കുതിരാൻ ∙ ജനവാസ മേഖലയിൽ തുടർച്ചയായി ഇറങ്ങുന്ന കാട്ടാനയെ ഉൾക്കാട്ടിലേക്ക് കയറ്റുന്നതിന് ഇരുമ്പുപാലത്ത് കുങ്കിയാനകളെ എത്തിച്ചു. രാവിലെ 5നാണു വയനാട്ടിൽനിന്നു വിക്രം, ഭരത് എന്നീ കുങ്കിയാനകളെ എത്തിച്ചത്.
കുതിരാൻ തുരങ്കത്തിന് സമീപം ഇറക്കിയ കുങ്കിയാനകളെ വിശ്രമത്തിനായി ഇരുമ്പുപാലത്തെ ഫോറസ്റ്റ് സ്റ്റേഷന് സമീപം എത്തിച്ചു. കുങ്കിയാനകൾ പ്രദേശവുമായി ഇഴുകിച്ചേർന്ന ശേഷം ദൗത്യം പൂർണമായി ആരംഭിക്കും. രാത്രികാലങ്ങളിൽ മാത്രമാണ് ഒറ്റയാൻ ഇറങ്ങുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ പകൽ സമയത്തെ ഡ്രോൺ നിരീക്ഷണത്തിൽ കാട്ടാന ക്യാമറയിൽ പതിഞ്ഞിരുന്നില്ല.
കാട്ടാന ദിവസവും കിലോമീറ്ററുകളോളം സഞ്ചരിക്കുന്നുണ്ടെന്നാണ് നിഗമനം. കഴിഞ്ഞയാഴ്ച ഇരുമ്പുപാലം സ്വദേശിയായ വാച്ചർ ബിജുവിന് കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റിരുന്നു.
അടുത്ത ദിവസം വനംവകുപ്പിന്റെ ജീപ്പും കാട്ടാന തകർത്തു. ഇന്നലെ പുലർച്ചെയും കാട്ടാന 4 തവണ പ്രദേശത്തിറങ്ങി ഭീതി സൃഷ്ടിച്ചതായി നാട്ടുകാർ പറഞ്ഞു. ഇന്നു മുതൽ കുങ്കിയാനകളും വനം വകുപ്പ് വിഭാഗങ്ങളും പ്രദേശത്ത് പരിശോധന നടത്തും.
കാട്ടാനയെ വാഴാനി കാട്ടിലേക്ക് അയയ്ക്കാനാണ് ആലോചന. തുടർന്ന് ഈ ഭാഗത്ത് സോളർ വൈദ്യുത ലൈൻ അടച്ചുകെട്ടും.
കുങ്കിയാനകളുടെ ശ്രമം വിജയിച്ചില്ലെങ്കിൽ മയക്കുവെടിവച്ച് കാട്ടാനയെ തളയ്ക്കുന്ന കാര്യവും പരിഗണിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

