നാടു പൊള്ളിക്കുന്ന വേനൽനേരം, മനം കുളിർപ്പിക്കുന്ന ബഹുവർണ സൂര്യകാന്തിപ്പൂക്കൾ ഒരുക്കുന്ന തിരക്കിലായിരുന്നു അവർ. കരിമുരന്നുപുരണ്ടിട്ടും സന്തോഷം തെളിഞ്ഞ മുഖങ്ങൾ ഞങ്ങളോടു പറയാതെ പറഞ്ഞു, വെടിക്കെട്ടിന് ഒരുക്കിവച്ചിട്ടുണ്ട് വിസ്മയങ്ങൾ.
ഹൃദയാകൃതിയിലുള്ള ഒരു സ്പെഷൽ അമിട്ടിനെക്കുറിച്ചു മാത്രം അവർ ഞങ്ങളോടു പറഞ്ഞു! പിക്ചർ എഡിറ്റർ ഉണ്ണി കോട്ടയ്ക്കലും ഞാനും ഇന്നലെ രാവിലെ പതിനൊന്നോടെയാണ് മുണ്ടത്തിക്കോട് കുട്ടംകുളം പാടശേഖരത്തുള്ള തിരുവമ്പാടിയുടെ വെടിക്കെട്ട് സാമഗ്രികളുടെ നിർമാണ സ്ഥലത്തെത്തിയത്.
24നു രാത്രിയിലുള്ള സാംപിൾ വെടിക്കെട്ടിനും 26ന് തൃശൂർ പൂരാഘോഷങ്ങൾക്കു പിന്നാലെ പുലർച്ചെയുള്ള പ്രധാന വെടിക്കെട്ടിനും തിരുവമ്പാടി കരുതിവച്ചിരിക്കുന്ന വെടിക്കെട്ടിന്റെ ചിത്രങ്ങളും വിവരങ്ങളുമെടുക്കാനുള്ള യാത്ര.
പറഞ്ഞുറപ്പിച്ചതിലും അൽപം വൈകിയാണെത്തിയതെങ്കിലും സാംപിളിൽ ആകാശത്തു വിരിയാനുള്ള വിസ്മയങ്ങൾ അടുക്കിവച്ചിരിക്കുന്ന പറമ്പിൽ ഞങ്ങൾ നിറഞ്ഞ മനസ്സോടെ നിന്നു. പാടശേഖരത്തിലെ തുരുത്തിൽ പലയിടത്തായി പത്തിലേറെ വെടിക്കെട്ടു പുരകൾ.
ചിലത് താൽക്കാലിക ഷെഡുകൾ. ചിലത് നാലു ഭാഗവും കെട്ടിമറച്ച് ചുമരുകൾ ഉള്ളത്.
സ്ത്രീകളടങ്ങുന്ന മുപ്പതോളം തൊഴിലാളികൾ. മിക്കവരുടെയും കയ്യിൽ കരിമരുന്നിന്റെയും കരിയുടെയും കറുപ്പ് നിറം.
ചിലരുടെ കൈകാലുകളിൽ അലുമിനിയം പടർന്നുള്ള വെള്ളിത്തിളക്കം. നാൽപതുകാരൻ രാജേഷ് വെടിക്കോപ്പ് നിർമാണത്തിലാണ്.
ഉണ്ണിയേട്ടൻ വെറുംകയ്യോടെയാണോ വന്നതെന്ന നിറഞ്ഞ ചിരിയോടെയുള്ള, പരിചയം പുതുക്കിയുള്ള രാജേഷിന്റെ ചോദ്യം. ക്യാമറയിൽ രാജേഷിന്റെ ചിത്രം പകർത്തിക്കൊണ്ടു തന്നെ ഉണ്ണി കോട്ടയ്ക്കലിന്റെ മറുപടി ‘അടുത്ത അവസരത്തിലാകാം.’ അടുത്തൊരവസരം കാത്തിരിപ്പില്ലെന്നു ഞങ്ങൾ അറിയുന്നില്ലല്ലോ? പിന്നാലെ അടുത്ത വെടിക്കെട്ട് ഒരുക്കങ്ങളുടെ സമീപത്തേക്ക് നീങ്ങി.
പലയിടത്തായി വാർത്താ ചാനലുകളുടെ റിപ്പോർട്ടർമാരുടെയും വിഡിയോഗ്രഫർമാരുടെയും തിരക്ക്. അവർ ചിത്രീകരണം തുടരുന്നതിനിടെ ഉണ്ണി കോട്ടയ്ക്കൽ പതിവുപോലെ ചിത്രങ്ങളെടുത്തു മതിയാവാതെ നിന്നു.
