കൊച്ചി∙ ഹോർമുസ് കടലിടുക്ക് വഴി ഇറാനിലേക്കും തിരിച്ചുമുള്ള കപ്പൽ ഗതാഗതം തടയാൻ അമേരിക്കൻ നാവികസേന ഒരുങ്ങുന്നതോടെ ക്രൂഡ്ഓയിൽ വില വീണ്ടും കുതിച്ചുയർന്നു. ബ്രെന്റ് ക്രൂഡിന്റെ വില 8% ഉയർന്ന് ബാരലിന് 102 ഡോളറിലെത്തി.
അമേരിക്കൻ ക്രൂഡിന്റെ വില 104 ഡോളറായും ഉയർന്നിട്ടുണ്ട്.
യുദ്ധം അവസാനിപ്പിക്കാൻ യുഎസും ഇറാനും തമ്മിൽ നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതാണ് പുതിയ നീക്കത്തിന് കാരണം. യുദ്ധത്തിന്റെ തുടക്കത്തിൽ ബാരലിന് 119 ഡോളർ വരെ എണ്ണവില ഉയർന്നിരുന്നെങ്കിലും ചർച്ചകൾക്കു വഴി തുറന്നതോടെ സംഘർഷത്തിന് അയവുവരുമെന്ന പ്രതീക്ഷയിൽ വില കുറഞ്ഞിരുന്നു.
തുറമുഖങ്ങൾ ഉപരോധിക്കുമെന്ന അമേരിക്കൻ പ്രഖ്യാപനത്തെ ഇറാൻ തള്ളിയെങ്കിലും മേഖലയിൽ നിലനിൽക്കുന്ന സംഘർഷ സാഹചര്യം വലിയതോതിലുള്ള എണ്ണവിതരണ തടസ്സമുണ്ടാക്കിയേക്കുമെന്നാണ് വിലയിരുത്തൽ.
ഇറാന്റെ തുറമുഖങ്ങളിൽ നിന്നുള്ള കപ്പൽ ഗതാഗതം പൂർണമായും തടയുമെന്നു പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നവംബറിൽ നടക്കാനിരിക്കുന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് വരെ എണ്ണവില ഉയർന്ന നിലയിൽ തുടർന്നേക്കുമെന്ന സൂചനയും നൽകി.
അമേരിക്കയുടെ ഉപരോധ ഭീഷണിയെത്തുടർന്ന് ടാങ്കറുകൾ ഹോർമുസ് കടലിടുക്ക് വഴിയുള്ള യാത്ര ഒഴിവാക്കുകയാണ്. പശ്ചിമേഷ്യൻ യുദ്ധം കാരണം രണ്ടാംപാദത്തിലെ എണ്ണ ആവശ്യകതയിൽ പ്രതിദിനം 5 ലക്ഷം ബാരലിന്റെ കുറവുണ്ടാകുമെന്നാണ് എണ്ണ ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിന്റെ നിരീക്ഷണം.
മാർച്ചിൽ ഒപെക് പ്ലസ് രാജ്യങ്ങളുടെ എണ്ണ ഉൽപാദനത്തിൽ 7.7 ദശലക്ഷം ബാരലിന്റെ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ഇറാനുമായുള്ള സംഘർഷത്തിനിടെ തകരാറിലായ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈൻ പുനഃസ്ഥാപിച്ചതായും പ്രതിദിനം 7 ദശലക്ഷം ബാരൽ എണ്ണ പമ്പ് ചെയ്യാൻ സജ്ജമാണെന്നും സൗദി അറേബ്യ വ്യക്തമാക്കി.
രൂപയ്ക്കും ആഘാതം
ക്രൂഡ്ഓയിൽ വില കുതിച്ചതോടെ ഡോളറിനെതിരെ രൂപ ദുർബലമായി. ഇന്നലെ 56 പൈസ ഇടിഞ്ഞതോടെ മൂല്യം 93.39ൽ എത്തി.
ഓഹരിവിപണികളിൽ നിന്നുള്ള വിദേശ നിക്ഷേപകരുടെ വിറ്റൊഴിക്കലും രൂപയ്ക്കു തിരിച്ചടിയായി.
ഓഹരി വിപണികളിൽ ഇടിവ്
പശ്ചിമേഷ്യയിലെ സംഘർഷം കടുത്തതോടെ ഓഹരി വിപണിയിലും ഇടിവ്. സെൻസെക്സ് സൂചിക ഇന്നലെ 702 പോയിന്റും നിഫ്റ്റി 207 പോയിന്റും ഇടിഞ്ഞു. യുദ്ധം നീണ്ടുനിൽക്കുമെന്ന ആശങ്കയും ക്രൂഡ്ഓയിൽ വിലയിലെ വർധനയുമാണ് വിപണികളിലെ ഇടിവിനു കാരണം.
ചൈന ഒഴികെയുള്ള ഏഷ്യൻ വിപണികളെല്ലാം ഇന്നലെ നഷ്ടത്തിലാണു വ്യാപാരം അവസാനിപ്പിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

