കൊടുങ്ങല്ലൂർ ∙ മുസിരിസ് പ്രദേശത്തെ കായൽഭംഗി ആസ്വദിക്കാനുള്ള ബോട്ടുകളിലേറെയും കട്ടപ്പുറത്ത്. അവധിക്കാല യാത്രയൊരുക്കാൻ മുസിരിസ് ഹെറിറ്റേജ് പ്രോജക്ട് കമ്പനിക്കു രണ്ടു ബോട്ട് സർവീസുകൾ മാത്രം.
രണ്ടായിരം വർഷം പഴക്കമുള്ള മുസിരിസ് പൈതൃക പദ്ധതി പ്രദേശത്തിലൂടെ സഞ്ചരിക്കാൻ ഒരുക്കിയതാണ് ഹോപ് ഓൺ ഹോപ് ഓഫ് ബോട്ട് സർവീസ്. 14 ബോട്ടുകൾ സർവീസ് നടത്തിയിരുന്ന പ്രദേശത്തു 24 സീറ്റുകൾ ഉള്ള രണ്ടു ബോട്ടുകൾ മാത്രമാണ് ഇപ്പോഴുള്ളത്.
നാലു പേർക്കു കയറാവുന്ന സ്പീഡ് ബോട്ടും പേരിനു സർവീസ് നടത്തുന്നുണ്ട്.
11 ബോട്ടുകൾ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകുകയാണ്. ഏറെ മാസങ്ങളായി പറവൂർ തട്ടുകടവ് ജെട്ടിയിൽ കെട്ടിയിട്ടിരിക്കുകയാണ് ബോട്ടുകൾ.
മുസിരിസ് ടൂറിസം പദ്ധതിയിൽ വടക്കൻ പറവൂർ മുതൽ കൊടുങ്ങല്ലൂർ വരെ 12 ബോട്ട് ജെട്ടികളാണ് നിർമിച്ചിട്ടുള്ളത്. വടക്കൻ പറവൂരിലെയും കൊടുങ്ങല്ലൂരിലെയും ചരിത്ര സ്മാരകങ്ങളും മ്യൂസിയങ്ങളുമെല്ലാം ജലമാർഗം ബന്ധിപ്പിച്ചാണു ഹോപ് ഓൺ ഹോപ് ഓഫ് ബോട്ട് സർവീസ് നടത്തിയിരുന്നത്.
ഏറെ പ്രതീക്ഷകളോടെ തുടങ്ങിയ മുസിരിസ് പൈതൃക പദ്ധതി നിലച്ച മട്ടാണ്.
പദ്ധതി പ്രദേശമാകെ മൂകമാണ്. 14 ബോട്ട് സർവീസുകൾ ഉണ്ടായിരുന്ന പദ്ധതി പ്രദേശത്തു ഇന്നു രണ്ടു ബോട്ടുകൾ മാത്രമാണ് സർവീസ് നടത്തുന്നത്.
ഓരോ മാസവും ആയിരങ്ങളാണ് ബോട്ട് സർവീസിന് എത്തിയിരുന്നത്. ബോട്ടുകൾ കട്ടപ്പുറത്ത് ആയതോടെ സഞ്ചാരികളുടെ വരവും കുറഞ്ഞു.
അധികൃതർ അടിയന്തര ഇടപെടൽ നടത്തേണ്ടതുണ്ട്.
വി.എം.ജോണി, നഗരസഭ കൗൺസിലർ
കോട്ടപ്പുറം വാട്ടർ ഫ്രണ്ടിൽ നിന്നു തുടങ്ങി കോട്ടപ്പുറം കോട്ട, പാലിയം കൊട്ടാരം, നാലുകെട്ട്, ചേന്ദമംഗലം സിനഗോഗ്, ചെറായി സഹോദരൻ അയ്യപ്പൻ മ്യൂസിയം, പള്ളിപ്പുറം മഞ്ഞുമാത പള്ളി, അഴീക്കോട് മാർത്തോമ്മാ തീർഥ കേന്ദ്രം എന്നിവിടങ്ങളിലൂടെ ആണ് ബോട്ട് യാത്ര. 24 പേർക്കു യാത്ര ചെയ്യാവുന്ന പാക്കേജുകളാണ് ഇപ്പോൾ സർവീസ് നടത്തുന്നത്.
ഒരാൾക്ക് 660 രൂപ. രാവിലെ പത്തിനു സർവീസ് തുടങ്ങിയാൽ വൈകിട്ട് അഞ്ചിനു കോട്ടപ്പുറത്ത് അവസാനിക്കും.
പറവൂർ വാട്ടർ ഫ്രണ്ടിൽ നിന്നു ചെറായി സഹോദരൻ അയ്യപ്പൻ സ്മാരകം വരെ സായാഹ്ന സർവീസും കോട്ടപ്പുറത്ത് നിന്നു ഒരു മണിക്കൂർ സായാഹ്ന യാത്രയും മുൻപ് ഒരുക്കിയിരുന്നു.
ബോട്ടുകൾ കട്ടപ്പുറത്ത് ആയതോടെ ഇതെല്ലാം നിർത്തി. നേരത്തെ കായൽഭംഗി ആസ്വദിച്ചു മ്യൂസിയങ്ങൾ കാണാൻ സ്വദേശികളും വിദേശികളും ഉൾപ്പെടെ 3000 മുതൽ 5000 വരെ വിനോദസഞ്ചാരികളും ചരിത്രാന്വേഷണ കുതുകികളും ഓരോ മാസവും എത്തിയിരുന്നു.
നിലവിലെ 11 ബോട്ടുകളുടെയും അറ്റകുറ്റപ്പണി പൂർത്തിയാക്കി ജലയാത്രയ്ക്ക് സജ്ജമാക്കിയാൽ മാത്രമേ മുസിരിസ് ഹോപ് ഓൺ ഹോപ് ഓഫ് ബോട്ട് സർവീസ് സജീവമാകു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

