തൃശൂർ / കൊച്ചി ∙ ബെംഗളൂരുവിൽ മലയാളി യുവാവിന്റെ ക്രൂരമർദനത്തിനിരയായി മരിച്ച തൃശൂർ തളിക്കുളം സ്വദേശി സുനിതയ്ക്ക് യഥാസമയം ചികിത്സയും നീതിയും ലഭ്യമാക്കുന്നതിൽ പൊലീസിനു സംഭവിച്ചതു ഗുരുതര വീഴ്ച. ബെംഗളൂരു റൂറൽ പൊലീസിനു കീഴിലെ സുലിബെലെ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥ കാരണം പ്രതി ദീപക് കൃഷ്ണൻ സംഭവദിവസം കടന്നുകളയുകയും ചെയ്തു.
അബോധാവസ്ഥയിലായ സുനിതയെ ബെംഗളൂരുവിലെ 3 ആശുപത്രികളിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സ ലഭിച്ചില്ലെന്നു പരാതിയുണ്ട്. ഒടുവിൽ മസ്തിഷ്കമരണം സ്ഥിരീകരിച്ച ശേഷമാണ് ആംബുലൻസിൽ തൃശൂരിലേക്കു കൊണ്ടുവന്നത്. 2 പൊലീസുകാരെയടക്കം പൂട്ടിയിട്ടു കടന്നുകളഞ്ഞ ദീപക് കൃഷ്ണൻ ഇന്നലെ ബെംഗളൂരു പൊലീസിന്റെ കസ്റ്റഡിയിലായതായി സൂചനയുണ്ട്.
തളിക്കുളം പത്താംകല്ല് മങ്ങാട്ട് വീട്ടിൽ സുനിത (47) തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വ രാത്രിയാണു മരിച്ചത്. ബെംഗളൂരുവിൽനിന്നു പൊലീസെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിക്കും.
ബെംഗളൂരുവിലെ നായസംരക്ഷണ കേന്ദ്രം നടത്തിപ്പുകാരനായ ദീപക് ഉപദ്രവം ആരംഭിച്ചതോടെയാണ് അവിടെ ജോലി ചെയ്യുകയായിരുന്ന സുനിത മടങ്ങിപ്പോരാൻ തീരുമാനിച്ചത്. ഇതിന്റെ പേരിലാണു ദീപക് മാരകമായി സുനിതയെ ഉപദ്രവിച്ചതും തല ഭിത്തിയിലിടിപ്പിച്ചതും.
മുറി പൂട്ടി ദീപക് പുറത്തുപോയതു കാരണം സുനിതയെ ആശുപത്രിയിലെത്തിക്കാൻ കൂടെ യുണ്ടായിരുന്ന 2 യുവതികൾക്കു കഴിഞ്ഞില്ല. ഫോണിൽ വിവരമറിയിച്ചപ്പോൾ 2 പൊലീസുകാർ എത്തിയെങ്കിലും ഇവരെയും ദീപക് ഉള്ളിലിട്ടു പൂട്ടി.
കൂടുതൽ പൊലീസ് എത്തി ഇവരെ രക്ഷിച്ചെങ്കിലും വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിലോ പ്രതിയെ ഉടൻ പിടികൂടുന്നതിലോ പിന്തുണച്ചില്ല. തൃശൂർ ഈസ്റ്റ് പൊലീസിൽ ഭർത്താവ് ഷിന്റോ പരാതി നൽകിയെങ്കിലും സംഭവം നടന്നതു ബെംഗളൂരുവിലായതിനാൽ കേസ് അവിടേക്കു കൈമാറി.
സുനിത, ഷെറിനെതിരെ വെളിപ്പെടുത്തൽ നടത്തിയയാൾ
ബെംഗളൂരുവിൽ മർദനമേറ്റു കൊല്ലപ്പെട്ട
സുനിത, ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിനു ജയിലിൽ വഴിവിട്ട സഹായങ്ങൾ ലഭിച്ചെന്നു വെളിപ്പെടുത്തിയ യുവതി.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണു ഷെറിനെതിരെ രംഗത്തെത്തിയത്. ജയിലിൽ ഷെറിന്റെ സഹതടവുകാരിയായിരുന്നു സുനിത.
ആക്രമണക്കേസിൽ റിമാൻഡിലായ സുനിതയെ വിയ്യൂർ സെൻട്രൽ ജയിലിൽനിന്ന് 2013ൽ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കു മാറ്റിയപ്പോഴാണ് അവിടെ 5 മാസത്തോളം ഷെറിനൊപ്പം കഴിഞ്ഞത്. തുടർന്ന് അതേവർഷം തന്നെ ശിക്ഷ സ്റ്റേ ചെയ്തതിനെ തുടർന്നു സുനിത ജയിൽമോചിതയായി.
ഷെറിനെതിരെ രംഗത്തെത്തിയ തനിക്കു ഭീഷണിയുണ്ടായിരുന്നെന്നും അന്നു സുനിത വെളിപ്പെടുത്തിയിരുന്നു. ഷെറിന് ജയിലിൽ മേക്കപ് സാധനങ്ങളും ഫോൺ യഥേഷ്ടം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യവും ലഭിച്ചിരുന്നുവെന്നാണു സുനിത വെളിപ്പെടുത്തിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

