ഗുരുവായൂർ ∙ തൈക്കാട് കഴുമല്ലൂർ ഭഗവതി ക്ഷേത്രത്തിൽ ദേവിയുടെ തിരുവാഭരണം ഉൾപ്പെടെ 7 പവൻ സ്വർണവും 1.20 ലക്ഷം രൂപയും കവർന്നു. വിശേഷാവസരങ്ങളിൽ ചാർത്തുന്ന 3 മാലകളോടെയുള്ള തിരുവാഭരണം, അയ്യപ്പന് ചാർത്താനുള്ള ചരടിൽ കോർത്ത സ്വർണമണി, നൂറോളം സ്വർണത്താലികൾ, വിഗ്രഹത്തിന് അലങ്കാരമായി ചാർത്തുന്ന സ്വർണ തിലകങ്ങൾ എന്നിവയാണ് നഷ്ടപ്പെട്ടത്.
ക്ഷേത്രത്തിന്റെ വഴിപാട് കൗണ്ടർ സ്ഥിതി ചെയ്യുന്ന ഓഫിസ് മുറിയുടെ വാതിലിന്റെ ടവർ ബോൾട്ട് കോൺക്രീറ്റ് കട്ട കൊണ്ട് ഇടിച്ചു തകർത്താണ് മോഷ്ടാവ് ഓഫിസ് മുറിയിൽ കയറിയത്.
ഈ മുറിക്കടുത്ത് സ്വർണവും പണവും സൂക്ഷിച്ചിരുന്ന മറ്റൊരു മുറി ഇരുമ്പ് ഷട്ടർ ഇട്ട് പൂട്ടിയിരുന്നു.
കമ്പിപ്പാര കൊണ്ട് ഷട്ടറിന്റെ ഇരുമ്പ് ഷീറ്റ് നീക്കി അതിനപ്പുറമുള്ള വാതിൽ തകർത്ത് അകത്ത് കടന്നു. ഇരുമ്പലമാരയുടെ പൂട്ടും അതിനുള്ളിലെ മറ്റൊരു പൂട്ടും പൊളിച്ച്1.20 ലക്ഷം രൂപയും സ്വർണത്താലികളും കവർന്നു.
ഭിത്തിയോട് ചേർത്ത് സിമന്റിട്ട് പണിത ഡബിൾ ലോക്കർ സേഫിന്റെ 2 ഇരുമ്പുവാതിലുകൾ തകർത്ത് തിരുവാഭരണ മാലയും സ്വർണമണിയും തിലകങ്ങളും കവർന്നു. പുലർച്ചെ 5.45ന് ക്ഷേത്രത്തിലെത്തിയ ജീവനക്കാരൻ കേശവദാസാണ് മോഷണവിവരം ആദ്യം അറിഞ്ഞത്.
ഉടൻ ക്ഷേത്രഭരണസമിതി പ്രസിഡന്റ് എം.ഭാസ്കരൻ, മനയിൽ നാരായണൻ എന്നിവരെ വിവരം അറിയിച്ചു. ഗുരുവായൂർ അസി.പൊലീസ് കമ്മിഷണർ വി.സുരേഷ്, ഗുരുവായൂർ സ്റ്റേഷൻ എസ്ഐ യു.മഹേഷ് എന്നിവർ അന്വേഷണം ആരംഭിച്ചു.
പൊലീസ് നായ ജിപ്സിയെ എത്തിച്ചു പരിശോധിച്ചു. കെ.എൻ.ജീനി, മുഹമ്മദ് മൊയ്സിൻ എന്നിവരുടെ നേതൃത്വത്തിൽ വിരലടയാള വിദഗ്ധർ തെളിവുകൾ ശേഖരിച്ചു.
ക്ഷേത്രത്തിൽ സിസിടിവി ഉണ്ടായിരുന്നില്ല.
മോഷണം പ്രഫഷനൽ രീതിയിൽ
ഗുരുവായൂർ ∙ അതീവ സുരക്ഷിതമെന്നു കരുതി ഒരുക്കിയ 2 വാതിലുകളും ഷട്ടറും ഡബിൾ ലോക്കറും തകർത്ത് പ്രഫഷനൽ ശൈലിയിൽ കഴുമല്ലൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണവും പണവും കവർന്നതിൽ ആശങ്കയോടെ നാട്ടുകാർ. ചൊവ്വ രാത്രി 7.30ന് ക്ഷേത്രം അടച്ചു ഗേറ്റ് പൂട്ടി ജീവനക്കാർ പോയി.
4 ലൈറ്റുകൾ തെളിച്ചിരുന്നു. ഇന്നലെ രാവിലെ 5.45ന് എത്തുമ്പോൾ ലൈറ്റുകളെല്ലാം അണഞ്ഞിരുന്നു.
തൊട്ടടുത്ത പറമ്പിന്റെയും അമ്പലത്തിന്റെയും മതിൽ ചാടിക്കടന്നാണ് മോഷ്ടാവ് എത്തിയത്.
ഓഫിസ് കെട്ടിടത്തിന്റെ ഒരു മുറി കുത്തിത്തുറന്നെങ്കിലും അവിടെ പൂജാ പാത്രങ്ങൾ മാത്രമായതിനാൽ ഒന്നും എടുത്തില്ല. ക്ഷേത്രത്തിൽ പുറത്ത് 4 ഭണ്ഡാരങ്ങളും അകത്ത് 4 ഭണ്ഡാരങ്ങളും ഉണ്ടായിരുന്നു.
ഇതിലൊന്നും തൊട്ടില്ല. ക്ഷേത്രക്കുളത്തിന്റെ നിർമാണം നടക്കുന്നതിനാലാണ് കൂടുതൽ പണം ഓഫിസിൽ സൂക്ഷിച്ചത്.
മോഷ്ടാവ് ഉപയോഗിച്ച ആയുധങ്ങളോ വസ്തുക്കളോ ഒന്നും കണ്ടെത്താനായില്ല. തൊട്ടടുത്ത പറമ്പിലൂടെ കടന്ന് അടുത്ത വീടിന്റെ ഗേറ്റ് തുറന്നാണ് മോഷ്ടാവ് രക്ഷപ്പെട്ടതെന്നാണ് പൊലീസ് നിഗമനം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

