തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട കാറളത്ത് എഴുപത്തൊൻപതുകാരിയായ വയോധികയെ വീടിനുള്ളിൽ കൊല്ലപ്പെട്ട
നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അയൽവാസി അറസ്റ്റിലായി. കാറളത്ത് വാടകയ്ക്ക് താമസിക്കുന്ന തൃപ്രയാർ ഈസ്റ്റ് സ്വദേശി കോടഞ്ചേരി വീട്ടിൽ മുഹമ്മദ് റാഫി (58) ആണ് തൃശൂർ റൂറൽ എസ്പി മുഹമ്മദ് നദീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ പിടിയിലായത്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് കാറളം മൃഗാശുപത്രിക്കു സമീപം താമസിക്കുന്ന അരിമ്പുള്ളി സാവിത്രിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സാവിത്രിയുടെ കഴുത്തിലുണ്ടായിരുന്ന മാല, ആറ് വളകൾ, മോതിരം എന്നിവയുൾപ്പെടെ പതിനാറ് പവന്റെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നു.
പലതവണ കടം ചോദിച്ചിട്ടും നൽകാത്തതിലുള്ള വിരോധവും ആഭരണങ്ങൾ മോഷ്ടിക്കുക എന്ന ലക്ഷ്യവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തെ തുടർന്ന് റൂറൽ എസ്പിയുടെ നേതൃത്വത്തിൽ മൂന്ന് പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് നടത്തിയ ഊർജിത അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്.
സാവിത്രിയും ഭർത്താവ് വിജയനും ഇളയ മകൻ സുമേഷിനൊപ്പമാണ് താമസിച്ചിരുന്നത്. വിദേശത്തുനിന്നെത്തിയ പ്രതി കഴിഞ്ഞ നാലര വർഷമായി സാവിത്രിയുടെ വീടിന് തൊട്ടുമുന്നിൽ മറ്റൊരു മകനായ സുജേഷിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് വാടകയ്ക്ക് താമസിച്ച് വന്നിരുന്നത്.
മകന്റെ വാടകക്കാരൻ എന്നതിലുപരി കുടുംബത്തിന്റെ എല്ലാ കാര്യങ്ങളിലും സഹായത്തിനായി കൂടെയുണ്ടായിരുന്ന വ്യക്തിയാണ് പ്രതി. കൊലപാതകം നടന്ന ദിവസം സാവിത്രിയുടെ മകൻ സുമേഷും ഭാര്യ രീഷ്മയും ചേർന്ന് അവശനായ അച്ഛൻ വിജയനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഒരുങ്ങുമ്പോൾ എല്ലാ സഹായവുമായി റാഫിയുമുണ്ടായിരുന്നു.
വിജയനെ വസ്ത്രങ്ങൾ ധരിപ്പിച്ചതും ഇവരുടെ കാറിലെ തകരാറിലായ വൈഫൈ ശരിയാക്കി നൽകിയതും പ്രതിയായിരുന്നു. കുടുംബാംഗങ്ങൾ ആശുപത്രിയിലേക്ക് പോയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പ്രതി കൃത്യത്തിനായി എത്തിയത്.
വീടിന്റെ ഇടതുവശത്തുള്ള അടുക്കളയുടെ ഇരുമ്പുവാതിൽ തുറന്ന് അകത്തുകയറിയ പ്രതി, സോഫയിൽ ഇരിക്കുകയായിരുന്ന സാവിത്രിയെ പിടികൂടി അവർ ധരിച്ചിരുന്ന സാരിയുടെ ഭാഗം ഉപയോഗിച്ച് കഴുത്തിൽ കുരുക്കി കിടപ്പുമുറിയിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. തുടർന്ന് സാരി മുറുക്കി കൊലപ്പെടുത്തുകയും മരണം ഉറപ്പാക്കാൻ തലയിണ മുഖത്ത് അമർത്തി ശ്വാസംമുട്ടിക്കുകയും ചെയ്തു.
ശരീരത്തിൽ ഉണ്ടായിരുന്ന സ്വർണാഭരണങ്ങൾ ഊരിയെടുത്ത ശേഷം തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി അടുക്കളയിൽ നിന്ന് മുളകുപൊടി എടുത്ത് തറയിൽ വിതറി. തുടർന്ന് വീടിന്റെ പിറകിലൂടെ ഇറങ്ങി സമീപത്തെ പറമ്പിലൂടെ ഇടറോഡിലേക്ക് കയറി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് വിശദമാക്കുന്നു.
ആസൂത്രിതമായി കൊലപാതകം നടത്തിയ ശേഷം യാതൊരു ഭാവമാറ്റവുമില്ലാതെ പ്രതി പ്രദേശത്തും മരണവീട്ടിലും സജീവമായി ഉണ്ടായിരുന്നത് നാട്ടുകാരെയും ഞെട്ടിച്ചിട്ടുണ്ട്. തൃശൂർ റൂറൽ എഎസ്പി ടി.എസ്.
സിനോജ്, ഇരിങ്ങാലക്കുട ഡിവൈഎസ്പി എം.കെ.
ഷാജി എന്നിവരുടെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർമാരായ എ. വിനോജ്, ഇ.ആർ.
ബൈജു, കെ.പി. മിഥുൻ തുടങ്ങിയവർ അടങ്ങിയ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.
സ്കൂൾ വിട്ടെത്തിയ പേരക്കുട്ടിയാണ് ആദ്യം മൃതദേഹം കാണുന്നത്. തുടർന്ന് നാട്ടുകാരും പൊലീസും സ്ഥലത്തെത്തിയപ്പോഴും യാതൊരു സംശയത്തിനും ഇടനൽകാതെ പ്രതി സജീവമായി ഒപ്പമുണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

