ലോട്ടറി ടിക്കറ്റിന്റെ അവസാന നമ്പര്‍ ലെഡ് പെന്‍സില്‍ ഉപയോഗിച്ച് തിരുത്തി മാറ്റി സമ്മാനത്തുക തട്ടിയെടുത്ത പ്രതി പൊലീസിന്റെ പിടിയിലായി. ഗുരുവായൂർ ടെമ്പിൾ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കൊല്ലം പുനലൂര്‍ സ്വദേശിയായ ഷാജ് (56) ആണ് പിടിയിലായത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി സമാനമായ രീതിയിൽ നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുള്ള ഇയാൾക്കെതിരെ ആകെ 13 കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
ഗുരുവായൂർ മാഞ്ചിറ റോഡിൽ ലോട്ടറി കച്ചവടം നടത്തുന്ന കോട്ടപ്പടി സ്വദേശി സുന്ദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സമാനമായ മറ്റൊരു കേസിൽ കാലടി പൊലീസാണ് പ്രതിയെ ആദ്യം കസ്റ്റഡിയിലെടുത്തത്.
വെളുത്ത നിറത്തിലുള്ള കാറിലെത്തി ലോട്ടറി ടിക്കറ്റിലെ നമ്പറുകൾ തിരുത്തി തട്ടിപ്പ് നടത്തുന്നു എന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നത്. എന്നാൽ പ്രതിയെക്കുറിച്ചുള്ള മറ്റ് വ്യക്തമായ സൂചനകൾ ലഭ്യമായിരുന്നില്ല.
തുടർന്ന് നടത്തിയ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയാണ് കേസിൽ നിർണായക വഴിത്തിരിവായത്. കൊല്ലം ജില്ലയിലെ ഒരു പെട്രോൾ പമ്പിൽ നിന്നും പ്രതി സഞ്ചരിച്ച കാറിൽ ഇന്ധനം നിറച്ചതായി പൊലീസ് കണ്ടെത്തി.
ഈ സമയത്ത് ഇന്ധനത്തിന്റെ തുക ഗൂഗിൾ പേ വഴി നൽകിയതും അന്വേഷണത്തിൽ തെളിഞ്ഞു. ഈ ഡിജിറ്റൽ ഇടപാട് കേന്ദ്രീകരിച്ച് നടത്തിയ സൈബർ അന്വേഷണമാണ് പ്രതിയിലേക്ക് എത്താൻ പൊലീസിനെ സഹായിച്ചത്.
ഗുരുവായൂർ എസിപി എം. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള മേൽനോട്ടത്തിൽ, ടെമ്പിൾ പൊലീസ് എസ്എച്ച്ഒ കെ.ജി.
ജയപ്രദീപിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കാലടിയിൽ നിന്നും പ്രതിയായ ഷാജിനെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

