കൊരട്ടി ∙ ദേശീയപാതയിൽ ചിറങ്ങരയിൽ അടിപ്പാതയുടെ അനുബന്ധ റോഡിന്റെ പാർശ്വഭിത്തിക്കു തകരാറുണ്ടായതു പരിഹരിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. അടിപ്പാതയുടെ അനുബന്ധ റോഡ് മണ്ണിട്ടു പൊക്കി വശങ്ങളിൽ കോൺക്രീറ്റ് സ്ലാബുകൾ ഘടിപ്പിച്ചു പാർശ്വഭിത്തി ഒരുക്കുന്ന ജോലികൾ നടത്തുന്നതിനിടെ മണ്ണുമാന്തി യന്ത്രത്തിൽ സർവീസ് റോഡിലൂടെ പോയ കണ്ടെയ്നർ ലോറി തട്ടിയതോടെയാണു പാർശ്വഭിത്തിക്കു തകരാറുണ്ടായത്. മണ്ണുമാന്തി യന്ത്രത്തിന്റെ കയ്യിൽ ഉണ്ടായിരുന്ന ജോലിക്കാരനു വീണു പരുക്കേൽക്കുകയും ചെയ്തിരുന്നു.
മതിയായ സുരക്ഷ ഇല്ലാതെ ജോലികൾ നടത്തിയതാണു പ്രശ്നത്തിനു കാരണമായത്.
പാർശ്വഭിത്തിയുടെ തകരാറായ കോൺക്രീറ്റ് സ്ലാബുകൾ ഇന്നലെ മാറ്റി സ്ഥാപിച്ചതും മതിയായ സുരക്ഷ ഇല്ലാതെയാണ്. മണ്ണിട്ട് ഉയർത്തിയതിനു മുകളിലുണ്ടായിരുന്ന മണ്ണുമാന്തി യന്ത്രത്തിന്റെ യന്ത്രക്കൈ സർവീസ് റോഡിനു മുകളിൽ വരും വിധം നിർത്തി അതിലുണ്ടായിരുന്ന തൊഴിലാളിയെ ഉപയോഗിച്ചായിരുന്നു തകരാർ പരിഹരിച്ചത്.
താഴെ സർവീസ് റോഡിൽ വച്ചിരുന്ന ഏതാനും ട്രാഫിക് കോണുകൾ മാത്രമായിരുന്നു സുരക്ഷാ മുന്നറിയിപ്പിന് ഉണ്ടായിരുന്നത്.
മുകൾ തട്ടിലെ മണ്ണും തകർന്ന സ്ലാബുകളും നീക്കം ചെയ്ത ശേഷം പുതിയ സ്ലാബുകൾ ഉറപ്പിച്ചു. 2 സ്ലാബുകളാണു മാറ്റി സ്ഥാപിച്ചത്.
പാർശ്വഭിത്തിയുടെ ഭാഗം തകർന്നയിടത്തു ബലപരിശോധന നടത്തണമെന്ന ആവശ്യം നടപ്പായില്ല. അനുബന്ധ റോഡിന്റെ തെക്കു–പടിഞ്ഞാറു പാതയോടു ചേർന്നുള്ള പാർശ്വ ഭിത്തിയുടെ ഭാഗവും പൊളിച്ചു.
സാങ്കേതിക തകരാർ കാരണമാകാം ഈ ഭാഗത്തെ സ്ലാബുകൾ നീക്കിയതെന്നാണു നാട്ടുകാരുടെ സംശയം. നിർമാണം പൂർത്തിയാക്കിയ ചില ഭാഗങ്ങളിലെയും സ്ലാബുകൾ അപകടഭീഷണിയാവുന്ന നിലയിൽ പുറത്തേയ്ക്കു തള്ളി നിൽക്കുന്നുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

