മുളങ്കുന്നത്തുകാവ് ∙ ഗവ.മെഡിക്കൽ കോളജ് നെഞ്ചുരോഗാശുപത്രിയിൽ കാൻസർ രോഗികളുടെ മരുന്ന് ഇ–ടെൻഡർ അവസാനിപ്പിച്ച് നേരിട്ടു വാങ്ങാൻ അണിയറയിൽ നീക്കം നടക്കുന്നതായി സൂചന. ഇതിനായി ചില കോണുകളിൽ നിന്ന് ഉദ്യോഗസ്ഥരിൽ സമ്മർദം നടക്കുന്നതായാണ് പുറത്തുവരുന്ന വിവരം.
മരുന്നു കമ്പനികൾ ഓർഡർ ലഭിക്കുന്നതിന് വാരിക്കോരി നൽകുന്ന കമ്മിഷനാണ് സമ്മർദത്തിനു പിന്നിലെ പ്രേരണ.
ചില ജനപ്രതിനിധികളും ഈ അഴിമതിക്കു വേദിയൊരുക്കാൻ അരയും തലയും മുറുക്കി രംഗത്തുണ്ടെന്നും ആരോപണമുണ്ട്. കാൻസർ രോഗികൾക്ക് സ്കീം ഫാർമസി വഴി വിതരണം ചെയ്യുന്ന മരുന്നുകളാണ് ഇത്തരത്തിൽ നേരിട്ടു വാങ്ങാൻ സമ്മർദം നടക്കുന്നത്.
മരുന്നു കച്ചവടത്തിന്റെ മറവിൽ സാമ്പത്തിക അഴിമതിക്ക് വഴി തുറക്കാനാണ് ചരടുവലി നടക്കുന്നത്.
ഇൻഷുറൻസ് ആനുകൂല്യത്തിന് അർഹതയുള്ള കാൻസർ രോഗികൾക്കാണ് സ്കീം ഫാർമസി വഴി മരുന്നുകൾ വിതരണം ചെയ്യുന്നത്. ഓങ്കോളജി വിഭാഗത്തിൽ ചികിത്സയിലുള്ള മുഴുവൻ രോഗികളും ഇത്തരത്തിൽ ആനുകൂല്യത്തിന് അർഹതയുള്ളവരാണ്. ഇവർക്കാവശ്യമായ മരുന്നുകൾ 5 വർഷമായി ഇ–ടെൻഡർ സമ്പ്രദായം വഴിയാണ് കമ്പനികളിൽ നിന്നു വാങ്ങുന്നത്.
കഴിഞ്ഞ വർഷം 15 മരുന്നു വിതരണ കമ്പനികളാണ് ഇ–ടെൻഡർ വഴി ഓർഡർ നേടി മരുന്ന് വിതരണം ചെയ്തത്.
പ്രതിവർഷം ശരാശരി 4 കോടി രൂപയുടെ മരുന്നുകൾ ഇപ്രകാരം ആശുപത്രിയിൽ വിതരണം ചെയ്യുന്നുണ്ട്. ഇ–ടെൻഡർ നടപടി ഒഴിവാക്കാൻ കഴിഞ്ഞ വർഷവും ചില രാഷ്ട്രീയ നേതൃത്വത്തിൽ നിന്ന് സമ്മർദം ഉണ്ടായിരുന്നു. അന്നത്തെ സൂപ്രണ്ട് ഇ–ടെൻഡർ വഴി മാത്രം മരുന്നുകൾ വാങ്ങിയാൽ മതിയെന്ന നിലപാടെടുത്തു.
ഇത്തവണ ആശുപത്രിയിലെ താക്കോൽസ്ഥാനങ്ങളിലെ ചില ഉന്നതർ തന്നെ ഇ–ടെൻഡർ ഒഴിവാക്കാൻ രംഗത്തിറങ്ങിയതായാണു സൂചന.
കീഴുദ്യോഗസ്ഥരെ സമ്മർദത്തിലാക്കി ലക്ഷ്യം നേടാനാണ് ശ്രമം തുടരുന്നത്. എന്നാൽ നിർദേശം ഉത്തരവായി നൽകാൻ തയാറാകുന്നുമില്ല.
സമ്മർദത്തിനു വഴങ്ങാത്ത ഉദ്യോഗസ്ഥരെ ചില രാഷ്ട്രീയ നേതാക്കൾ വിളിച്ചു ഭീഷണിപ്പെടുത്തുന്നതായും പരാതി ഉയരുന്നുണ്ട്. ഉദ്യോഗസ്ഥർ വിസമ്മതം പ്രകടിപ്പിച്ചതോടെ ആശുപത്രി വികസന സമിതിയുടെ മറ പിടിച്ചു തീരുമാനമുണ്ടാക്കി മരുന്ന് നേരിട്ടു വാങ്ങുന്നതിന് വേദിയൊരുക്കാനും നീക്കം തുടങ്ങിയിട്ടുണ്ട്.
ഇ–ടെൻഡർ ഒഴിവാക്കുന്നതോടെ ചില ഉന്നതർക്കും ജനപ്രതിനിധികൾക്കും മരുന്ന് വിതരണക്കാരുമായി നേരിട്ടു വിലപേശൽ നടത്താൻ സൗകര്യമൊരുങ്ങും.
വലിയ സാമ്പത്തിക അഴിമതിയും മരുന്നുകളുടെ ഗുണനിലവാര തകർച്ചയുമാണ് ഇതു മൂലം സംഭവിക്കുക. സാമ്പത്തിക തട്ടിപ്പിലൂടെ 18 ലക്ഷം രൂപ ആശുപത്രി വികസന ഫണ്ടിൽ നിന്ന് നഷ്ടമായിട്ടും പണം തിരിച്ചു പിടിക്കാൻ മൂന്ന് വർഷമായി ഒരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല.
തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം ഏതാനും ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി അവസാനിപ്പിച്ച മട്ടാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

