മുളങ്കുന്നത്തുകാവ് ∙ മനുഷ്യന്റെ ആരോഗ്യ പരിപാലന പ്രവർത്തനത്തിൽ തൃശൂർ ഗവ. മെഡിക്കൽ കോളജ് സ്ഥിതി ചെയ്യുന്ന മണ്ണിന് രാജഭരണ കാലത്തോളം പഴക്കമുണ്ട്.
പൊതു ആരോഗ്യ പരിപാലനത്തിൽ രാജകുടുംബം പുലർത്തി വന്ന കരുതലിന്റെയും പ്രതിബദ്ധതയുടെയും ശേഷിപ്പുകൾ ഇന്നും മെഡിക്കൽ കോളജിലുണ്ട്. ഒരു കാലത്ത് മാരകമായ മാറാവ്യാധിയായി കരുതപ്പെട്ടിരുന്ന ക്ഷയരോഗത്തിന് ചികിത്സയൊരുക്കാൻ കൊച്ചി രാജാവ് എത്തിച്ചതെന്നു കരുതപ്പെടുന്ന എക്സ്റേ യന്ത്രവും അത് പ്രവർത്തിപ്പിക്കുന്നതിനു വേണ്ടി നിർമിച്ച കെട്ടിടവും മെഡിക്കൽ കോളജിൽ ഇന്നും അവശേഷിക്കുന്നു.
1930കളുടെ തുടക്കത്തിലാണ് കൊച്ചി രാജകുടുംബം മുൻകൈ എടുത്ത് മുളങ്കുന്നത്തുകാവിൽ കേരളവർമ ടിബി സാനറ്റോറിയം സ്ഥാപിക്കുന്നത്. ഇന്ന് മെഡിക്കൽ കോളജ് സ്ഥിതിചെയ്യുന്ന സ്ഥലത്താണ് ഇത് നിർമിച്ചത്.
രോഗം വന്നാൽ നാടുതള്ളിയിരുന്ന ക്ഷയരോഗ ബാധിതരെ ചികിത്സിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് സാനറ്റോറിയം സ്ഥാപിച്ചത്.
പുരോഗമനവാദിയായി അറിയപ്പെട്ടിരുന്ന കേരളവർമ ഏഴാമന്റെ (കേരളവർമ തമ്പുരാൻ) ഭരണ കാലത്താണ് 1940കളിൽ സാനറ്റോറിയത്തിന്റെ പ്രവർത്തനം വിപുലമാക്കിയത്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം വാർഡുകൾ, ഇവർക്ക് ഭക്ഷണം പാകം ചെയ്യുന്നതിന് പൊതു അടുക്കള, രോഗികളുടെ വസ്ത്രങ്ങൾ കഴുകാൻ അലക്കുപുര, രോഗികളുടെ കഫം ഉൾപ്പെടെയുള്ള ജൈവ മാലിന്യങ്ങൾ കത്തിക്കുന്നതിനു പ്രത്യേക സൗകര്യം, ചികിത്സയ്ക്കിടയിൽ മരിക്കുന്ന രോഗികളെ സംസ്കരിക്കാൻ ശ്മശാനം എന്നീ സൗകര്യങ്ങൾ സാനറ്റോറിയത്തിൽ ഒരുക്കിയിരുന്നു.
സ്വാതന്ത്ര്യാനന്തരം ആരോഗ്യ വകുപ്പ് സാനറ്റോറിയം ഏറ്റെടുത്തു.
കേരളവർമ ടിബി സാനറ്റോറിയം എന്ന പേരിൽ തന്നെയാണ് പിന്നീടും ആശുപത്രി അറിയപ്പെട്ടത്. സാനറ്റോറിയം സ്ഥിതി ചെയ്തിരുന്ന 250 ഏക്കർ സ്ഥലമാണ് 1983ൽ മെഡിക്കൽ കോളജിന്റെ നിർമാണത്തിനായി സർക്കാർ ഏറ്റെടുക്കുന്നത്.
വാർഡുകൾ പ്രവർത്തിച്ചിരുന്ന കെട്ടിടം മെഡിക്കൽ കോളജ് നോൺ ക്ലിനിക്കൽ വിഭാഗത്തിന്റെ പ്രവർത്തനത്തിനായി രൂപമാറ്റം വരുത്തി. ഡോക്ടർമാർ പരിശോധന നടത്തിയിരുന്ന കെട്ടിടം മെഡിക്കൽ കോളജിന്റെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിനും മോർച്ചറിക്കും ഫൊറൻസിക് മെഡിസിന്റെ പ്രവർത്തനത്തിനുമായി ഉപയോഗിച്ചു.
ഇവിടെയാണ് ആദ്യകാലത്തു നിർമിച്ച എക്സ്റേ യൂണിറ്റും മെഷീനും സൂക്ഷിച്ചിട്ടുള്ളത്. എക്സ്റേ മെഷീൻ പ്രവർത്തിപ്പിക്കുന്നതിനുള്ള ജനറേറ്റർ യൂണിറ്റുകളും ഫിലിം കഴുകുന്നതിനുള്ള ഡാർക്ക് റൂമും അതേപടി ഇപ്പോഴും അവശേഷിക്കുന്നു.
മെഡിക്കൽ കോളജിനായി സ്ഥലം ഏറ്റെടുത്തതോടെ ടിബി സാനറ്റോറിയത്തിന്റെ പ്രവർത്തനം നിർത്തുന്നതിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ക്ഷയരോഗ ചികിത്സയ്ക്ക് പ്രത്യേക സൗകര്യം ഉറപ്പു വരുത്തണം എന്നായിരുന്നു പ്രധാന ആവശ്യം. തർക്കം അവസാനം കോടതി കയറി.
മെഡിക്കൽ കോളജിനു വേണ്ടി നിർമിക്കുന്ന ആദ്യ ആശുപത്രി കെട്ടിടത്തിൽ ക്ഷയരോഗ ചികിത്സയ്ക്ക് സ്ത്രീകൾക്കും പുരുഷന്മാർക്കും രണ്ട് വാർഡുകൾ പ്രത്യേകമായി നീക്കിവയ്ക്കണമെന്നും ഇവരുടെ ചികിത്സയ്ക്ക് ആരോഗ്യ വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രത്യേക സൗകര്യം ഒരുക്കണമെന്നും തീർപ്പാക്കിയാണ് കോടതി തർക്കം പരിഹരിച്ചത്. ഈ തീർപ്പിന്റെ അടിസ്ഥാനത്തിലാണ് ആദ്യം നിർമിച്ച ആശുപത്രിക്ക് മെഡിക്കൽ കോളജ് നെഞ്ച് രോഗാശുപത്രി എന്ന് നാമകരണം ചെയ്തത്.
രാജാവിന്റെ ഓർമയ്ക്കായി ക്യാംപസിന്റെ ഹൃദയഭാഗത്ത് ഒരു സംരക്ഷിത വനം നിലനിർത്തിയിട്ടുണ്ട്. സംരക്ഷിത വനവും ആശുപത്രിയിലേക്ക് ആവശ്യമായ വെള്ളം പമ്പ് ചെയ്യുന്ന കുളവും കേരളവർമ രാജാവിന്റെ പേരിലാണ് അറിയപ്പെടുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

