖലയിൽ ഒന്നിലധികം പുലികളുണ്ടെന്നാണു നാട്ടുകാർ പറയുന്നത്.
കഴിഞ്ഞ ജൂലൈയിൽ വാളത്തൂരിലെ ലാസ്റ്റ് ട്രാൻസ്ഫോമർ പരിസരത്തെ റിസോർട്ടിൽ 2 പുലികളെത്തിയിരുന്നു.
റിസോർട്ടിന്റെ ചില്ലുവാതിലിന് അരികിലെത്തി അകത്തേക്കു നോക്കുന്ന പുലികളുടെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മാസങ്ങൾക്കു മുൻപ്, പ്രദേശവാസിയായ മാർസി ഡിസിൽവയുടെ വീട്ടിലെ സിസിടിവിയിൽ ജനവാസ മേഖലയിലൂടെ നീങ്ങുന്ന പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.
ഗോത്ര ഉൗരുകൾ അടക്കമുള്ള മേഖലയിലാണു പുലി ഇറങ്ങിയത്. ജനവാസ മേഖലയിലൂടെ നീങ്ങിയ പുലി അന്നു വാളത്തൂർ–ആനടിക്കാപ്പ് റോഡിലുമെത്തിയിരുന്നു.
പുലി ശല്യത്തിനു ശാശ്വത പരിഹാരം കാണണമെന്നാണു നാട്ടുകാരുടെ ആവശ്യം.
നിരീക്ഷണത്തിന് ശേഷം പുലിയെ തുറന്നുവിടും
കൂട്ടിലായ പുലിയെ വനംവകുപ്പിന്റെ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി. ഇവിടെ പുലിയുടെ ആരോഗ്യസ്ഥിതി അടക്കം പരിശോധിച്ച ശേഷം അനുയോജ്യമായ ഉൾവനത്തിൽ തുറന്നുവിടും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

