പൂജാ അവധിക്കാലത്തെ വൻ യാത്രാത്തിരക്ക് മുതലെടുത്ത് ട്രെയിൻ റിസർവേഷൻ ടിക്കറ്റുകൾ അനധികൃതമായി പൂഴ്ത്തിവെച്ച് ഉയർന്ന വിലയ്ക്ക് മറിച്ചുവിറ്റ അസം സ്വദേശികൾ റെയിൽവേ സംരക്ഷണ സേനയുടെ (ആർപിഎഫ്) പിടിയിലായി. ആർപിഎഫ് സീനിയർ ഡിവിഷനൽ സുരക്ഷാ കമ്മിഷണർ മുഹമ്മദ് ഹനീഫിന്റെ കർശന നിർദേശത്തെ തുടർന്ന്, ആർപിഎഫ് ഇൻസ്പെക്ടർ എം.പി.
ഷിനോജ്കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് അസം നാഗാവ് സ്വദേശിയായ സൈഫുദ്ദീൻ അഹമ്മദ് (22), വടക്കാഞ്ചേരി സ്റ്റേഷൻ പരിസരത്തുനിന്ന് സുൽമാൻ അലി (31) എന്നിവരാണ് അറസ്റ്റിലായത്.
സൈഫുദ്ദീന്റെ പക്കൽനിന്ന് 12,900 രൂപയും 15,300 രൂപയും വിലവരുന്ന രണ്ട് തത്കാൽ ടിക്കറ്റുകൾ കണ്ടെടുത്തു. ഇതിനുപുറമേ പൂരിപ്പിച്ച നാല് റെയിൽവേ റിസർവേഷൻ ഫോമുകളും, പൂരിപ്പിക്കാത്ത ഫോമുകളും, രണ്ട് മൊബൈൽ ഫോണുകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
മറ്റൊരു പ്രതിയായ സുൽമാൻ അലിയുടെ കൈവശത്തുനിന്ന് 5,360 രൂപ, 5,355 രൂപ, 9,675 രൂപ എന്നിങ്ങനെ വിവിധ നിരക്കുകളിലുള്ള മൂന്ന് ടിക്കറ്റുകളാണ് കണ്ടെത്തിയത്. ഇയാളുടെ പക്കൽനിന്നും റിസർവേഷൻ ഫോമുകളും മൊബൈൽ ഫോണും ആർപിഎഫ് കസ്റ്റഡിയിലെടുത്തു.
യാതൊരുവിധ ഔദ്യോഗിക അനുമതിയും ഇല്ലാതെ തത്കാൽ ഉൾപ്പെടെയുള്ള റിസർവേഷൻ ടിക്കറ്റുകൾ സംഘടിപ്പിച്ച്, അത്യാവശ്യക്കാരായ യാത്രക്കാരിൽനിന്ന് വൻ തുക ഈടാക്കി വിൽപന നടത്തിവരികയായിരുന്നുവെന്ന് ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി അധികൃതർ വ്യക്തമാക്കി. പ്രതികൾക്കെതിരെ ആർപിഎഫ് നിയമപ്രകാരം ഔദ്യോഗികമായി കേസുകൾ രജിസ്റ്റർ ചെയ്തു.
തുടർന്ന് ഇവരെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കുകയും കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു. ആർപിഎഫ് ഇൻസ്പെക്ടർക്കൊപ്പം എസ്ഐ ഗീതു കൃഷ്ണൻ, എഎസ്ഐ കെ.എസ്.
രാജീവ്, ഹെഡ് കോൺസ്റ്റബിൾമാരായ റഷീദ്, അജീഷ് കൃഷ്ണൻ, കോൺസ്റ്റബിൾമാരായ നജീം, സരിൻ എന്നിവര അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

