പുൽപള്ളി ∙ ചുണ്ടക്കൊല്ലിയിൽ പത്മിനി നിവാസിൽ പ്രതാപന്റെ വീട്ടിലെ അലമാരകൾ കുത്തിപ്പൊളിച്ച് 19 പവൻ സ്വർണാഭരണങ്ങളും 80,500 രൂപയും കവർന്നു. ഞായറാഴ്ച രാത്രി 8.30നും 11.30നുമിടയിലായിരുന്നു കവർച്ച.
സീതാദേവി ക്ഷേത്ര ഉത്സവത്തിന്റെ താലംവരവ് കാണാൻ പ്രതാപനും ഭാര്യയും മകളും സഹോദരിയും പോയ സമയത്തായിരുന്നു കവർച്ച. വീടിന്റെ മുകൾനിലയിലെ വാതിൽ കുത്തിപ്പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ പൂട്ടിയിരുന്ന കിടപ്പുമുറിയും കുത്തിപ്പൊളിച്ച് അകത്തുകയറിയാണ് അലമാരയിലുണ്ടായിരുന്ന ആഭരണങ്ങളും പണവുമെടുത്തത്.
വീടിന്റെ പിൻഭാഗത്തെ ഭിത്തി വഴിയാണ് മോഷ്ടാവ് മുകൾനിലയിലെത്തിയതെന്നു സംശയിക്കുന്നു.
5 വളകൾ, 3 മാലകൾ, 7 ജോഡി കമ്മൽ, 2 ലോക്കറ്റുകൾ എന്നിവയാണ് നഷ്ടപ്പെട്ടത്. ഇതിൽ പ്രതാപന്റെ സഹോദരി രാധിക തുണിയിൽ പൊതിഞ്ഞുവച്ചിരുന്ന കമ്മലുമുൾപ്പെടും.
തിരുവനന്തപുരത്തുനിന്നെത്തിയ അവർ ഉത്സവത്തിനു പോകുന്നതിനാലാണ് കമ്മൽ അഴിച്ച് തുണിയിൽ പൊതിഞ്ഞ് അലമാരയിൽ സൂക്ഷിച്ചത്. നഷ്ടപ്പെട്ട
പണം മറ്റൊരു സഹോദരി പുത്രന് നൽകാൻ ഇന്നലെ വേറൊരാൾ എൽപിച്ചതായിരുന്നെന്ന് പ്രതാപൻ പറയുന്നു. വീടിനുള്ളിലെ എല്ലാ അലമാരകളും മോഷ്ടാക്കൾ തുറന്നു പരിശോധന നടത്തിയതായി സൂചനയുണ്ട്.
കേവലം 3 മണിക്കൂറിനുള്ളിലാണ് ടൗണിന്റെ വിളിപ്പാടകലെ കവർച്ചയുണ്ടായത്.
ഇവിടെ മോഷ്ടാവെത്തും മുൻപ് സമീപത്ത് തറവാട് പരിസരത്തും ആരോ എത്തിയതായി സംശയിക്കുന്നു. അന്വേഷണത്തിനെത്തിയ പൊലീസ് നായ പിങ്കി പ്രതാപന്റെ വീട്ടിൽ നിന്നു നേരെ തറവാട് ഭാഗത്തേക്കുപോയി മടങ്ങിയെത്തുകയായിരുന്നു.
അവിടെ വീട്ടുകാർ ഉറങ്ങാതെ വർത്തമാനം പറഞ്ഞിരിക്കുന്നുണ്ടായിരുന്നു. വളർത്തുനായയുമുള്ള വീടാണത്.
രാവിലെ പൊലീസ് സ്ഥലത്തെത്തി പരിശോധനയും അന്വേഷണവുമാരംഭിച്ചു.
പരിസരത്തെവിടെയും സിസിടിവിയില്ലാത്തതിനാൽ ആ വഴിക്കുള്ള അന്വേഷണം പ്രയാസത്തിലായി. പ്രതാപന്റെ വീടിനു മുന്നിലൂടെയുള്ള ചുണ്ടക്കൊല്ലി റൂട്ടിൽ നേരംപുലരുംവരെ ഉത്സവത്തിനു പോയി മടങ്ങുന്നവരുണ്ടായിരുന്നു.
വീടിനു പിൻഭാഗം ദേവസ്വംവക സ്ഥലവും കാടുമൂടിയ മിച്ചഭൂമിയുമാണ്. പുൽപള്ളി അങ്ങാടിയിൽ നിന്നു വയൽകടന്ന് ഇവിടേക്ക് എളുപ്പമെത്താനും സാധിക്കും.
ഡോഗ് സ്ക്വാഡിനു പുറമെ ഫൊറൻസിക് വിഭാഗവും തെളിവെടുപ്പു നടത്തി. ഇതിൽനിന്നു ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം തുടരുകയെന്ന് പൊലീസ് പറഞ്ഞു.
മോഷ്ടാക്കളുടെ അഴിഞ്ഞാട്ടം; 3 പേരുടെ മാല പൊട്ടിച്ചു
ഉത്സവമേളത്തിനും തിരക്കിനുമിടയിൽ ടൗണിലും ക്ഷേത്രമൈതാനത്തുമായി 3 പേരുടെ മാലകൾ പൊട്ടിച്ചതായി പരാതി.
വിവിധ മേഖലകളിൽ നിന്നുള്ള താലപ്പൊലി ഘോഷയാത്രകൾ ടൗണിലെത്തിയതോടെ അങ്ങാടിയും പരിസരങ്ങളും ജനനിബിഡമായി. സൂചി കുത്താനിടമില്ലാത്ത വിധം ജനങ്ങളെക്കൊണ്ട് ടൗൺ നിറഞ്ഞു.
ഈ ബഹളത്തിനിടെയാണ് പലർക്കും ആഭരണങ്ങളും പഴ്സും ഫോണുമെല്ലാം നഷ്ടമായത്.
ചില സ്ത്രീകളാണ് മാലപൊട്ടിക്കലിനു മുൻപന്തിയിലുണ്ടായിരുന്നതെന്നും സ്ഥിരം ക്രിമിനലുകളായ നാടോടി സ്ത്രീകൾ ഉത്സവം കണക്കിലെടുത്ത് ഇവിടെയെത്തിയെന്നും സൂചനയുണ്ട്. ഓരോ മേഖലയിൽ നിന്നുമാരംഭിച്ച താലപ്പൊലി ഘോഷയാത്രകൾക്കൊപ്പം പൊലീസുണ്ടായിരുന്നെങ്കിലും ഉത്സവ സ്ഥലത്തും ടൗണിലും പൊലീസ് സാന്നിധ്യം കുറവായിരുന്നെന്നു പരാതിയുണ്ട്.
മുൻ പരിചയമില്ലാത്ത ഉദ്യോഗസ്ഥരായതിനാൽ മുന്നൊരുക്കങ്ങൾ നടത്തുന്നതിലും പാകപ്പിഴകളുണ്ടായെന്നു പറയുന്നു.
ആയിരങ്ങൾ പങ്കെടുക്കുന്ന ഉത്സവ സ്ഥലത്തും ടൗൺ പരിസരങ്ങളിലും ബസ് സ്റ്റാൻഡിലും സിസിടിവി ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം നടത്താനും സംവിധാനമില്ലായിരുന്നു. ഉത്സവം പ്രമാണിച്ച് പൊതുജനങ്ങൾക്ക് ജാഗ്രതാ മുന്നറിയിപ്പുകൾ നൽകാനും സാധിച്ചില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

