പാലക്കാട് ∙ ഇങ്ങനെയൊരു റെയിൽപാത മറ്റെവിടെയും ഉണ്ടാകാൻ സാധ്യതയില്ല. നവീകരണം പൂർത്തിയായി 10 വർഷം തികയുമ്പോഴും പാലക്കാട്–പൊള്ളാച്ചി 54 കിലോമീറ്റർ ലൈനിൽ പകൽ ഏതാണ്ട് 10 മണിക്കൂർ ട്രെയിൻ ഓടുന്നില്ല എന്നതാണു പ്രത്യേകത.10 വർഷം മുൻപാണു പാലക്കാട്–പൊള്ളാച്ചി പാതയെ മീറ്റർഗേജിൽ നിന്നു ബ്രോഡ്ഗേജിലേക്കു മാറ്റിയത്.
ഗേജ് മാറ്റത്തിനു മുൻപ് 10 സർവീസുകൾ നടത്തിയിരുന്ന പാതയിലൂടെ ഇപ്പോൾ ഓടുന്നതു രാമേശ്വരത്തേക്കുള്ള അമൃത എക്സ്പ്രസും പാലക്കാട്–ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസും പാലക്കാട്–തിരുച്ചെന്തൂർ എക്സ്പ്രസും മാത്രം. മീറ്റർ ഗേജിൽ ട്രെയിനുകൾ ഓടിയിരുന്ന പാത നവീകരണത്തിനായി 2008 ഡിസംബറിലാണ് അടച്ചത്. 400 കോടി ചെലവിട്ട
നവീകരണം 2009ൽ തുടങ്ങി.
2015 നവംബർ 16നു കമ്മിഷൻ ചെയ്തു. അന്നു തുടങ്ങിയ കാത്തിരിപ്പാണ്.
പാത വൈദ്യുതീകരിക്കാത്തതാണു തടസ്സമെന്നായിരുന്നു ആദ്യപ്രചാരണം. എന്നാൽ 5 വർഷത്തിനു ശേഷം 160 കോടി രൂപ ചെലവിൽ വൈദ്യുതീകരണം പൂർത്തിയായി.
എന്നിട്ടും ഇന്നുവരെ പുതിയ ട്രെയിനുകൾ വന്നില്ല. 10 വർഷം മുൻപ് രാവിലെ ഏഴിനും രാത്രി 11.30നും രാമേശ്വരം, 11നും 3.30നും മധുര, എന്നിങ്ങനെ സർവീസുകൾ നടത്തിയിരുന്നു. ഈ റൂട്ടിൽ ട്രെയിനുകളെ ആശ്രയിക്കുന്നവരിൽ കൂടുതലും തികച്ചും സാധാരണക്കാരാണ്.
പൊള്ളാച്ചി, പളനി, ഡിണ്ടിഗൽ, മധുര, രാമേശ്വരം തുടങ്ങിയ സ്ഥലങ്ങളിലേക്കു വ്യാപാരികൾക്ക് ഉൾപ്പെടെ സൗകര്യമുള്ള സർവീസുകളായിരുന്നു. ഇവയിലൂടെ മികച്ച വരുമാനമാണു റെയിൽവേയ്ക്കു കിട്ടിയിരുന്നതെന്ന് ഉദ്യോഗസ്ഥർ തന്നെ പറയുന്നു.
പാത നവീകരിക്കുന്നതോടെ പാലക്കാട്ടു നിന്നു പഴനി, രാമേശ്വരം, ഡിണ്ടിഗൽ ഭാഗത്തേക്കുള്ള 4 ട്രെയിനുകൾ പുനഃസ്ഥാപിക്കുമെന്നായിരുന്നു പ്രഖ്യാപനം. രാവിലെ ആറരയ്ക്കുളള പാലക്കാട്– തിരുച്ചെന്തൂർ, വൈകിട്ടത്തെ പാലക്കാട്–ചെന്നൈ, തിരുവനന്തപുരം–രാമേശ്വരം അമൃത എക്സ്പ്രസ് എന്നിവയാണു പാതയിലെ നിലവിലെ സർവീസുകൾ.
പാലക്കാട് വരെയായിരുന്ന അമൃത എക്സ്പ്രസ് പിന്നീട് പൊള്ളാച്ചി ലൈൻ വഴി നീട്ടിയതാണ്. ചെന്നൈ എക്സ്പ്രസിന് കൊല്ലങ്കോട് സ്റ്റോപ്പില്ലാത്തതിനാൽ ആ മേഖലയിലുള്ളവർക്കു പ്രയോജനമില്ല. പദ്ധതിക്കു മുടക്കിയ പണം അതു കമ്മിഷൻ ചെയ്ത് 10 വർഷത്തിനുള്ളിൽ സ്വരൂപിക്കുന്നതാണ് റെയിൽവേയുടെ പൊതുനയം.
പാത നവീകരണം പൂർത്തിയാകുമ്പോൾ നേരത്തേയുണ്ടായിരുന്ന ട്രെയിനുകൾ പുനരാരംഭിക്കുകയും പുതിയ സർവീസ് അനുവദിക്കുകയും ചെയ്യുന്നതു പതിവാണ്.
കൊല്ലം-ചെങ്കോട്ട ലൈൻ ഇതിന് ഉദാഹരണമാണ്.
ഇവിടെ ഗേജ് മാറ്റത്തിന് 2010ൽ സർവീസുകൾ നിർത്തിയിരുന്നു. 2018 മാർച്ചിൽ 31നു പാത കമ്മിഷൻ ചെയ്തു.
നിർത്തലാക്കിയ മുഴുവൻ ട്രെയിനുകളും ആ വർഷം ജൂലൈ 9നു പുനരാരംഭിച്ചു. കൂടാതെ, പാലക്കാട്-തിരുനെൽവേലി, കൊല്ലം-ചെന്നൈ താംബരം, പുനലൂർ-ഗുരുവായൂർ, പുനലൂർ-മധുര എന്നീ സർവീസുകളും ആരംഭിച്ചു. പൊള്ളാച്ചി പാതയിലൂടെ ഇനിയും ട്രെയിനുകൾ ഇല്ലാത്തത് എന്തെന്ന ചോദ്യത്തിന് റെയിൽവേ ഉത്തരം നൽകുന്നില്ല.
ജനപ്രതിനിധികളും ഒന്നും പറയുന്നില്ല. പാതയിൽ 100–110 കിലോമീറ്റർ വേഗത്തിൽ പരീക്ഷണ ഒാട്ടം തടസ്സമില്ലാതെ പൂർത്തിയാക്കിയതിനാൽ ദീർഘദൂര സർവീസുകൾക്കു വേഗതടസ്സമില്ല.
പാലക്കാട് പിറ്റ് ലൈൻ പൂർത്തിയാകട്ടെ എന്നാണ് ചില ജനപ്രതിനിധികളുടെ പ്രതികരണം. ചെന്നൈയിലെ ദക്ഷിണ റെയിൽവേ ഒാഫിസ് കേന്ദ്രീകരിച്ച് വർഷങ്ങളായി നടക്കുന്ന നിക്ഷിപ്ത നീക്കങ്ങളുടെയും വിവേചനത്തിന്റെയും ഉദാഹരണമായി പാലക്കാട്–പൊള്ളാച്ചി പാതയെ കാണുന്നവരാണ് യാത്രക്കാരിൽ ഭൂരിഭാഗവും. പാലക്കാട് പൊള്ളാച്ചി പാതയുടെ സാധ്യതകളെകുറിച്ചും പാഴായ വാഗ്ദാനങ്ങളെക്കുറിച്ചും നാളെ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

