തൃശൂർ ∙ 33 കിലോമീറ്റർ ദൂരം താണ്ടണമെങ്കിൽ 215 രൂപ ടോൾ കൊടുത്താൽ മാത്രം പോരാ, ആയുസ്സിനു ബലം കൂടി വേണം. ദേശീയപാത 544ൽ പാലിയേക്കരയിലെയും പന്നിയങ്കരയിലെയും ടോൾപ്ലാസകൾക്കിടയിൽ യാത്ര ചെയ്യുന്നവരെ കാത്തിരിക്കുന്നതു മരണക്കെണികളാണ്.
കഴിഞ്ഞ 3 ദിവസത്തിനിടെ മാത്രം 3 പേരുടെ ജീവൻ പൊലിഞ്ഞു. തെരുവുവിളക്കുകളില്ലാതെ ഇരുളടഞ്ഞ മേഖലകൾ, കാൽനട
യാത്രക്കാരെ നിരന്തരം അപായപ്പെടുത്തുന്ന ഇടങ്ങൾ, അപകട മുന്നറിയിപ്പ് ബോർഡുകളുടെ അഭാവം, റോഡ് പണി നടക്കുന്നയിടങ്ങളിലെ അശാസ്ത്രീയ ഗതാഗത ക്രമീകരണങ്ങൾ എന്നിങ്ങനെ ഒട്ടേറെ മരണക്കെണികൾ ഈ മേഖലയിൽ യാത്രക്കാരെ കാത്തിരിക്കുന്നു.
നടത്തറയിലെ റെഡ് സിഗ്നൽ
എറണാകുളം ഭാഗത്തു നിന്നു പാലിയേക്കര ടോൾ പ്ലാസയിൽ 95 രൂപ ടോൾ കൊടുത്തു യാത്രചെയ്യുന്നവരും തൃശൂരിൽ നിന്നു കുട്ടനെല്ലൂർ, നടത്തറ ജംക്ഷനുകൾ വഴി ദേശീയപാതയിലേക്കെത്തുന്നവരും പാലക്കാടു ദിശയിലേക്കു പോകുമ്പോൾ ആദ്യം പിന്നിടേണ്ടതു നടത്തറ സിഗ്നലിലെ അപകട
മുനമ്പാണ്. ദേശീയപാതയിലെ മറ്റു പ്രധാന ജംക്ഷനുകളിലെല്ലാം മേൽപാലം ഉയരുമ്പോൾ നടത്തറ ഇപ്പോഴും സിഗ്നൽ യുഗത്തിൽ തുടരുന്നു.
അർധരാത്രിയിലൊഴികെ മറ്റു സമയങ്ങളിലെല്ലാം അതിരൂക്ഷ ഗതാഗതക്കുരുക്ക്. ഇതര സംസ്ഥാന ലോറികൾ പലപ്പോഴും സിഗ്നൽ അവഗണിച്ചു മുന്നോട്ടു പായുമ്പോൾ അപകടം പതിവ്.
മാസങ്ങൾക്കിടെ 3 ജീവനുകൾ ഇത്തരത്തിൽ പൊലിഞ്ഞു. മണ്ണുത്തി ഭാഗത്തേക്കു പോകുമ്പോൾ റോഡിന്റെ ഇടതുവശത്തു സർവീസ് റോഡ് ഇല്ലാത്തതു കാരണം എതിർദിശയിലൂടെ വാഹനങ്ങൾ കയറിവരുന്നതു പതിവ്.
ഒരു വണ്ടിയും സേഫ് അല്ല
അപകടങ്ങളൊഴിവാക്കാനാണു മേൽപാലം നിർമിക്കുന്നതെങ്കിലും മണ്ണുത്തിയിലെ മേൽപാലത്തിന്റെ കാര്യത്തിൽ വ്യത്യാസമുണ്ട്.
