തൃശൂർ ∙ തൃശൂർപൂരത്തോടനുബന്ധിച്ച് വാഹന പാർക്കിങ് സുഗമമാക്കാൻ സിറ്റി പൊലീസ് ‘വഴികാട്ടി’ ഡിജിറ്റലൈസ്ഡ് വെഹിക്കിൾ പാർക്കിങ് മാനേജ്മെന്റ് സിസ്റ്റം ഏർപ്പെടുത്തി. പൂരത്തിനു പൊലീസ് ഏർപ്പെടുത്തിയ 30 പാർക്കിങ് സ്ഥലങ്ങൾ ഒരു ക്യൂആർ കോഡ് വഴി സിറ്റി പൊലീസിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വഴി ഇന്ന് പ്രസിദ്ധപ്പെടുത്തും.
ഈ കോഡ് സ്കാൻ ചെയ്താൽ 30 പാർക്കിങ് സ്ഥലങ്ങളും അവിടേക്കുള്ള ലൊക്കേഷനും ലഭിക്കും. സിറ്റി പൊലീസ് രൂപകൽപന ചെയ്ത ആൻഡ്രോയിഡ്/ഐഒഎസ് ആപ്ലിക്കേഷൻ വഴി വാഹനങ്ങളുടെ നമ്പറും ഡ്രൈവറുടെ മൊബൈൽ നമ്പറും റജിസ്റ്റർ ചെയ്താൽ ഉടൻ തന്നെ റജിസ്റ്റർ ചെയ്ത വിവരവും പാർക്ക് ചെയ്ത സ്ഥലത്തിന്റെ ഗൂഗിൾ മാപ്പ് ലോക്കേഷനും ലഭിക്കും.
നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം
തൃശൂർ ∙ തൃശൂർ പൂരത്തോടനുബന്ധിച്ച് നാളെയും മറ്റന്നാളും (ഏപ്രിൽ 26നും 27നും) തൃശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും വടക്കുന്നാഥ ക്ഷേത്ര പരിസരത്തും ഇന്ന് അർധരാത്രി മുതൽ 27നു പകൽപൂരം കഴിയുന്നതുവരെ പാർക്കിങ് അനുവദിക്കില്ല. പാലിയേക്കര ടോൾ പ്ലാസ വഴി തൃശൂർ ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ തലോർ ബൈപ്പാസിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് തലോർ-ഒല്ലൂർ-കുരിയച്ചിറ-മുണ്ടുപാലം-ശക്തൻ സ്റ്റാൻഡ് വഴിയും എറണാകുളം ഭാഗത്തേക്കു പോകേണ്ട
വാഹനങ്ങൾ മനോരമ ജംക്ഷനിൽ നിന്ന് വലത്തോട്ടു തിരിഞ്ഞ് മുണ്ടുപാലം–കുരിയച്ചിറ–ഒല്ലൂർ വഴി തലോർ ബൈപ്പാസിലൂടെയും സഞ്ചരിക്കണം. ഗുരുവായൂർ, പട്ടാമ്പി, കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങൾ കിഴക്കേക്കോട്ടയിൽ നിന്ന് വലത്തോട്ടു തിരിഞ്ഞ് തൃശൂരിലേക്കു വരുന്ന വാഹനങ്ങൾ ഇടത്തോട്ടു തിരിഞ്ഞ് ശക്തൻ വഴിയും പോകണം.
പഴകിയ ഭക്ഷണം: ഹോട്ടലുകൾക്ക് പിഴചുമത്തി
തൃശൂർ ∙ പൂരത്തിനു മുന്നോടിയായി നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചതിനെ തുടർന്ന് 6 ഹോട്ടലുകൾക്ക് കോർപറേഷൻ ആരോഗ്യ വിഭാഗം പിഴ ചുമത്തി.
ഫുഡ് ഫ്യൂഷൻ, മീനോളജി, എംജി റോഡ് ചന്ദ്രപാലസ്, പൂങ്കുന്നം ഓവൻ ഷവായ്, ശക്തനിലെ ദേ ചായ, ഒല്ലൂരിലെ റാസ എന്നീ ഹോട്ടലുകൾക്കെതിരെ ആണ് നടപടി. പിടിച്ചെടുത്ത ഭക്ഷണം നശിപ്പിച്ചു.
