ഗുരുവായൂർ ∙ സുപ്രീംകോടതി വിധിയെ തുടർന്ന് ഗുരുവായൂർ ഏകാദശി ദിവസമായ ഡിസംബർ 1ന് ക്ഷേത്രത്തിൽ ഉദയാസ്തമയ പൂജ നടക്കുമെന്ന് ഉറപ്പായി. നൂറ്റാണ്ടുകളായി തുടരുന്ന ഈ ആചാരം കഴിഞ്ഞ വർഷം മാത്രം നടന്നില്ല.
ഏകാദശി ദിവസം തിരക്കേറുമെന്നതിനാൽ ദേവസ്വം ഭരണസമിതിയും തന്ത്രിയും ഈ ദിവസത്തെ ഉദയാസ്തമയ പൂജ തുലാമാസത്തിലെ ഏകാദശിയിലേക്ക് മാറ്റി. ഈ വർഷവും ഇതേ രീതി തുടരാനുള്ള തീരുമാനമാണ് സുപ്രീംകോടതി തിരുത്തിയത്. ദേവസ്വം നിശ്ചയിച്ചിരുന്ന തുലാമാസത്തിലെ ഏകാദശി ദിവസത്തെ ഉദയാസ്തമയ പൂജ നവംബർ 2ന് ഉണ്ടാകുമോ എന്നു തീരുമാനമായില്ല.
സുപ്രീംകോടതി വിധി പഠിച്ച ശേഷം ദേവസ്വം ഭരണസമിതിയുടെ നിർദേശം അനുസരിച്ച് ഇക്കാര്യം തീരുമാനിക്കുമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ പറഞ്ഞു.
നൂറ്റാണ്ടുകളായി ക്ഷേത്രത്തിൽ ഏകാദശി ദിവസം പതിവുള്ള ഉദയാസ്തമയ പൂജ മറ്റൊരു ദിവസത്തേക്ക് മാറ്റിയത് ആചാരലംഘനമാണെന്ന് കാണിച്ച് തന്ത്രി കുടുംബത്തിലെ അംഗങ്ങൾ തന്നെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. എല്ലാ ഏകാദശിക്കും തുല്യ പ്രാധാന്യമാണെന്നും നൂറ്റാണ്ടുകളായി തുടർന്നു വരുന്ന ഏകാദശി ദിവസത്തെ ഉദയാസ്തമയപൂജ വഴിപാടു മാത്രമാണെന്നുമാണ് ദേവസ്വം സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയത്.
ആചാരങ്ങളും അനുഷ്ഠാനങ്ങളും മാറ്റാൻ ദേവസ്വം ഭരണസമിതിക്ക് അവകാശമുണ്ടെന്നും ക്ഷേത്രത്തിലെ പൂജകളെ സംബന്ധിച്ച അവസാന വാക്ക് ക്ഷേത്രം തന്ത്രിയാണെന്നും വാദിച്ചു.
എന്നാൽ ഭക്തരുടെ തിരക്കു കൂടുന്നതിന് അനുസരിച്ച് തന്ത്രിക്കോ ദേവസ്വം ഭരണസമിതിക്കോ ആചാരങ്ങൾ മാറ്റാൻ അധികാരമില്ലെന്ന് സുപ്രീംകോടതി വിധിയിലൂടെ വ്യക്തമാക്കി.
ഉദയാസ്തമയ പൂജ: തന്ത്രിക്ക് ഏകപക്ഷീയ തീരുമാനമെടുക്കാനാവില്ലെന്ന് ഹർജിക്കാർ
തൃശൂർ∙ ഗുരുവായൂർ ക്ഷേത്രത്തിലെ ഉദയാസ്തമയ പൂജാസമയം മാറ്റിയതിൽ വൃശ്ചികമാസത്തിലെ ഭക്തരുടെ തിരക്ക് ദേവസ്വം ബോർഡ് സുപ്രീകോടതയിൽ ചൂണ്ടിക്കാട്ടിയപ്പോൾ പൂജ സംബന്ധിച്ച് തന്ത്രിക്ക് ഏകപക്ഷീയമായ തീരുമാനമെടുക്കാൻ കഴിയില്ലെന്ന് ഹർജിക്കാരും വാദം ഉയർത്തി. അഷ്ടമംഗല്യ പ്രശ്നം വയ്ക്കാതെയുള്ള മാറ്റമാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
വർഷങ്ങളായി നിലനിൽക്കുന്ന ഒരു പൂജയാണിതെന്നും തന്ത്രിക്ക് ഏകപക്ഷീയമായ തീരുമാനമെടുക്കാൻ കഴിയില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
തന്ത്രിയുടെ അനുമതിയോടെയാണ് ഉദയാസ്തമയ പൂജ മാറ്റിയതെന്നും ആചാരപ്രകാരമുള്ള നടപടികൾ പൂർത്തിയാക്കിയിരുന്നുവെന്നും തന്ത്രി കോടതിയെ അറിയിച്ചു. ഗുരുവായൂർ ദേവസ്വം ബോർഡ് ആവശ്യപ്പെട്ടതിനെ തുടർന്നു തന്ത്രി ദേവഹിതം തേടിയിരുന്നു.
വിശ്വാസികളുടെ സൗകര്യം പരിഗണിച്ചാണ് ഭരണസമിതി തീയതി മാറ്റിയത്.