തുടർന്ന് ഒരറ്റത്തുള്ള ഓലപ്പടക്കത്തിന്റെയും അമിട്ടുകളുടെയും നിർമാണപ്പുരയിലേക്ക്. അവിടെ സമീപത്തു തന്നെ മറ്റൊരു പുരയിൽ ടൈമറുകളുടെ നിർമാണം.
നിമിഷങ്ങൾക്കുള്ളിൽ ടൈമറുകളിൽ കരിമരുന്ന് നിറയുന്നതിന്റെയും ഓലപ്പടക്കങ്ങൾ നീളമുള്ള മാലയാകുന്നതിന്റെയും അത്ഭുതകാഴ്ചകൾ. അവിടെ തിരുവമ്പാടിയുടെ വെടിക്കെട്ട് കൺവീനറായ പി.ശശിധരൻ എന്ന ശശി ചാനലിന് ഇത്തവണത്തെ പ്രത്യേകതകൾ വിവരിച്ചു: ‘‘യുദ്ധക്കെടുതികൾ തുടരുന്നതിനാൽ ഇത്തവണ എല്ലാവരിലേക്കും സമാധാനവും സന്തോഷവുമെത്തിക്കാൻ ഹൃദയാകൃതിയിൽ വിരിയുന്ന സ്പെഷൽ അമിട്ട് ഞങ്ങളുടെ പ്രത്യേകതയാണ്’’–ശശി പറഞ്ഞു.
മറ്റൊരിടത്ത് സ്ത്രീത്തൊഴിലാളികളായ ഭവാനി, പ്രേമ, സുഭദ്ര, അനിത, വത്സല എന്നിവരുടെ നേതൃത്വത്തിൽ നീളത്തിലുള്ള കരിമരുന്ന് തിരിയുടെ നിർമാണം. ഇവർക്കൊപ്പം കരിയും വെടിയുപ്പും കരിമരുന്നും ചേർത്ത വെള്ളത്തിൽ തിരികൾ മുക്കിപ്പൊക്കുകയാണ് വിൽസൺ.
വിൽസൺ നൽകുന്ന തിരികൾ സ്ത്രീകൾ ഓരോന്നായി വേർതിരിച്ചെടുക്കുന്നു. അപ്പോഴേക്കും തിരുവമ്പാടിക്കായി വെടിക്കെട്ട് ഒരുക്കുന്ന ലൈസൻസി മുണ്ടത്തിക്കോട് പന്തലങ്ങാട്ട് സതീഷ് എത്തി.
അവിടെ ഗുണ്ടുകളുടെയും അമിട്ടുകളുടെയും നിർമാണം. എല്ലാവരും ഒരുമിച്ചുള്ള ചിത്രം വേണമെന്നു പറഞ്ഞതോടെ ശശിധരൻ തൊഴിലാളികളെ വിളിച്ച് പടമെടുപ്പിച്ചു.
വലിയ അമിട്ടുകൾക്കു തൊട്ടടുത്തായി ഞങ്ങൾ. സമീപത്തുള്ള ചെറിയ വാഴത്തോപ്പിലെ വാഴകളിലൊന്നിൽ പഴുത്തു തുടങ്ങിയ പഴക്കുല തൂക്കിയിട്ടിട്ടുണ്ട്.
‘‘നിർമാണത്തിനിടയിൽ കരിമരുന്ന്, അലുമിനിയം തുടങ്ങിയവ വയറ്റിലെത്തുന്നത് പതിവാണ്. അതു വേഗം പുറന്തള്ളാനാണിതു കഴിക്കുന്നത്.’’ കൗതുകത്തോടെ പഴക്കുലയിൽ നോക്കിനിന്ന എന്നോട് തൊഴിലാളികളൊരാൾ പറഞ്ഞു.
ഒന്നര മണിക്കൂറോളം അവിടെ ചെലവഴിച്ച ശേഷം പന്ത്രണ്ടരയോടെ ഞങ്ങൾ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി.
വൈകിട്ട് നാലരയോടെ വീണ്ടും മനോരമ സംഘത്തിനൊപ്പം അവിടെ തിരിച്ചെത്തി. അതിനിടയിൽ കാലംതെറ്റി അവിടെ സൂര്യകാന്തിപ്പൂക്കൾ വിരിഞ്ഞിരുന്നു.
അതിൽ ജീവനുകൾ പൊലിഞ്ഞിരുന്നു. ഒരു മായാജാലം പോലെ ആ ഭൂമി കരിയും ചാരവും ശേഷിപ്പിച്ച് അപ്രത്യക്ഷമായിരിക്കുന്നു.