മഴക്കാലത്തു സ്വിമ്മിങ് പൂളിലെന്നതു പോലെ പാലത്തിനു മുകളിൽ വെള്ളം കെട്ടിനിൽക്കും. ഇരുചക്ര വാഹനക്കാരുടെയും താഴത്തെ സർവീസ് റോഡുകളിലെ യാത്രക്കാരുടെയും കാര്യം കട്ടപ്പുക.
മഴ പെയുന്ന സമയത്താണെങ്കിൽ പാലത്തിനു മുകളിൽ വേഗമൽപം കൂടിപ്പോയാൽ വാഹനങ്ങൾ നിയന്ത്രണം വിട്ടു മറിയും. അടുത്തിടെ മണ്ണുത്തി മേൽപാലത്തിനു മുകളിലുണ്ടായ ഒരു അപകടത്തിന്റെ ദൃശ്യങ്ങൾ രാജ്യം മുഴുവൻ സമൂഹമാധ്യമ ചർച്ചയായി.
കോടികൾ വിലമതിക്കുന്ന ആഡംബരക്കാർ ആണ് അപകടത്തിൽപ്പെട്ടത്.
മരണത്തിലേക്കൊരു കാൽനട
മണ്ണുത്തിയിൽ നിന്നു തോട്ടപ്പടി, ആറാംകല്ല് ഭാഗങ്ങളിലേക്കെത്തുമ്പോൾ സ്ഥിരം അപകട
മേഖലകളിലേക്കാണു പ്രവേശിക്കുക. റോഡ് മുറിച്ചുകടക്കുന്ന ഭാഗങ്ങളിൽ ഇവിടെ വഴിവിളക്കുകളില്ല.
ഇരുവശത്തും ജനവാസ മേഖലകളായതിനാൽ സന്ധ്യയ്ക്കു ശേഷം റോഡ് മുറിച്ചു കടക്കാൻ നിൽക്കുന്നവരേറെ. ഇരുട്ടിൽ ഇവർ റോഡ് മുറിച്ചു കടക്കുമ്പോൾ പലപ്പോഴും വാഹന ഡ്രൈവർമാരുടെ കണ്ണിൽപ്പെടാതെ പോകുന്നു.
വീട്ടമ്മയുടെ ജീവൻ നഷ്ടപ്പെട്ടതടക്കം എത്രയോ അപകടങ്ങൾ ഈ മേഖലയിൽ നടന്നെങ്കിലും പ്രശ്ന പരിഹാരത്തിനു ശ്രമമില്ല. മുല്ലക്കര ഭാഗത്തു വിദ്യാർഥികൾക്കടക്കം റോഡ് മുറിച്ചു കടക്കാൻ നടപ്പാലം നിർമിക്കാൻ 3 വർഷം മുൻപു പദ്ധതി തയ്യാറായിരുന്നു.
എന്നാൽ, ഇപ്പോഴും നടപ്പാലം ഒരുങ്ങിയിട്ടില്ല.
നിയന്ത്രണം വിടുന്ന പട്ടിക്കാട്
പട്ടിക്കാട് മേൽപാലത്തിന്റെ പരിസരത്തു വാഹനങ്ങൾ നിയന്ത്രണംവിട്ട് അപകടങ്ങൾ ഉണ്ടാകുന്നതു പുതിയ കാര്യമല്ല. ദേശീയപാതയോരുത്ത് അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും അമിതവേഗവുമൊക്കെ ഇവിടെ അപകടങ്ങൾക്കു വഴിയൊരുക്കുന്നു.
പുതുതായി ടാറിങ് നടത്തിയതിനു ശേഷം റിഫ്ലക്ടറുകളോ ലൈൻ മാർക്കിങ്ങോ നടത്താത്തതു കാരണം വാഹനങ്ങൾ ഒറ്റവരയിൽ നിരന്നുപോകുന്ന അവസ്ഥയാണ്. ഇതര സംസ്ഥാന ലോറികളടക്കം ഹെവി വാഹനങ്ങളൊന്നും ലൈൻ ട്രാഫിക് പാലിക്കുന്നതേയില്ല.
