പുളിഞ്ഞാൽ ∙ പ്രവൃത്തി ആരംഭിച്ചിട്ടു 5 വർഷം പിന്നിട്ടിട്ടും 5 കിലോമീറ്റർ റോഡ് നവീകരണം പൂർത്തിയാകാത്തതിനാൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി നാട്ടുകാർ. വെള്ളമുണ്ട–പുളിഞ്ഞാൽ–മൊതക്കര റോഡ് കടന്നു പോകുന്ന പ്രദേശത്തുള്ളവരാണു വൻ സമര പരിപാടികൾക്ക് ഒരുങ്ങുന്നത്.
പ്രതിഷേധങ്ങൾ ഒട്ടേറെ നടന്നിട്ടും റോഡ് നന്നാക്കാൻ അധികൃതർ തയാറാകാത്തതാണു പുതിയ സമര പരിപാടികൾ ആരംഭിക്കാൻ നാട്ടുകാരെ പ്രേരിപ്പിക്കുന്നത്. പ്രവൃത്തി പാതിവഴി നിലച്ച റോഡിൽ അപകടം പതിവായതിനെത്തുടർന്നു റോഡ് ഉപരോധം അടക്കമുള്ള സമരം സംഘടിപ്പിച്ചിരുന്നു.
തുടർന്നു നാട്ടുകാരുടെ പ്രതിഷേധം തണുപ്പിക്കാൻ അധികൃതർ റോഡിൽ പാറപ്പൊടി മിശ്രിതം പാകി.
തുടർ പ്രവൃത്തി നീണ്ടു പോയതോടെ പൊടിശല്യം രൂക്ഷമായി. ഇതു വൻ ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുകയാണ്.
പരാതി പറയാത്ത ഇടങ്ങൾ ഇല്ലെന്നും മുഖ്യമന്ത്രി, പ്രധാന മന്ത്രി എന്നിവർക്ക് പരാതികൾ അയച്ചിരുന്നെന്നും നാട്ടുകാർ പറയുന്നു. എന്നാൽ ബന്ധപ്പെട്ട
വകുപ്പിന് കൈമാറിയിട്ടുണ്ട് എന്ന മറുപടി മാത്രമാണ് തിരികെ ലഭിച്ചത്.
ഇതിനിടെ മൊതക്കര മുതൽ പുളിഞ്ഞാൽ വരെയുള്ള ഭാഗത്ത് ഒരു കിലോമീറ്റർ ദൂരം ടാറിങ് നടത്തിയെങ്കിലും മാസങ്ങൾക്കകം തന്നെ മിക്കയിടങ്ങളിലും തകർന്നു. മഴ മാറുന്നതോടെ പ്രവൃത്തി ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും അതും നടന്നില്ല.
ഇതിനെക്കുറിച്ചു അന്വേഷിച്ചപ്പോൾ അടുത്ത ആഴ്ച പ്രവൃത്തി പുനരാരംഭിക്കും എന്ന മറുപടിയാണു ലഭിച്ചത്. ഇതും പാലിച്ചില്ല എങ്കിൽ ഓഫിസ് ഉപരോധം അടക്കമുള്ള ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കാനാണു നാട്ടുകാരുടെ തീരുമാനം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