ഹൃദയാകൃതിയിലുള്ള ആ സ്പെഷൽ അമിട്ടിനൊപ്പം നാടിന്റെ ഹൃദയവും ചിന്നിച്ചിതറി നിൽക്കുന്നു. 100 വർഷം: കേരളത്തെ നടുക്കിയ വെടിക്കെട്ടപകടം 51; മരണം 474
1929 ഏപ്രിൽ 12: പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ മീനഭരണിയോടനുബന്ധിച്ച വെടിക്കെട്ടിനിടെ അപകടത്തിൽ 4 മരണം
1933 ഏപ്രിൽ 17: എറണാകുളത്തു വെടിമരുന്നുശാലയ്ക്കു തീപിടിച്ചു 4 മരണം.
1951 ഏപ്രിൽ 20: കൊല്ലം ചവറയിൽ 3 മരണം.
1952 ജനുവരി 14: ശബരിമല മകരവിളക്കിനോടനുബന്ധിച്ചു വെടിമരുന്നു സൂക്ഷിച്ചിരുന്ന കെട്ടിടത്തിനു തീപിടിച്ച് 70 മരണം.
1957 മേയ് 05: തൃശൂർ വെള്ളാങ്ങല്ലൂർ 4 മരണം.
1957 മേയ് 06: കൊല്ലം ചവറയിൽ 5 മരണം.
1957 മേയ് 12: തൃശൂർ ഒളരിക്കരയിൽ വെടിമരുന്നുശാലയ്ക്ക് ഇടിവെട്ടേറ്റുണ്ടായ സ്ഫോടനത്തിൽ 3 മരണം.
1964 ഏപ്രിൽ 21: കോട്ടയം കുറവിലങ്ങാട് സെന്റ് മേരീസ് ഫൊറോനപ്പള്ളിക്കു സമീപം വെടിമരുന്നുശാല കത്തി 4 മരണം.
1965 ഓഗസ്റ്റ് 24: പാലക്കാട് നെച്ചുള്ളിയിൽ 3 മരണം.
1967 ഫെബ്രുവരി 11: പാലക്കാട് പത്തിരിപ്പാലയിൽ 7 മരണം.
1967 മേയ് 17: തൃശൂർ നടത്തറയിൽ 6 മരണം.
1968 ഏപ്രിൽ 09: തൃശൂർ കോടന്നൂർ പള്ളിപ്പുറത്ത് 5 മരണം.
1969 ഏപ്രിൽ 12: പാലക്കാട് നെന്മാറയിൽ 8 മരണം.
1976 ജനുവരി 24: കോട്ടയം കൊങ്ങാണ്ടൂരിൽ 3 മരണം.
1976 ഫെബ്രുവരി 28: തൃശൂർ കാണിപ്പയ്യൂരിൽ 4 മരണം.
1977 ജനുവരി 21: എറണാകുളം പൂയ്യപ്പിള്ളിയിൽ 5 മരണം.
1978 ഏപ്രിൽ 20: തൃശൂർ പൂരത്തോടനുബന്ധിച്ചുള്ള വെടിക്കെട്ട് അപകടത്തിൽ 5 മരണം.
1979 ഏപ്രിൽ 09: കോട്ടയം തോട്ടയ്ക്കാട്ട് 3 മരണം.
1981 മാർച്ച് 21: പാലക്കാട് ഒറ്റപ്പാലത്ത് 8 മരണം.
1982 ഫെബ്രുവരി 06: തൃപ്പൂണിത്തുറ വടക്കുംപുറത്ത് 3 മരണം.
1983 മാർച്ച് 17: പാലക്കാട്ട് 3 മരണം.
1984 ജനുവരി 06: തൃശൂർ കണ്ടശാംകടവ് പള്ളി പിണ്ടിപ്പെരുന്നാളിനോടനുബന്ധിച്ചു കരിമരുന്നുപ്രയോഗത്തിനുള്ള വെടിക്കോപ്പുകൾക്കു തീപിടിച്ച് 15 മരണം.
1985 ജനുവരി 08: പാലക്കാട് കാവശേരിയിൽ 4 മരണം.
1985 ഫെബ്രുവരി 09: തൃശൂർ കൃഷ്ണൻകോട്ടപ്പുഴ വഞ്ചിയിലിരുന്ന വെടിക്കെട്ടു സാധനങ്ങൾ പൊട്ടിത്തെറിച്ച് 4 മരണം.
1986 മാർച്ച് 30: പാലക്കാട് കുഴൽമന്ദം നൊച്ചുള്ളിയിൽ 6 മരണം.
1987 മേയ് 12: പാലക്കാട് ഒലവക്കോട് കാവിൽപാട്ട് 5 മരണം.
1988 മാർച്ച് 05: തൃപ്പൂണിത്തുറയിൽ 10 മരണം.
1989 ഏപ്രിൽ 03: മലപ്പുറം മഞ്ചേരിയിൽ പടക്കക്കടയിലുണ്ടായ പൊട്ടിത്തെറിയിൽ 5 മരണം.