റോഡിന്റെ വലത്തേയറ്റത്തെ സ്പീഡ് ട്രാക്കിലൂടെ 40 കിലോമീറ്റർ വേഗത്തിൽ ലോറികൾ നിരനിരയായി ഇഴഞ്ഞു നീങ്ങുന്നതു വാഹനക്കുരുക്കിനും വഴിയൊരുക്കുന്നു. ഇൻഡിക്കേറ്റർ ഉപയോഗിക്കാതെ ഇവർ തോന്നുംപടി ട്രാക്ക് മാറ്റുന്നതും അപകടങ്ങൾക്കു കാരണമാണ്.
വഴുക്കുന്ന വഴുക്കുംപാറ
പട്ടിക്കാട് മേൽപാലം കഴിഞ്ഞാൽ കുതിരാൻ വരെ വഴിവിളക്കുകളില്ല.
കനത്ത ഇരുട്ടിൽ ഹെഡ്ലൈറ്റുകളുടെ പ്രകാശത്തിൽ മാത്രമാണു വാഹന ഗതാഗതം. പുതുതായി ടാറിങ് കഴിഞ്ഞ ഭാഗങ്ങളിലൊന്നും റിഫ്ലക്ടറുകളും വെള്ളവരകളും ഇല്ലാത്തതിനാൽ രാത്രി കാലങ്ങളിൽ റോഡ് മൊത്തത്തിൽ ഇരുട്ടുപുതച്ചു കിടക്കും.
ചില പ്രധാന കേന്ദ്രങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ ഉള്ളതു മാത്രമാണു റോഡിന്റെ ഗതി തിരിച്ചറിയാൻ സഹായം. കുതിരാനിലേക്കെത്തുമ്പോൾ വീണ്ടും വഴിവിളക്കുകൾ കാണാമെങ്കിലും ഇരട്ടത്തുരങ്കം പിന്നിട്ടാലുടൻ വീണ്ടും ഇരുട്ടിലേക്കുള്ള യാത്രയാണ്.
തുരങ്കങ്ങളിലൊന്നിൽ അറ്റകുറ്റപ്പണിക്കു വേണ്ടി ഗതാഗതം രണ്ടു വരിയിലേക്കു ചുരുക്കിയിട്ടുണ്ട്.
എങ്ങുമെത്താത്ത വാണിയംപാറ
ചിറങ്ങരയിലും പേരാമ്പ്രയിലും മുടിക്കോടുമൊക്കെ മേൽപാലങ്ങളുടെ മിനുക്കുപണി ഒഴികെ ബാക്കിയെല്ലാം പൂർത്തിയായെങ്കിലും വാണിയമ്പാറയിലേതു ധർമസങ്കടക്കാഴ്ച. മേൽപാലം ഇപ്പോഴും അസ്ഥികൂടമായി നിൽക്കുന്നു.
അശാസ്ത്രീയമായ രീതിയിലെ ഗതാഗത ക്രമീകരണം കുരുക്കിനും അപകടങ്ങൾക്കും വഴിയൊരുക്കുന്നു. പലപ്പോഴും മേൽപാലം നിർമാണസ്ഥലത്തു ജോലികൾ നടക്കുന്നതു കാണാൻ യാത്രക്കാർക്കു യോഗമില്ല.
ഇരുട്ടിൽ ഒറ്റവരിയിലൂടെ വാഹനങ്ങൾ തിക്കിത്തിരക്കിയാണു കടന്നു പോകുന്നത്. ഗതാഗതം നിയന്ത്രിക്കാൻ പൊലീസിനെ കാണുന്നതും അപൂർവം.
ഇവിടെ നിന്നു പന്നിയങ്കരയിലെത്തിയാൽ വീണ്ടും 120 രൂപ കാറുകൾക്കു ടോൾ കൊടുക്കണം. വലിയ വാഹനങ്ങൾക്കു ടോൾ നിരക്ക് പിന്നെയും ഉയരും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

