തൃശൂർ ∙ ‘മുൾമുനയിൽ നിർത്തുക’, ‘തീ തീറ്റിക്കുക’ – വാക്യത്തിൽ പ്രയോഗിക്കാൻ നൽകാറുള്ള ഈ വാക്കുകളുടെ അർഥം അധ്യാപകരെ ശരിക്കും അനുഭവിപ്പിച്ച രണ്ടു വിദ്യാർഥികൾ! പടിയിറങ്ങുമ്പോൾ അവർ സ്വന്തം വിദ്യാലയത്തിനു മായാത്തൊരു പ്രതിഭാവിലാസം സമ്മാനിച്ചു.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തുടർച്ചയായ 2 വർഷം കലാപ്രതിഭകളെ സമ്മാനിച്ച വിദ്യാലയം–തൃശൂർ സിഎംഎസ് എച്ച്എസ്എസ്. പഠനത്തിലും കലയിലും മാറ്റുതെളിയിച്ച അവരിൽ ഒരാൾ എൻജിനീയറും മറ്റൊരാൾ ഡോക്ടറും.
വീണ്ടുമൊരു കലോത്സവക്കാലത്ത് ഒത്തുചേർന്നപ്പോൾ ഇരുവരും പങ്കുവച്ചത് അന്നത്തെ മത്സരയോർമ്മകൾ.
ഏതാണ്ടു കാൽനൂറ്റാണ്ട് മുൻപ്, 2002, 2003 വർഷങ്ങളിലാണ് ഈ കഥ. ശ്രീരാഗ് പി.സജീവ്കുമാറും പ്രജോദ് വി.ഡെൻസിലും മത്സരത്തിനിറങ്ങുന്ന സമയമായാൽ അധ്യാപകർക്ക് ചങ്കിടിപ്പാണ്.
ശ്രീരാഗ് ഒരു ക്ലാസ് സീനിയർ. ഇരുവരും ഉണ്ടെങ്കിൽ സ്കൂൾതല മത്സരമായാൽ പോലും അതിന് സംസ്ഥാന കലോത്സവത്തിന്റെ പ്രതീതിയാണ്.
ഏതാണ്ട് ഒരേ ഇനങ്ങൾ. പ്രതിഭാപട്ടത്തിനായി കട്ടയ്ക്കുകട്ട
മത്സരം. നൂലിഴ പിഴവു പോലും ഉണ്ടാകാതിരിക്കാൻ രക്ഷിതാക്കളും അധ്യാപകരും സദാസമയം ജാഗരൂകർ.
അതുകൊണ്ടുതന്നെ സ്കൂൾ മത്സരങ്ങളിൽ ഇവരുടെ പ്രതിഭ അളന്നുകുറിക്കാൻ കലാമണ്ഡലത്തിലെയോ കലാരംഗത്ത് അന്നുള്ള വിദഗ്ധരെയോ കൊണ്ടുവരാറാണ് പതിവെന്ന് അന്നത്തെ ക്ലാസ് ടീച്ചർ സി.പി.ഗോപിനാഥൻ ഓർക്കുന്നു.
ഉപജില്ല, ജില്ലാ മത്സരങ്ങളിൽ തീപാറും.
അന്നും അധ്യാപകർ തീ തിന്നും. 2003ൽ ആലപ്പുഴയിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കുച്ചിപ്പുഡിയിലും മൃദംഗത്തിലും ഒന്നാംസ്ഥാനവും ഭരതനാട്യത്തിലും നാടോടിനൃത്തത്തിലും മൂന്നാംസ്ഥാനവും നേടി ശ്രീരാഗ് കലാപ്രതിഭയായി.
2004ൽ തൃശൂർ ആതിഥേയരായ കലോത്സവത്തിൽ കുച്ചിപ്പുഡി, നാടോടിനൃത്തം, പ്രച്ഛന്നവേഷം എന്നിവയിൽ ഒന്നാംസ്ഥാനവും ഭരതനാട്യത്തിൽ മൂന്നാംസ്ഥാനവും നേടി പ്രജോദും കലാപ്രതിഭാപട്ടം സ്കൂളിലേക്ക് എത്തിച്ചു.
കോഴിക്കോട്ടുകാരനായ എ.എസ്.ആദർശിനൊപ്പം അന്നു പട്ടം പങ്കിടുകയായിരുന്നു.
ശ്രീരാഗ് പി.സജീവ്കുമാർ
മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ ശേഷം കുറച്ചുകാലം എൻജിനീയറായി ജോലിചെയ്തു. കാനാട്ടുകരയിൽ ശ്രീനടനവേദി എന്ന കലാവിദ്യാലയം നടത്തുകയാണ് ഇപ്പോൾ.
കലാവേദികളിലും സജീവം. മൃദംഗവാദകനായ പി.കെ.സജീവ് കുമാറിന്റെയും നർത്തകിയായ കലാമണ്ഡലം ശോഭന സജീവിന്റെയും മകനാണ്.
വടൂക്കര ഗുരുദേവ നഗർ ‘ശോഭന’ത്തിൽ താമസം. ഭാര്യ: എം.സുസ്മിത (കംപ്യൂട്ടർ സയൻസ് അധ്യാപിക, കുരിയച്ചിറ സെന്റ് ജോസഫ്സ് മോഡൽ പബ്ലിക് എച്ച്എസ്എസ്).
മകൻ: സാരംഗ് ശ്രീരാഗ്.
പ്രജോദ് വി.ഡെൻസിൽ
തൃശൂർ മെഡിക്കൽകോളജിൽ നിന്ന് എംബിബിഎസും എറണാകുളം ലൂർദ് ഹോസ്പിറ്റലിൽ നിന്ന് അനസ്തീസിയയിൽ പിജിയും പൂർത്തിയാക്കി. നഗരത്തിലെ പ്രമുഖ ആശുപത്രികളിൽ അനസ്തെറ്റിസ്റ്റ് ആയി ജോലിചെയ്യുന്നു.
ബിസിനസുകാരനായിരുന്ന പരേതനായ വി.എൽ.ഡെൻസിലിന്റെയും റിട്ട.ഹെഡ് നഴ്സ് എൻ.സരസ്വതിയുടെയും മകനാണ്. ഒളരി കണ്ണപുരം ‘സരോവര’ത്തിൽ താമസം.
ഭാര്യ: ബി.രശ്മി (അസി.പ്രഫസർ, വൈദ്യരത്നം ആയുർവേദ കോളജ്). മക്കൾ: ദേവിക, ദർശൻ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