177 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. 24 എണ്ണത്തിന് നോട്ടിസും നൽകിയിട്ടുണ്ട്.
പടിഞ്ഞാറേക്കോട്ടയിലെ തൃശൂർക്കാരൻ കോഫി ക്ലബ്, പറുദീസ, ജെ.പി ബാർ, അൽമദീന, ചുങ്കത്തെ ഹോട്ട് സ്പോട്, ശ്രീവല്ലഭ, എംജി റോഡിലെ ഹോട്ടൽ ചന്ദ്ര ജ്യൂസ് ആൻഡ് സ്നാക്സ്, വടക്കേ സ്റ്റാൻഡിലെ ന്യൂ ദ്വാരക, രജാബ് ടീ സ്റ്റാൾ, ശ്രീഹരി ഫാസ്റ്റ് ഫുഡ്, വഴിയോര കച്ചവടം ടീ സ്റ്റാൾ, സൽക്കാര ഹോട്ടൽ, കണ്ണംകുളങ്ങര ഹോട്ടൽ മണീസ്, ശക്തനിലെ ഹോട്ടൽ വെറൈറ്റി, പൂത്തോളിലെ ശ്രീനാരായണ ടീ സ്റ്റാൾ, വിയ്യൂരിലെ ചായ് ജംക്ഷൻ, ക്രൻചി ടീ ഹബ്, പാടൂക്കാട്ടെ രുചിക്കൂട്ട്, തട്ടുകട, നിക്സൺ ടീ ഷോപ്, വിയ്യൂരിലെ അസം ടീ ഷോപ്, ഒല്ലൂരിലെ ടീ എക്സ്പ്രസ്, എവിഎം ഫുഡ് കോർണർ, ശ്രീവല്ലഭ എന്നിവയ്ക്കാണ് നോട്ടിസ് നൽകിയത്.
അതേസമയം, പഴകിയ ഭക്ഷണം പിടിച്ചെടുത്ത ഹോട്ടലുകളെ കോർപറേഷൻ ഭരണസമിതി സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് എൽഡിഎഫിന്റെയും ബിജെപിയുടെയും കൗൺസിലർമാർ രംഗത്തെത്തി. മുൻകാലങ്ങളിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്ത ഹോട്ടലുകളുടെ പേരും അവിടെ നിന്ന് പിടിച്ചെടുത്ത ഭക്ഷണവും കോർപറേഷൻ ഓഫിസിനു മുൻവശം പ്രദർശിപ്പിക്കുകയും മാധ്യമങ്ങൾക്ക് ഹോട്ടലുകളുടെ പേരു വിവരങ്ങൾ നൽകുകയും ചെയ്തിരുന്നെന്നും ചില ഉദ്യോഗസ്ഥർ ഭരണനേതൃത്വവുമായി ബന്ധപ്പെട്ട് ഹോട്ടൽ ഉടമകളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും എൽഡിഎഫ് ആരോപിച്ചു.
കോർപറേഷൻ കവാടം ഉപരോധിച്ച് പ്രതിഷേധിച്ച കൗൺസിലർമാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഹോട്ടലുകളുടെ പേരുവിവരം പ്രദർശിപ്പിക്കാതെ കുറ്റക്കാരായവരെ സംരക്ഷിക്കുന്ന മേയറുടെയും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെയും നടപടിക്കെതിരെ മേയറുടെ ചേംബറിനു മുൻപിലായിരുന്നു ബിജെപി കൗൺസിലർമാരുടെ പ്രതിഷേധ സമരം.
സജ്ജം ആരോഗ്യവകുപ്പ്
തൃശൂർ ∙ കടുത്ത ഉഷ്ണതരംഗം ഉള്ള ഈ നാളുകളിൽ തൃശൂർ പൂരത്തിനിടയിൽ സംഭവിക്കാവുന്ന എല്ലാ അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ വിപുലമായ സന്നാഹങ്ങൾ ഒരുക്കി ആരോഗ്യവകുപ്പ്.
