ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് എംഎൽഎമാർക്കായി പ്രഖ്യാപിച്ച ഔദ്യോഗിക വാഹനം സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി മുഖ്യ പ്രതിപക്ഷമായ ഡിഎംകെ രംഗത്ത്. പാർട്ടിയുടെ 59 എംഎൽഎമാർ സർക്കാരിന്റെ ഈ ആനുകൂല്യം സ്വീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ ഔദ്യോഗികമായി അറിയിച്ചു.
മുൻ ഡിഎംകെ സർക്കാരിന്റെ കാലത്ത് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭരണപക്ഷം നിരന്തരം അവകാശപ്പെടുമ്പോൾ, ഇത്തരത്തിലുള്ള അനാവശ്യ ചെലവുകൾ ഒഴിവാക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എംഎൽഎമാരുടെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലം സമഗ്രമായി പരിശോധിക്കണമെന്നും, യഥാർത്ഥത്തിൽ അർഹതയുള്ളവർക്ക് മാത്രം വാഹനങ്ങൾ നൽകണമെന്നും ഉദയനിധി സ്റ്റാലിൻ അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ മുഴുവൻ വരുന്ന 234 എംഎൽഎമാർക്കും സൗജന്യമായി കാറുകൾ അനുവദിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചതോടെയാണ് ഭരണപക്ഷമായ ടിവികെയും പ്രതിപക്ഷമായ ഡിഎംകെയും തമ്മിലുള്ള രാഷ്ട്രീയ പോര് രൂക്ഷമായത്. സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണെന്ന് ആവർത്തിക്കുന്ന സർക്കാരിന്റെ നിലപാടിലെ ഇരട്ടത്താപ്പാണ് ഈ പ്രഖ്യാപനമെന്ന് ഡിഎംകെ വിമർശിച്ചു.
സൗജന്യ കാറിനൊപ്പം ഡ്രൈവർ, ഇന്ധനം എന്നിവയ്ക്കായി പ്രതിമാസം 75,000 രൂപ അലവൻസ് നൽകുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. അതേസമയം, സർക്കാരിന്റെ തീരുമാനത്തെ ന്യായീകരിച്ച് മന്ത്രി ആധവ് അർജുന രംഗത്തെത്തി.
നിയമസഭയിലെ എല്ലാ അംഗങ്ങളെയും തുല്യരായി പരിഗണിക്കാനാണ് മുഖ്യമന്ത്രി ലക്ഷ്യമിട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. വിസികെ, കമ്മ്യൂണിസ്റ്റ് പാർട്ടികൾ തുടങ്ങിയ ഘടകകക്ഷികളിലെ പല ജനപ്രതിനിധികളുടെയും സാമ്പത്തിക സ്ഥിതി പരിതാപകരമാണെന്നും, മണ്ഡലങ്ങളിൽ ജനങ്ങളിലേക്ക് എത്താൻ വാഹനം ആഡംബരമല്ല, മറിച്ച് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഞങ്ങളുടെ പല എംഎൽ എമാർക്കും സ്വന്തമായി വീടും കാറുമില്ല, പ്രത്യേകിച്ച് ഇടത് പാർട്ടി എം എൽ എമാർക്ക്. ഒരു പ്രഖ്യാപനം നടത്തുമ്പോൾ അത് എല്ലാവർക്കും പൊതുവായുള്ളതായിരിക്കും.
നിലവിൽ സ്വന്തമായി കാറുള്ളവർ സർക്കാർ വാഹനത്തിനായി അപേക്ഷിക്കേണ്ടതില്ല എന്നതാണ് ടി വി കെയുടെ നിലപാട്” എന്ന് മന്ത്രി വിശദീകരിച്ചു. തുടർന്ന് പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷമായ വ്യക്തിപരമായ വിമർശനം ഉഴനുന്നതിനിടയിൽ, സ്വന്തമായി മൂന്ന് ബംഗ്ലാവുകൾ ഉണ്ടായിട്ടും അദ്ദേഹം എന്തിനാണ് സർക്കാർ ക്വാർട്ടേഴ്സിൽ താമസിക്കുന്നതെന്നും മന്ത്രി ആധവ് അർജുന ചോദ്യം ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

