സംസ്ഥാന സര്ക്കാരിന്റെയും ധനവകുപ്പിന്റെയും നിയന്ത്രണങ്ങളെല്ലാം മറികടന്ന് വലിയ ബാധ്യത വരുത്തിവച്ച സ്വതന്ത്ര സാമ്രാജ്യമായാണ് കിഫ്ബി പ്രവര്ത്തിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന് വ്യക്തമാക്കി. ധനവകുപ്പിനെ തീര്ത്തും നോക്കുകുത്തിയാക്കി മാറ്റിയായിരുന്നു സംഘടനയുടെ പ്രവര്ത്തനങ്ങളെന്ന് തിരുവനന്തപുരത്ത് വിദഗ്ധസമിതി റിപ്പോര്ട്ടിനെക്കുറിച്ച് സംസാരിക്കവെ അദ്ദേഹം അറിയിച്ചു.
കിഫ്ബിയുടെ മുന് സിഇഒ സര്ക്കാരില് എക്സ് ഒഫിഷ്യോ സെക്രട്ടറിയായി പ്രവര്ത്തിച്ചത് ഇരട്ടപദവി വഹിക്കുന്നതിന് തുല്യമാണെന്ന് റിപ്പോര്ട്ടില് ചൂണ്ടിക്കാണിക്കുന്നുണ്ട്. കൂടാതെ കണ്സള്ട്ടന്സികള്ക്കു പണം നല്കിയതിലും ഭൂമി ഏറ്റെടുത്ത നടപടികളിലും ഗുരുതരമായ ക്രമക്കേടുകള് കണ്ടെത്തിയിട്ടുണ്ട്.
സംസ്ഥാനത്തിന്റെ കടമെടുക്കാനുള്ള പരിധി കേന്ദ്ര സര്ക്കാര് വലിയ തോതില് വെട്ടിക്കുറച്ചത് ഗുരുതരമായ തിരിച്ചടിയായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്ത്തു. ധനവകുപ്പിനെ പൂര്ണ്ണമായും നോക്കുകുത്തിയാക്കുന്ന സമീപനമാണ് ഉണ്ടായത്.
ഗ്യാരന്റി നല്കേണ്ടതില്ലെന്ന ധനവകുപ്പിന്റെ കര്ശന തീരുമാനം മുഖ്യമന്ത്രി അധ്യക്ഷനായ യോഗം തന്നെ അട്ടിമറിക്കുകയാണുണ്ടായത്. ഇത് റൂള്സ് ഓഫ് ബിസിനസിന്റെ നേരിട്ടുള്ള ലംഘനമാണ്.
ധനവകുപ്പിന്റെ തീരുമാനം മറികടക്കാനുള്ള അധികാരം മന്ത്രിസഭയ്ക്ക് മാത്രമാണുള്ളതെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ഉയര്ന്ന പലിശയ്ക്ക് കടമെടുത്തതു കാരണം 396 കോടി രൂപയുടെ അധികബാധ്യതയാണ് സംസ്ഥാനത്തിന് ഉണ്ടായത്.
മസാല ബോണ്ട് വഴി മാത്രം 181 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. പദ്ധതി നടത്തിപ്പില് 13103 കോടി രൂപയുടെ അധികച്ചെലവാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കണ്ണൂരില് 1000 ഏക്കര് ഭൂമി ഏറ്റെടുത്തതില് വെറും 50 ഏക്കര് മാത്രമാണ് ഇതുവരെ പ്രയോജനപ്പെടുത്തിയിട്ടുള്ളത്. ബാക്കി വരുന്ന ഭൂമി മുഴുവന് വെറുതെ കിടക്കുകയാണ്.
അഞ്ചിരട്ടി തുക നല്കിയാണ് ഈ ഭൂമി ഏറ്റെടുത്തിരിക്കുന്നത്. ഇതിനുപുറമെ വീണ്ടും 4000 ഏക്കര് ഭൂമി ഏറ്റെടുക്കുന്നതിനായി വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു.
ഇത്രയധികം ഭൂമി എന്തിനാണ് ഇത്രവലിയ വില നല്കി കണ്ണൂരില് ഏറ്റെടുത്തതെന്ന് ആര്ക്കും ഒരു നിശ്ചയവുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരസ്യത്തിനായി കണക്കില് 21.16 കോടി രൂപ കാണിച്ചെങ്കിലും യഥാര്ത്ഥത്തില് 203 കോടി രൂപയിലധികമാണ് കിഫ്ബി ഇതിനായി ചെലവഴിച്ചിരിക്കുന്നത്.
ഉയര്ന്ന പലിശയ്ക്ക് എടുത്ത കടമാണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്. ഇതിലും വന്തോതില് ക്രമക്കേടുകള് നടന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില് നിന്നും സഹായം ലഭിക്കുന്നതിനുള്ള വാര്ഷിക വരുമാന പരിധി 3 ലക്ഷം രൂപയായി ഉയര്ത്തിയിട്ടുണ്ട്. കിഫ്ബി വഴി ഇതിനോടകം ആരംഭിച്ച എല്ലാ പദ്ധതികളും കൃത്യമായി പൂര്ത്തീകരിക്കുമെന്നും ഈ സംവിധാനം ഒരു സുപ്രഭാതത്തില് എടുത്തുമാറ്റാന് സാധിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഈ പദ്ധതികള്ക്കെല്ലാം സര്ക്കാര് തന്നെയാണ് ഗ്യാരന്റി നല്കിയിരിക്കുന്നത്. കിഫ്ബി ആരംഭിച്ച കാലം തൊട്ടേ പ്രതിപക്ഷം ഉന്നയിച്ചിരുന്ന ആശങ്കകളും ആരോപണങ്ങളും പൂര്ണ്ണമായും ശരിവയ്ക്കുന്ന നിരീക്ഷണങ്ങളാണ് വിദഗ്ധ സമിതിയുടെ റിപ്പോര്ട്ടിലുള്ളത്.
തുടര്ച്ചയായ മൂന്നു മാസം കൊണ്ട് വിപുലമായ പരിശോധനകള് നടത്തി രേഖകള് കൃത്യമായി വിലയിരുത്തിയാണ് ഈ റിപ്പോര്ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഈ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഏത് രീതിയിലുള്ള അന്വേഷണമാണ് വേണ്ടത് എന്നത് സര്ക്കാര് ഗൗരവമായി ആലോചിക്കും.
കിഫ്ബിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്ട്ട് കഴിഞ്ഞ സര്ക്കാര് നിയമസഭയില് തള്ളിക്കളഞ്ഞത് തികച്ചും വിചിത്രമായ നടപടിയാണെന്നും മുഖ്യമന്ത്രി വിമര്ശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

