പാവറട്ടി ∙ തുടർച്ചയായി സർക്കാരിന്റെ ബജറ്റിൽ ഇടം പിടിക്കുന്ന അന്നകര കടാംതോട് പാലത്തിന്റെ പുനർ നിർമാണം അനിശ്ചിതത്വത്തിൽ. ബജറ്റിൽ തുക വകയിരുത്തിയ പാലത്തിന്റെ പുനർ നിർമാണം ഉടൻ ആരംഭിക്കുമെന്നാണ് എംഎൽഎ പറഞ്ഞിരുന്നതെങ്കിലും പാലത്തിന്റെ പുനർ നിർമാണത്തിന് ഇതുവരെ ഭരണാനുമതി പോലും ലഭിച്ചിട്ടില്ല.
മുല്ലശേരി പഞ്ചായത്ത് മുൻ പ്രസിഡന്റും പൊതു പ്രവർത്തകനുമായ സി.എ.ബാബു വിവരാവകാശ നിയമപ്രകാരം മരാമത്ത് പാലങ്ങൾ വിഭാഗം ചീഫ് എൻജിനീയർക്ക് നൽകിയ കത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
അമല നഗർ – പാവറട്ടി റോഡിൽ മണലൂർ,വടക്കാഞ്ചേരി നിയോജക മണ്ഡലങ്ങളെ തമ്മിൽ വേർതിരിക്കുന്നതാണ് അന്നകര കടാംതോട് പാലം. 1937ൽ നിർമിച്ച പാലം ദുർബലമായിട്ട് വർഷങ്ങളായി.
കരിങ്കൽ തൂണുകളിൽ നിർമിച്ച പാലത്തിന്റെ അസ്ഥിവാരത്തിലെ കല്ലുകൾ ഇളകി തകർച്ച ഭീഷണി നേരിടുകയാണ്. ഏറെ വാഹനത്തിരക്കുള്ള റോഡിലെ ഇൗ പാലം ഇടുങ്ങിയതായതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
പാലം പുനർനിർമാണം നടത്തണമെന്നുള്ളത് കാലങ്ങളായുള്ള ആവശ്യമാണ്.
പുതിയ പാലത്തിനായുള്ള പരിശോധനകൾ മരാമത്ത് വകുപ്പ് 2013 ൽ പൂർത്തിയാക്കി. 2017 – 2018 വർഷത്തെ സർക്കാർ ബജറ്റിൽ ടോക്കൺ തുക ഏർപ്പെടുത്തി.
2019ൽ 8 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി. എന്നാൽ തുടർ നടപടി ഉണ്ടായില്ല.
2023 – 24 വർഷത്തെ സർക്കാർ ബജറ്റിൽ പാലം നിർമാണത്തിനായി വീണ്ടും 100 രൂപ ടോക്കൺ ഏർപ്പെടുത്തി. ഡിസൈനും 2018 ലെ പ്രളയത്തെ തുടർന്ന് റീ ഡിസൈനും തയാറാക്കി.
പാലത്തിന്റെ അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കുന്നത് ഉൾപ്പെടുത്തി 8 കോടിയുടെ എസ്റ്റിമേറ്റ് 9.64 കോടി രൂപയാക്കി പുതുക്കി. സർക്കാരിന് ഭരണാനുമതിക്കായി സമർപ്പിച്ചു.
എന്നാൽ ഭരണാനുമതി ഇതുവരെ ലഭിച്ചിട്ടില്ല.
പാലം അപകടത്തിലാണെന്നും ഭാരവാഹനങ്ങൾ നിരോധിച്ചിരിക്കുന്നു എന്ന ബോർഡും സ്ഥാപിച്ചു. എന്നാൽ എല്ലാവാഹനങ്ങളും ഇതുവഴി തന്നെയാണ് പോകുന്നത്.
ഇതിനിടെ കഴിഞ്ഞ വർഷം ഒക്ടോബറിൽ മരാമത്ത് വിഭാഗം ചീഫ് ടെക്നിക്കൽ എക്സാമിനർ സ്ഥലം പരിശോധിച്ചിരുന്നു. അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കുന്നതിന് നിലവിലെ എസ്റ്റിമേറ്റിലെ തുക കുറവ് വരുത്തണമെന്നും പാലത്തിന്റെ ഉയരം നിലവിലെ ഡിസൈനിൽ നിന്ന് കുറവു വരുത്തണമെന്നും നിർദേശിച്ച് ഉന്നത കാര്യാലത്തിന് കത്ത് നൽകി.
ഇതനുസരിച്ച് പുതിയ ഡിസൈൻ രൂപകൽപന ചെയ്യേണ്ടതുണ്ട്. പുതിയ പാലത്തിന്റെ നിർമാണവും സ്ഥലം ഏറ്റെടുക്കലും നീളുമെന്നതിനാൽ അത്യാവശ്യം അറ്റകുറ്റ പണികൾ നടത്തിയും കൈവരികൾ പുതുക്കി നിർമിച്ചും പഴയ പാലം ഗതാഗതത്തിനായി തൽക്കാലം നില നിർത്താനാണ് പുതിയ നിർദേശം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

