
എരുമപ്പെട്ടി∙ റോഡ് നിർമാണത്തിനിടെ കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ വ്യാപകമായി പൊട്ടി. ഇതോടെ പ്രദേശത്തെ നൂറിലധികം കുടുംബങ്ങൾക്ക് കുടിവെള്ള വിതരണം മുടങ്ങി.
പൊട്ടിയ പൈപ്പുകൾ മാറ്റി സ്ഥാപിക്കാൻ തയാറാകാത്ത അധികൃതരുടെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. റോഡ് നിർമാണം ഏറ്റെടുത്ത കരാറുകാരനും കയ്യാെഴിഞ്ഞതോടെ നാട്ടുകാർ ദുരിതത്തിലായി.
എരുമപ്പെട്ടി പഞ്ചായത്തിലെ 15ാം വാർഡിൽ നൂറിലധികം കുടുംബങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കോട്ടപ്പുറം ചേങ്ങോട് പ്രദേശത്തെ ജലനിധി കുടിവെള്ള പദ്ധതിയുടെ പൈപ്പുകളാണ് വ്യാപകമായി തകർക്കപ്പെട്ടത്. കോട്ടപ്പുറം – തയ്യൂർ റോഡ് വീതി കൂട്ടി പുനർനിർമിക്കുന്നതിന്റെ ഭാഗമായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡരികിലെ മണ്ണ് അശ്രദ്ധമായി കോരിമാറ്റന്നുതിനിടെയാണ് റോഡരികിൽ മണ്ണിനടിയിലൂടെയുണ്ടായിരുന്ന പൈപ്പുകൾ വ്യാപകമായി പലയിടത്തും പൊട്ടിപോയത്.
വെള്ളം പമ്പു ചെയ്യുന്ന കുഴൽകിണറിൽ നിന്ന് ടാങ്കിലേക്കും അവിടെ നിന്ന് വീടുകളിലേക്കുമുള്ള പൈപ്പുകളെല്ലാം പൊട്ടിയതോടെ ദിവസങ്ങളോളമായി വെള്ളം മുടങ്ങിയിരിക്കുകയാണ്.
പൈപ്പുകൾ മാറ്റി സ്ഥാപിച്ച് കുടിവെള്ള വിതരണം പുനഃസ്ഥാപിച്ച് തരണമെന്നാവശ്യപ്പെട്ട് പദ്ധതിയുടെ ഗുണഭാേക്തക്കളായ നാട്ടുകാർ പഞ്ചായത്ത് അധികൃതരോടും മരാമത്ത് അധികൃതരോടും പണി ഏറ്റെടുത്ത കരാറുകാരനോടും നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇത് തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് പറഞ്ഞ് അവരെല്ലാം കയ്യൊഴിയുകയാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
ഗുണഭാേക്താക്കൾ തന്നെ പണമെടുത്ത് പൈപ്പുകൾ മാറ്റി സ്ഥാപിക്കണമെന്നാണ് അവരുടെ നിലപാട്. ഇതിന് 1.25 ലക്ഷത്തിൽ പരം രൂപ ചെലവു വരുമെന്ന് ഗുണഭോക്താക്കൾ പറയുന്നു. മാസങ്ങൾക്കു മുൻപും റോഡ് നിർമാണത്തിന്റെ ഭാഗമായി ഇത്തരത്തിൽ പൈപ്പുകൾ പൊട്ടിച്ചെങ്കിലും കുടിവെള്ളം മുടങ്ങാതിരിക്കാൻ ഗുണഭോക്താക്കൾ തന്നെ കയ്യിൽ നിന്ന് 20,000ത്തിൽ പരം രൂപ ചെലവഴിച്ച് പൈപ്പുകൾ നന്നാക്കുകയായിരുന്നു.
പൈപ്പുകൾ മാറ്റാൻ ഭീമമായ തുക സാധാരണക്കാരും കൂലി പണിയെടുത്ത് ജീവിതം കഴിച്ചു കൂട്ടുന്നവരുമായ കുടുംബങ്ങൾക്ക് കഴിയാത്ത സാഹചര്യമാണുള്ളത്.
പഞ്ചായത്ത് അധികൃതർ ഇടപെട്ട് പൊട്ടിയ പൈപ്പുകൾ മാറ്റി തരണമെന്നാവശ്യപ്പെട്ട് ഗുണഭോക്താക്കളായ നാട്ടുകാർ സ്ഥലത്ത് പ്രതിഷേധം സംഘടിപ്പിച്ചു. ഗുണഭോക്ത സമിതി പ്രസിഡന്റ് വി.ഡി.തോമസ്, സെക്രട്ടറി കെ.എസ്.സുരേഷ്,വി.ജെ.ജയിംസ് എന്നിവർ നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]