തൃശൂർ പൂരം പ്രത്യേക ഡ്യൂട്ടിക്കായി ഡോക്ടർമാർ, സ്റ്റാഫ് നഴ്സ്, പാരാമെഡിക്കൽ സ്റ്റാഫ് ഉൾപ്പെടെ നൂറോളം പേരെയാണു നിയോഗിച്ചിട്ടുള്ളത്. ജനറൽ ആശുപത്രിയിൽ 125 പേരടങ്ങുന്ന 3 മെഡിക്കൽ സംഘങ്ങൾ ഷിഫ്റ്റ് അടിസ്ഥാനത്തിൽ പൂര ദിനങ്ങളിൽ ജോലി ചെയ്യും.
70 ബെഡ്ഡുകൾ കൂടുതലായി ഒരുക്കിയിട്ടുണ്ട്. സ്വരാജ് റൗണ്ടിലെ ബാറ്റ, ന്യൂ കേരള ടൈംഹൗസ്, ധനലക്ഷ്മി ബാങ്ക്, സ്വപ്ന തിയറ്റർ, ഹൈ റോഡ് ജംക്ഷൻ, കൺട്രോൾ റൂം എന്നീ 6 പ്രധാന പോയിന്റുകൾക്ക് എതിർവശത്തായി ആംബുലൻസ് സൗകര്യമടക്കമുള്ള 10 മെഡിക്കൽ സംഘങ്ങൾ ഉണ്ടായിരിക്കും.
ആംബുലൻസുകൾ പൂരപ്പറമ്പിനു സമീപം, വടക്കേ സ്റ്റാൻഡ്, ശക്തൻ, കെഎസ്ആർടിസി, കിഴക്കേ കോട്ട, പടിഞ്ഞാറേകോട്ട എന്നിവിടങ്ങളിലും സജ്ജീകരിച്ചിട്ടുണ്ട്.
മൊത്തം 70 ആംബുലൻസുകൾ ഒരുക്കിയിട്ടുണ്ട്.
സാദരം, പൂരം: അവർ ഭംഗിയാക്കാൻ ശ്രമിച്ച പൂരം നാളെ നടക്കും; അവരില്ലാതെ
തൃശൂർ ∙ വെടിക്കെട്ടിന്റെ ശബ്ദ–വർണ വിസ്മയമില്ലെങ്കിലും മേളങ്ങളും മറ്റു പൂരക്കാഴ്ചകളും ഹൃദയത്തിലേറ്റാൻ തയാറെടുത്ത് തട്ടകം. നാളെയാണ് വിശ്വപ്രസിദ്ധമായ തൃശൂർ പൂരം.
മഠത്തിൽ വരവ് പഞ്ചവാദ്യം നാളെ രാവിലെ 11.30നും ഇലഞ്ഞിത്തറ മേളം ഉച്ചയ്ക്ക് 2.30നും കുടമാറ്റം വൈകിട്ട് അഞ്ചിനും നടക്കും. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തെ തുടർന്ന് ഇന്നലത്തെ സാംപിൾ വെടിക്കെട്ടും 27ന് പുലർച്ചെയുള്ള പ്രധാന വെടിക്കെട്ടും തിരുവമ്പാടി–പാറമേക്കാവ് ദേവസ്വങ്ങൾ ഒഴിവാക്കിയിരുന്നു.
ഇതോടൊപ്പം കുടമാറ്റത്തിന്റെ സമയവും പരിമിതിപ്പെടുത്തിയിട്ടുണ്ട്. മേളം, മേളക്കാരുടെ എണ്ണം, ആനകളുടെ എണ്ണം എന്നിവയിൽ മാറ്റമില്ല.
വെറ്ററിനറി ഡോക്ടർമാരുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള ആനകളുടെ പ്രദർശനവും ഫിറ്റ്നസ് പരിശോധന നടക്കും.
കുടമാറ്റത്തിന് ഇരു വിഭാഗത്തിനും 15 ആനകൾ വീതം നിരക്കും. 15 മിനിറ്റ് എന്ന ധാരണയിലുള്ള കുടമാറ്റത്തിൽ പതിനഞ്ചോളം കുടകൾ വീതം ഉയർത്തുമെന്നാണു കണക്കാക്കുന്നത്.