ഉദയാസ്തമയ പൂജയെ നിത്യപൂജയായി കാണരുതെന്നും ആചാരകാര്യത്തിൽ തന്ത്രിയുടേതാണ് അവസാന വാക്കെന്നുമുള്ള നിലപാടാണ് ദേവസ്വം ബോർഡ് കോടതിയിൽ സ്വീകരിച്ചത്. പൂജ മാറ്റിയ നടപടി നേരത്തേ ഹൈക്കോടതി ശരിവച്ചിരുന്നു.
കഴിഞ്ഞവർഷം സമയം കഴിഞ്ഞു പോയതിനാൽ സുപ്രീകോടതിയിൽ കേസ് പരിഗണിക്കപ്പെട്ടില്ല.
യേശുദാസിന്റെ ആഗ്രഹം ഓർമിപ്പിച്ച് ആര്യാമ സുന്ദ
രം
ഗുരുവായൂർ ക്ഷേത്രത്തിലെ ഉദയാസ്തമയ പൂജാസമയം സംബന്ധിച്ച വാദത്തിനിടെ ഗായകൻ യേശുദാസ് നേരത്തെ പങ്കിട്ട ആഗ്രഹം ദേവസ്വം ബോർഡിനു വേണ്ടി ഹാജരായ ആര്യാമ സുന്ദരം ബെഞ്ചിനു മുന്നിൽ പരാമർശിച്ചു. പ്രസിദ്ധ ഗായകനായ യേശുദാസിന് ഗുരുവായൂർ അമ്പലത്തിൽ 24 മണിക്കൂർ തുടർച്ചയായി പാടണമെന്നുണ്ടായിരുന്നെങ്കിലും ഇതിന് അനുമതി കിട്ടിയിരുന്നില്ല.
തുടർന്ന് അദ്ദേഹം അമ്പലത്തിനു പുറത്താണ് 24 മണിക്കൂർ പാടിയതെന്നാണ് ആര്യാമ സുന്ദരം പറഞ്ഞത്. ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട
കേസുകളിൽ വാദം കേൾക്കുന്നതിനാൽ താൻ ക്ഷേത്ര ദർശനം ഒഴിവാക്കിയിട്ടുണ്ടെന്നു ജസ്റ്റിസ് ജെ.കെ.മഹേശ്വരി ചൂണ്ടിക്കാട്ടി.
സുപ്രീംകോടതി വിധി സ്വാഗതം ചെയ്തു
ഗുരുവായൂർ ∙ ക്ഷേത്രത്തിൽ ആചാരപ്രകാരം ഏകാദശി ദിവസം തന്നെ ഉദയാസ്തമയ പൂജ നടത്തണമെന്നുള്ള സുപ്രീംകോടതി വിധി പണിക്കർ സർവീസ് സൊസൈറ്റി (കണിയാർ ട്രസ്റ്റ്) ചെയർമാൻ ബേപ്പൂർ ടി.കെ.മുരളീധര പണിക്കർ സ്വാഗതം ചെയ്തു. ആചാരലംഘനം ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയാണ്.
തന്ത്രിയല്ല, തന്ത്രശാസ്ത്രമാണ് ക്ഷേത്രാചാരങ്ങളിൽ അവസാന വാക്കെന്ന് കാക്കശേരി രവീന്ദ്രൻ പണിക്കർ പറഞ്ഞു.
ആചാര ലംഘനം നടത്തിയ ഗുരുവായൂർ ദേവസ്വം ഭരണസമിതി പിരിച്ചുവിടണമെന്ന് ജ്യോതിഷസഭ സംസ്ഥാന ചെയർമാൻ വിജീഷ് പണിക്കർ കോഴിക്കോട് പറഞ്ഞു. യോഗത്തിൽ വിദ്യാധരൻ പണിക്കർ, ഹരിദാസൻ പണിക്കർ, അനിൽ പണിക്കർ, മൂലയിൽ മനോജ് പണിക്കർ, കൊയിലാണ്ടി പ്രമോദ് പണിക്കർ എന്നിവർ പ്രസംഗിച്ചു.
‘വിധി ഭക്തരുടെ പ്രാർഥനയുടെ ഫലം’
ഗുരുവായൂർ ∙ ക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരം പുനഃസ്ഥാപിച്ച സുപ്രീംകോടതി വിധി ഭക്തരുടെ പ്രാർഥനയുടെ ഫലമാണെന്ന് ഗുരുവായൂർ ക്ഷേത്ര രക്ഷാസമിതി അഭിപ്രായപ്പെട്ടു.
വിധിയിലൂടെ കോടതി നടത്തിയ നിരീക്ഷണങ്ങൾ നിലവിലെ തന്ത്രി ആ സ്ഥാനത്തു തുടരാൻ യോഗ്യനല്ലെന്നതിന്റെ തെളിവാണ്. ക്ഷേത്രാചാരങ്ങളെയും വിശ്വാസങ്ങളെയും മിഥ്യയായി ചിത്രീകരിച്ച് സത്യവാങ്മൂലം നൽകിയവരിൽ തന്ത്രിയും ഭരണസമിതിയും ഉൾപ്പെടുന്നുവെന്നും സമിതി കൺവീനർ എം.ബിജേഷ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

