തൃശൂർ ∙ കവിതയുടെ കനൽ എരിഞ്ഞു തീരുന്നില്ല ആ ഹൃദയത്തിൽ; അതുകൊണ്ടു കൂടിയാകണം, നവതിയിൽ എത്തിയ അദ്ദേഹത്തിന്റെ ആത്മകഥയുടെ പേര് ‘കനൽച്ചുവടുകൾ’ എന്നായത്. കവിതയെ ആഴത്തിൽ ഉൾക്കൊള്ളുകയും വിദ്യാർഥികളിലേക്കു പകരുകയും ചെയ്ത വിവർത്തന സാഹിത്യകാരനും അധ്യാപകനുമായ പ്രഫ.
കെ.വി.രാമകൃഷ്ണന് ഇന്നു നവതിയാഘോഷത്തിന്റെ തിളക്കം. കവിത തന്നെയാണു പ്രിയങ്കരമെങ്കിലും കവിയായി അറിയപ്പെടുന്നതിനു മുൻപ്, 1960കളിൽ മലയാള സാഹിത്യ ലോകം കെ.വി.രാമകൃഷ്ണനെ അറിഞ്ഞതു ബ്രാം സ്റ്റോക്കർ എഴുതിയ ‘ഡ്രാക്കുള’യുടെ വിവർത്തനത്തിലൂടെയായിരുന്നു.
ആ വിവർത്തനത്തിന്റെ എത്ര പതിപ്പുകൾ വിറ്റഴിച്ചെന്നു അദ്ദേഹത്തിന് പോലും നിശ്ചയമില്ല.
‘ഡ്രാക്കുള’യുടെ വിവർത്തനം അദ്ദേഹം നിർവഹിക്കാൻ കാരണമായതോ സാക്ഷാൽ എംടിയും. രാമകൃഷ്ണൻ കോഴിക്കോട്ടു ജോലി ചെയ്യുമ്പോൾ എംടിയുമായി വലിയ സൗഹൃദമുണ്ടായിരുന്നു.
അക്കാലത്താണ് എംടി ഡ്രാക്കുള നോവൽ രാമകൃഷ്ണനു നൽകുന്നത്. നോവലിനെപ്പറ്റി ആവേശത്തോടെ സംസാരിച്ച രാമകൃഷ്ണനോട് മലയാളത്തിലേക്കു വിവർത്തനം ചെയ്തുകൂടെ എന്ന് എംടി ചോദിച്ചു.
രാമകൃഷ്ണൻ സന്തോഷത്തോടെ അതു സമ്മതിച്ചു. അങ്ങനെയാണ് ഡ്രാക്കുള മലയാളത്തിലേക്കെത്തിയത്.
പിന്നീട് ടഗോറിന്റെ ജീവചരിത്രമടക്കം ഒട്ടേറെ പുസ്തകങ്ങൾ മലയാളത്തിലേക്കു വിവർത്തനം ചെയ്തു.
കേന്ദ്ര സാഹിത്യ അക്കാദമിക്ക് വേണ്ടിയും വിവർത്തകൻ ആയിട്ടുണ്ട്. എൻ.വി.
കൃഷ്ണവാരിയരെക്കുറിച്ച് ഇംഗ്ലിഷിൽ പുസ്തകം എഴുതി. വിവർത്തനം തന്റെ സാമ്പത്തിക സ്രോതസ്സ് ആയിരുന്നെന്നു പറയുമ്പോൾ, കവിതയെ തന്റെ ആത്മാവിന്റെ സ്പന്ദനമായാണു രാമകൃഷ്ണൻ കാണുന്നത്.
കവിത പഠിപ്പിക്കാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല, അതു സാധിക്കുകയുമില്ലെന്നു അദ്ദേഹം പറയുന്നു. കവിതയുടെ ഓരോ തലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ സഹായിക്കുകയാണ് ചെയ്തത്.
അതാണ് ഭാഷ പഠിപ്പിക്കേണ്ടവർ ചെയ്യേണ്ടതും. കവിത പഠിക്കുകയല്ല, അനുഭവിക്കുകയാണു വേണ്ടത്.
ഇപ്പോഴത്തെ കവിതകൾ അനുഭവിക്കാൻ സാധിക്കാത്തത്, അവ അർഥം മനസ്സിലാക്കുന്ന തലമെത്തുമ്പോൾ അവസാനിക്കുന്നു എന്നതുകൊണ്ടാണ്. കവിത പ്രസ്താവനകൾ ആകുന്നതോടെ അതിന്റെ ആഴം കുറയുന്നു.
കവിത ഇങ്ങനെ ആവണം എന്നു പറയാൻ ശ്രമിക്കുന്നില്ല, പക്ഷെ, ആഴം ഇല്ലാത്തതു കവിത ആകുന്നില്ലെന്നു രാമകൃഷ്ണൻ പറയുന്നു.
ശിഷ്യരുടെയും സുഹൃത്തുക്കളുടെയും ഒത്തുചേരൽ
പ്രിയ എഴുത്തുകാരന്റെ നവതിയാഘോഷത്തിനു ശിഷ്യരും സുഹൃത്തുക്കളും ഇന്ന് ഒത്തുചേരും. അവിരാമം മാഷ് 90 എന്ന പരിപാടി തൃശൂർ വിവേകോദയം സ്കൂളിൽ രാവിലെ 9.30ന് ആരംഭിക്കും.
സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും.
എസ്.കെ. വസന്തൻ അധ്യക്ഷത വഹിക്കും.
11ന് സെമിനാർ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. 2 ന് സുഹൃത് – ശിഷ്യ സംഗമം പി.
ബാലചന്ദ്രൻ എംഎൽഎയും വൈകിട്ടു 4.30ന് ആദര സമ്മേളനം മന്ത്രി ആർ. ബിന്ദുവും ഉദ്ഘാടനം ചെയ്യും.
രാമകൃഷ്ണന്റെ ആത്മകഥ കനൽച്ചുവടുകൾ, കവിതാ സമാഹാരമായ അമ്മ അഹല്യയും എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്യും. പൗരാവലിയുടെ നേതൃത്വത്തിലാണു പരിപാടികൾ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]