വെടിക്കെട്ടുകളുടെ സമയത്ത് ആചാരപരമായി കതിന പൊട്ടിക്കും. ഘടക പൂരങ്ങളും ആചാര അനുഷ്ഠാനങ്ങൾ ഒഴിവാക്കാതെ നാളെ പൂരത്തിന്റെ ഭാഗമാകും.
പാറമേക്കാവിന്റെ ആനച്ചമയ പ്രദർശനത്തിന് ഇന്നലെ ക്ഷേത്രം അഗ്രശാലയിൽ തുടക്കമായി. തിരുമ്പാടിയുടെ ചമയപ്രദർശനം ഇന്ന് ഷൊർണൂർ റോഡിലെ കൗസ്തുഭം ഓഡിറ്റോറിയത്തിൽ ആരംഭിക്കും.
തൃശൂർ പൂരം വിളംബരച്ചടങ്ങ് ഇന്നു പകൽ നടക്കും.
പൂരത്തിന്റെ തലേ ദിവസം കുറ്റൂർ നെയ്തലക്കാവ് ഭഗവതി വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി വന്നു തെക്കേഗോപുരം വഴി പുറത്തിറങ്ങുന്നതാണ് ചടങ്ങ്. ഇത്തവണയും കൊമ്പൻ എറണാകുളം ശിവകുമാറാണ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റുക.
രാവിലെ 8.15ന് ക്ഷേത്രത്തിൽ നിന്നു എഴുന്നള്ളിപ്പ് ആരംഭിക്കും. പിന്നാലെ മണികണ്ഠനാലിലെത്തി അവിടെ നിന്നു മേളത്തിന്റെ അകമ്പടിയോടെ ശ്രീമൂല സ്ഥാനത്തെത്തും.
ശേഷം വടക്കുന്നാഥ ക്ഷേത്രം പ്രദക്ഷിണം ചെയ്ത് തെക്കേഗോപുര വാതിൽ വഴി പുറത്തിറങ്ങി പൂരം വിളംബരം ചെയ്യും. ശിവരാത്രിക്കും പൂരത്തിന്റെ തലേന്നും മാത്രമാണു ഈ വാതിൽ തുറക്കാറുള്ളത്.
എഴുന്നള്ളിപ്പിന്റെ കൂടെ വരുന്നവരാണു ഗോപുരവാതിൽ അകത്തേക്കു വലിച്ചു തുറന്നു നെയ്തലക്കാവ് ഭഗവതിയെ പുറത്തേക്ക് ആനയിക്കുന്നത്.
പൂരം എഴുന്നള്ളിപ്പുകൾ വടക്കുന്നാഥ ക്ഷേത്രത്തിലേക്ക്
തൃശൂർ ∙ നാളെ പാറമേക്കാവ് ദേശത്തിന്റെ പകൽ എഴുന്നള്ളിപ്പ് വടക്കുന്നാഥ ക്ഷേത്രത്തിനകത്തേക്കു ഉച്ചയ്ക്ക് 12ന് കയറി വൈകിട്ട് 6ന് പുറത്തിറങ്ങും. രാത്രി എഴുന്നള്ളിപ്പ് ക്ഷേത്രത്തിനകത്തേക്ക് 10.30ന് കയറി പുലർച്ചെ 2ന് പുറത്തിറങ്ങും.
തിരുവമ്പാടി ദേശത്തിന്റെ പകൽ എഴുന്നള്ളിപ്പ് 11ന് അകത്തേക്ക് കയറി, വൈകിട്ട് 6ന് പുറത്തിറങ്ങും. രാത്രി എഴുന്നള്ളിപ്പ് രാത്രി 11ന് അകത്തേക്കു കയറും.
പുലർച്ചെ 2ന് പുറത്തെത്തും. പകൽപൂരം നാളായ 27ന് പാറമേക്കാവ് ദേശം രാവിലെ 7.30 ന് ക്ഷേത്രത്തിനകത്തേക്കു കയറി 11.30ന് പുറത്തേക്കിറങ്ങും.
തിരുവമ്പാടി ദേശം രാവിലെ 8ന് ക്ഷേത്രത്തിനകത്തേക്ക് കയറി ഉച്ചയ്ക്ക് 12ന് പുറത്തിറങ്ങും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

