കൊരട്ടി ∙ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ചൊവ്വാഴ്ച സ്ത്രീ മരിച്ചതുൾപ്പെടെ ഒട്ടേറെ അപകടങ്ങളും മരണങ്ങളും നടന്നിട്ടും ട്രാക്കുകൾ മറികടക്കാൻ കൊരട്ടി അങ്ങാടി റെയിൽവേ സ്റ്റേഷനിൽ സുരക്ഷിത സംവിധാനങ്ങൾ ഇനിയുമില്ല. പുതിയ പാതയുടെ നിർമാണത്തോടെ വർഷങ്ങൾക്കു മുൻപ് അടച്ചു പൂട്ടിയ റെയിൽവേ ഗേറ്റിനു പകരം സംവിധാനം ഒരുക്കണമെന്ന റെയിൽവേ ചട്ടം പാലിക്കാതെയാണു കൊരട്ടിയുടെ കിഴക്കൻ, പടിഞ്ഞാറൻ മേഖലകളെ ബന്ധിപ്പിച്ചിരുന്ന ഗേറ്റ് നീക്കം ചെയ്തത്.
ഇതിനെതിരെ പരാതി ഉയർന്നതോടെ സ്റ്റേഷന്റെ തെക്ക് ഭാഗത്തെ പ്ലാറ്റ് ഫോം അവസാനിക്കുന്ന ഭാഗത്ത് അടിപ്പാത നിർമിക്കാനായി ശ്രമം ആരംഭിച്ചു.
ഇതിനായി റെയിൽവേ അധികൃതർ നടത്തിയ സാധ്യതാ പഠനത്തിലും അനുകൂല റിപ്പോർട്ടാണുണ്ടായത്. എന്നാൽ തുടർ നടപടികൾ ഇല്ലാതെ പോയി. സുരക്ഷിതമായി ട്രാക്കിന് കുറുകേ കടക്കാൻ വഴിയില്ലാതായതോടെ പ്രദേശവാസികളും റെയിൽവേ യാത്രികരായ വിദ്യാർഥികളും സ്ത്രീകളും കുട്ടികളും അടക്കം ഒട്ടേറെ പേരാണു ജീവൻ പണയം വച്ച് ഇരു ഭാഗത്തേക്കും കടക്കുന്നത്.
കാഴ്ച മറയ്ക്കുന്ന പ്ലാറ്റ്ഫോം
അങ്ങാടി റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം കാഴ്ച മറയ്ക്കുന്നതിനൊപ്പം ട്രാക്കിന്റെ കൊടും വളവും അപകടങ്ങൾക്കു വഴിയൊരുക്കുന്നു.
നേരത്തെ സമനിരപ്പിലായിരുന്ന ട്രാക്കിന് എതാണ്ട് 10 അടിയിലേറെ ഉയരത്തിലാണു പുതിയ റെയിൽവേപാതയും റെയിൽവേ പ്ലാറ്റ്ഫോമും ട്രാക്കും നിർമിച്ചത്. കാലങ്ങളായി റെയിൽവേ ഗേറ്റ് വഴി പോയിരുന്ന നാട്ടുകാരും മറ്റു യാത്രികരും നിരപ്പു വ്യത്യാസമുള്ള ട്രാക്കുകൾ മുറിച്ചു കടന്നാണ് ഇരുഭാഗങ്ങളിലേക്കും പോകുന്നത്.
ട്രാക്കുകൾക്കിടയിൽ പടിക്കെട്ടുകളുമുണ്ട്.
ട്രാക്കുകളുടെ ഉയര വ്യത്യാസം കാരണം ഒരേ സമയം ഇരു ട്രാക്കുകളിലൂടെയും ട്രെയിൻ എത്തിയാൽ യാത്രക്കാർക്കു കാണാൻ കഴിയാത്ത സ്ഥിതിയുണ്ട്. കഴിഞ്ഞ ദിവസം ഒരു ട്രാക്കിലൂടെ ട്രെയിൻ വരുന്നതു മനസ്സിലാക്കി അടുത്ത ട്രാക്കിലേക്കു കടന്ന സ്ത്രീയാണു ട്രെയിൻ തട്ടി മരിച്ചത്. അപകടത്തിൽ മറ്റൊരു സ്ത്രീക്കു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. നിലവിൽ ട്രാക്കിലെ സിഗ്നലും ഒപ്പം ട്രെയിനിന്റെ ശബ്ദവും മാത്രമാണു ട്രെയിനിന്റെ വരവ് അറിയാനുള്ള വഴി. ഒരേ സമയം ഇരുപാതയിലുടെയും ട്രെയിനുകൾ വരികയാണെങ്കിൽ ശബ്ദം നോക്കി ട്രാക്ക് മറികടക്കാനും കഴിയില്ല. ഇത്തരം സന്ദർഭങ്ങളിലാണ് അപകടങ്ങളിലേറെയും നടന്നതെന്നു നാട്ടുകാർ പറയുന്നു.
അത്ര എളുപ്പമല്ല ട്രാക്ക് മറികടക്കൽ
ദേശീയപാതയിൽ ജെടിഎസ് ജംക്ഷനിൽ നിന്ന് കേവലം 200 മീറ്റർ മാത്രം അകലെയാണു കൊരട്ടി അങ്ങാടി റെയിൽവേ സ്റ്റേഷൻ.
ഇതിനാൽ തന്നെ എറ്റവുമധികം ട്രെയിൻ യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റേഷനുകളിലൊന്നാണ്. വിദ്യാർഥികൾ അടക്കം ഒട്ടേറെ പേരാണു ദിനംപ്രതി ട്രാക്കുകൾ മറികടന്ന് ഇതുവഴി പോകുന്നത്. കിഴക്കൻ മേഖലയിൽ ഉള്ളവർക്ക് ട്രാക്ക് മറി കടന്നുവേണം പഞ്ചായത്ത്, വില്ലേജ് ഓഫിസുകൾ, കൃഷിഭവൻ, മൃഗാശുപത്രി, കൊരട്ടി പള്ളി, ജുമാമസ്ജിദ്, ദേവമാതാ ആശുപത്രി തുടങ്ങി ഒട്ടേറെ സ്ഥലങ്ങളിലേക്കും തിരിച്ചും പോകാൻ.
അല്ലെങ്കിൽ കൊരട്ടി ജംക്ഷനിലെത്തി കിലോമീറ്ററുകൾ ചുറ്റിവളഞ്ഞു പോകണം. അപകടങ്ങൾ പെരുകുന്ന സാഹചര്യത്തിൽ നേരത്തേ പ്രഖ്യാപിച്ച അടിപ്പാത നിർമാണം അടിയന്തരമായി നടത്തണമെന്നു നാട്ടുകാർ ആവശ്യപ്പെടുന്നു.
ഇക്കാര്യം റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ടെന്നും തുടർന്നും ഇടപെടൽ നടത്തുമെന്നും ജനപ്രതിനിധികൾ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