1990 മാർച്ച് 24: കൊല്ലം പോരുവഴി മലനട
ദുര്യോധനക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ വെടിക്കെട്ടപകടത്തിൽ 26 മരണം.
1990 മാർച്ച് 30; ചെങ്ങന്നൂർ വണ്ടിമല ദേവീക്ഷേത്രത്തിലെ ഉത്സവത്തിനായി സൂക്ഷിച്ചിരുന്ന വെടിക്കോപ്പുകൾ പൊട്ടിത്തെറിച്ച് 4 മരണം.
1991 നവംബർ 02: മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം വെടിമരുന്നുശാലയ്ക്കു തീപിടിച്ച് 12 മരണം.
1995 മാർച്ച് 18: കണ്ണൂർ തായത്തെരുവിൽ 5 മരണം.
1997 നവംബർ 16: തൃശൂർ കൊക്കാലയിൽ 4 മരണം.
1998 ഫെബ്രുവരി 10: തൃശൂർ കുന്നംകുളത്തു 4 മരണം.
1998 മാർച്ച് 06: തൃശൂർ ചാവക്കാട്ട് 4 മരണം.
1999 മാർച്ച് 04: പാലക്കാട് ആലൂർ ചാമുണ്ഡിക്കാവ് ദേവീക്ഷേത്രം ഉത്സവത്തിനുള്ള വെടിക്കോപ്പുകൾക്കു തീപിടിച്ച് 8 മരണം.
2000 ഡിസംബർ 23: തൃശൂർ മങ്ങാട്ടുപാടം പടക്കശാലയ്ക്കു തീപിടിച്ച് 5 മരണം.
2002 മാർച്ച് 28: തൃപ്പൂണിത്തുറ തെക്കുംഭാഗം വലിയതറ ഭഗവതീക്ഷേത്രം ഉത്സവത്തിനു കതിന നിറയ്ക്കുമ്പോഴുണ്ടായ സ്ഫോടനത്തിൽ 5 മരണം.
2003 മാർച്ച് 03: തൃശൂർ വെങ്ങിലശേരി മണിമലർക്കാവ് ക്ഷേത്രത്തിനു സമീപം കശുമാവിൻതോപ്പിലെ പടക്കശാലയിലുണ്ടായ സ്ഫോടനത്തിൽ 4 മരണം.
2006 മാർച്ച് 02: ആലപ്പുഴ നൂറനാട് കഞ്ചുകോട് പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ 6 മരണം.
2006 മേയ് 04: തൃശൂർ പൂരത്തോടനുബന്ധിച്ചു പാറമേക്കാവ് ദേവസ്വത്തിന്റെ വെടിമരുന്നുശാല കത്തി 7 മരണം.
2007 ഏപ്രിൽ 13: മലപ്പുറം എടയൂർ പുല്ലംപറമ്പ് വെടിക്കെട്ടുശാലയിലുണ്ടായ സ്ഫോടനത്തിൽ 7 മരണം.
2009 മാർച്ച് 02: പാലക്കാട് തൃത്താല മുടവന്നൂർകുന്ന് പണ്ടാരക്കുണ്ടിൽ പടക്കനിർമാണത്തിനിടെ 7 മരണം.
2010 ഓഗസ്റ്റ് 01: ഹരിപ്പാട് പടക്കനിർമാണകേന്ദ്രം പൊട്ടിത്തെറിച്ച് 5 മരണം.
2011 ഫെബ്രുവരി 01: ഒറ്റപ്പാലം മാന്നന്നൂരിനു സമീപം ത്രാങ്ങാലിയിൽ പടക്കശാല കത്തി 13 മരണം.
2011 ഡിസംബർ 28: തൃശൂർ അത്താണി സീമെറ്റിനു സമീപം പടക്കശാല കത്തി 6 മരണം.
2013 മാർച്ച് 02: പാലക്കാട് ചേർപ്പുളശേരി പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ 7 മരണം.
2016 ഏപ്രിൽ 10: കൊല്ലം പരവൂർ പുറ്റിങ്ങൽ ദേവി ക്ഷേത്രത്തിൽ വെടിക്കെട്ടപകടത്തിൽ 110 മരണം. 750 ൽ ഏറെ പേർക്കു പരുക്ക്.
180 വീടുകൾ തകർന്നു.
2020 മാർച്ച് 20: കുട്ടനാട് പുളിങ്കുന്നിലെ അനധികൃത പടക്ക നിർമാണശാല പൊട്ടിത്തെറിച്ച് 8 മരണം
2024 ഫെബ്രുവരി 12: തൃപ്പൂണിത്തുറ പുതിയകാവ് ഭഗവതിക്ഷേത്രത്തിൽ വെടിക്കെട്ടപകടത്തിൽ 2 മരണം.
2024 ഒക്ടോബർ 29: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവിലെ കളിയാട്ടത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തിൽ 6 മരണം
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

