ഭൂപ്രശ്നങ്ങൾ മുൻനിർത്തി ഇടുക്കി ജില്ലയിൽ സിപിഎം ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തു. ഹൈറേഞ്ചിലെ ജനജീവിതത്തെ ബാധിക്കുന്ന വിവിധ വിഷയങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.
പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറത്തിറക്കിയ കെഡസ്ട്രൽ മാപ്പിലെ അവ്യക്തത പരിഹരിക്കുക, കാർഡമം ഹിൽ റിസർവ് (സിഎച്ച്ആർ) പ്രദേശം വനഭൂമിയാക്കി മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുക, ആനത്താരകൾ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്.
രാവിലെ മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ ആചരിക്കുന്നത്. അതേസമയം, ജനങ്ങളുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായി ചില വിഭാഗങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അവശ്യ സർവീസുകൾ, ജില്ലയ്ക്ക് പുറത്തുനിന്ന് എത്തുന്ന വിനോദസഞ്ചാരികൾ, റവന്യൂ കായികമേളയുമായി ബന്ധപ്പെട്ട യാത്രകൾ, പിആർഡിഎസ് പരിപാടിക്കായി പോകുന്ന വാഹനങ്ങൾ എന്നിവയെ ഹർത്താൽ പരിധികളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഹർത്താലിന്റെ പശ്ചാത്തലത്തിൽ ഇന്ന് നടക്കേണ്ടിയിരുന്ന പ്ലസ് വണ് ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റിവെച്ചു. ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് ഉണ്ടാകാനിടയുള്ള യാത്രാതടസ്സങ്ങൾ കണക്കിലെടുത്താണ് പരീക്ഷ ബോർഡ് ഈ തീരുമാനം എടുത്തത്.
പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് ഔദ്യോഗികമായി അറിയിക്കുന്നതായിരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

