ആമ്പല്ലൂർ മേഖലയിൽ ദേശീയപാത വികസനത്തിന്റെ ഭാഗമായി നടക്കുന്ന അടിപ്പാത നിർമാണം അശാസ്ത്രീയമാണെന്ന് ആരോപിച്ച് നാട്ടുകാരും ജനപ്രതിനിധികളും പ്രതിഷേധവുമായി രംഗത്തെത്തി. നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ നെന്മണിക്കര ഗ്രാമം പൂർണമായും വെള്ളക്കെട്ടിന്റെ പിടിയിലാകുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്.
കേളിത്തോട് മുതൽ മണലിപ്പുഴ വരെയുള്ള പ്രദേശങ്ങളിലെ ജലം ഒഴുക്കിവിടുന്നതിനായുള്ള ഡ്രെയ്നേജ് സംവിധാനം നിർമാണ പദ്ധതിയിൽ ഉൾപ്പെടുത്താത്തതാണ് പ്രധാന പ്രതിസന്ധിയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ദേശീയപാതയിലെ അടിപ്പാത നിർമിച്ചിട്ടുള്ള ഭാഗങ്ങളിൽനിന്നുള്ള വെള്ളം പടിഞ്ഞാറ് ദിശയിലേക്ക് നെന്മണിക്കര ഗ്രാമത്തിലേക്കാണ് ഒഴുകിയെത്തുന്നത്.
നിലവിൽ ഈ ജലം സുഗമമായി ഒഴുക്കിവിടാനുള്ള ശാസ്ത്രീയ സംവിധാനങ്ങൾ ഇല്ലാത്തത് ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നത്. ഈ സ്ഥിതി തുടർന്നാൽ നെന്മണിക്കരയിലേക്കുള്ള മൂന്ന് പ്രധാന റോഡുകളുടെയും പ്രവേശന കവാടങ്ങളിൽ വെള്ളക്കെട്ടും ചെളിയും രൂപപ്പെടാൻ സാധ്യതയേറെയാണ്.
ഇത്തരമൊരു സാഹചര്യം ഉടലെടുത്താൽ അഞ്ഞൂറിലധികം വീടുകൾ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിലേക്കുള്ള ഗതാഗതം പൂർണമായും തടസ്സപ്പെടുകയോ അപകടാവസ്ഥയിലാകുകയോ ചെയ്യും. മഴക്കാലം ആരംഭിക്കുന്നതിന് മുൻപ് തന്നെ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നെന്മണിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ ആവശ്യം.
ദേശീയപാതയ്ക്ക് കുറുകെ ശാസ്ത്രീയമായ രീതിയിൽ വെള്ളം പുഴയിലേക്ക് ഒഴുക്കാനുള്ള സംവിധാനം ഒരുക്കണമെന്നും ഭരണസമിതി നിർദേശിച്ചു. പഞ്ചായത്ത് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദേശീയപാത വിഭാഗം ഉദ്യോഗസ്ഥർ ആമ്പല്ലൂരിലെത്തി പരിശോധന നടത്തി.
പരിശോധനാ വേളയിൽ പഞ്ചായത്ത് പ്രസിഡന്റ് വി.ടി.വിജയലക്ഷ്മി, വൈസ് പ്രസിഡന്റ് കെ.എ.സുരേഷ്, അംഗം വി.ആർ.സുരേഷ് എന്നിവരും സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

