ഇരിങ്ങാലക്കുട∙ കൂടൽമാണിക്യം ക്ഷേത്രത്തിൽ തൃപ്പുത്തരി സദ്യയ്ക്ക് ഭക്തജനപ്രവാഹം. വർഷത്തിൽ ആദ്യ തവണ കൃഷി ചെയ്ത് വിളയിച്ച വിഭവങ്ങൾ കൊണ്ട് തുലാമാസത്തിലെ തിരുവോണ നാളിലാണ് ഭഗവാന് തൃപ്പുത്തരി സദ്യ ഒരുക്കുന്നത്.
ചാലക്കുടി പോട്ട പ്രവൃത്തി കച്ചേരിയിൽ നിന്ന് എത്തിച്ച പച്ചക്കറികളും പലവ്യഞ്ജനങ്ങളും ഉണക്കലരിയും പഴങ്ങളും കൂടാതെ ഭക്തർ സമർപ്പിച്ചതും ചേർത്താണ് സദ്യയ്ക്കുള്ള സാധനങ്ങൾ ഒരുക്കിയത്.
കാലങ്ങളായി നകരമണ്ണ് ഇല്ലത്ത് ഉള്ളവരാണ് പുത്തരി നിവേദ്യം നടത്താറുള്ളത്.
ഇത്തവണയും ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിക്കാൻ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം കത്ത് നൽകിയെങ്കിലും പങ്കെടുക്കാൻ കഴിയില്ലെന്ന് നകരമണ്ണ് ഇല്ലക്കാർ അറിയിച്ചു. തുടർന്ന് മറ്റൊരു തന്ത്രി കുടുംബമായ പടിഞ്ഞാറേ തരണനല്ലൂർ ഇല്ലത്തെ അനിപ്രകാശ് നമ്പൂതിരി ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു.
രാവിലെ 10.30 മുതൽ 12 മണി വരെയുള്ള മുഹൂർത്തത്തിൽ തൃപ്പുത്തരി പൂജ നടന്നു.
കുട്ടഞ്ചേരി മൂസ്സ് അരിയളന്നു. പ്രത്യേക മന്ത്രം ജപിച്ചാണു ഭഗവാന് പുത്തരി നിവേദ്യം നടത്തിയത്.
സുബ്രഹ്മണ്യൻ എമ്പ്രാന്തിരി, മക്കളായ ഉദയൻ, ജയകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് സദ്യ ഒരുക്കിയത്. വൈകിട്ട് കിഴക്കേ ഗോപുരനടയിൽ ഉണ്ണായി വാരിയർ സ്മാരക കലാനിലയം അവതരിപ്പിച്ച നളചരിതം കഥകളി അരങ്ങേറി.
ഇന്ന് കൂടൽമാണിക്യ സ്വാമിക്ക് മുക്കുടി ഔഷധം നിവേദിക്കും.
രാവിലെ കുട്ടഞ്ചേരി അനൂപ് മൂസ്സ് മുക്കുടിയിലേക്കുള്ള മരുന്ന് തയാറാക്കി ഭഗവാന് നടയ്ക്കൽ സമർപ്പിക്കും. ഇത് തൃക്കോൽ മൂസ്സ് ഏറ്റെടുത്ത് കീഴ്ശാന്തിമാർക്ക് കൈമാറും.
തുടർന്നു മരുന്ന് തൈരിൽ ചേർത്ത് ഭഗവാന് സമർപ്പിക്കും.രാവിലെ 7.30 മുതൽ പടിഞ്ഞാറേ നടപ്പുരയിൽ മുക്കുടി നിവേദ്യം വിതരണം ചെയ്യും. ദേവസ്വം ചെയർമാൻ സി.കെ.ഗോപി, ദേവസ്വം ഭരണസമിതി അംഗങ്ങളായ മുരളി ഹരിതം, കെ.ജി.അജയകുമാർ, പ്രഭാകരൻ, ബിന്ദു, രാഘവൻ മുളങ്ങാടൻ, ബിന്ദു തുടങ്ങിയവർ നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

