തിരുവനന്തപുരം ∙ വേനൽ കടുക്കുന്നതു കാരണം തിരുവനന്തപുരം നഗരത്തിലേക്കുള്ള ശുദ്ധജല വിതരണം മുടങ്ങാതിരിക്കാൻ കോട്ടൂരിൽ നിന്ന് അരുവിക്കര ചെക്ഡാമിലേക്ക് വെള്ളം എത്തിക്കാനുള്ള താൽക്കാലിക പദ്ധതിയുമായി ഇറിഗേഷൻ വകുപ്പ്. ഇതു സംബന്ധിച്ച റിപ്പോർട്ട് ഇറിഗേഷൻ ചീഫ് എൻജിനീയർ സർക്കാരിന് സമർപ്പിച്ചു.
അടുത്ത മാസം അവസാനം വരെ നഗരത്തിലേക്ക് ശുദ്ധ ജലം എത്തിക്കുന്നതിനുള്ള സംഭരണ ശേഷി പേപ്പാറ ഡാമിൽ ഉണ്ടെന്നാണ് വകുപ്പിന്റെ വിലയിരുത്തൽ. അതേസമയം, തലസ്ഥാനത്തേത് ഉൾപ്പെടെ ജില്ലകളിലെ ശുദ്ധജല ക്ഷാമം നേരിടുന്നതിനുള്ള നടപടികൾ തീരുമാനിക്കാൻ ജല വിഭവ മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരും.
വേനൽമഴ ലഭിച്ചാൽ 35 ദിവസം വരെ പമ്പ് ചെയ്യുന്നതിനുള്ള വെള്ളം അരുവിക്കരയിലുണ്ടെന്നാണ് കണക്കാക്കുന്നത്.
വേനൽ മഴ ലഭിക്കാതിരിക്കുകയും കാലവർഷം നീണ്ടു പോകുകയും ചെയ്താലാണ് താൽക്കാലിക സംവിധാനം ഏർപ്പെടുത്തുക. നെയ്യാർ സംഭരണിയിലെ വെള്ളം പുതിയ കനാൽ നിർമിച്ച് കരമനയാർ വഴി അരുവിക്കരയിലേക്ക് എത്തിക്കാൻ കിഫ്ബിയിൽ നിന്ന് 508 കോടി മുടക്കുമുതലുള്ള പുതിയ പദ്ധതി റിപ്പോർട്ടും ഇറിഗേഷൻ വകുപ്പ് തയാറാക്കിയിട്ടുണ്ട്.
വേനൽക്കാലത്ത് മാത്രമല്ലാതെ ഇടയ്ക്കിടക്ക് വെള്ളം പമ്പ് ചെയ്ത് അരുവിക്കര റിസർവോയറിൽ എത്തിക്കുകയാണ് ലക്ഷ്യം. ഈ തോടിന് 7.8 കിലോമീറ്ററോളം ദൂരം വരും.
നെയ്യാർ അണക്കെട്ടിന്റെ ജലസംഭരണിയിൽ നിന്ന് 15 മീറ്ററോളം ഉയരത്തിലാണ് തോട്. സംഭരണിയിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് തോട്ടിലെത്തിക്കേണ്ടതുണ്ട്.
ജലക്ഷാമത്തിന് കാരണം കണക്ഷൻ ബാഹുല്യം
തിരുവനന്തപുരം ∙ വേനൽ ഒരു മാസം പിന്നിടും മുൻപ് നഗരത്തിൽ ശുദ്ധജല ക്ഷാമം രൂക്ഷമാകാൻ കാരണം വർധിച്ച ഉപഭോഗം മാത്രമല്ലെന്ന് ജല അതോറിറ്റി.
പുതുതായി നൽകിയ ഗാർഹിക, വ്യാവസായിക കണക്ഷനുകളുടെ എണ്ണം കൂടിയതും ജല ജീവൻ പദ്ധതി പ്രകാരം പഞ്ചായത്തുകളിൽ നൽകിയ കണക്ഷനുകൾക്ക് വെള്ളം എടുക്കുന്നതും ക്ഷാമത്തിന് കാരണമായെന്നാണ് കണക്കാക്കുന്നത്. 30– 40 വർഷം മുൻപ് സ്ഥാപിച്ച പൈപ്പുകളിൽ ഭൂമിക്കടിയിലെ ചോർച്ച കാരണം 30 മുതൽ 40% വരെ വെളളം പാഴാകുന്നതും വെളളത്തിന് ബുദ്ധിമുട്ടുണ്ടാകാൻ കാരണമായെന്നാണ് കണക്കാക്കുന്നത്.
പുതിയ കണക്ഷൻ അര ലക്ഷം
കഴിഞ്ഞ 3 വർഷത്തിനിടെ അമൃത് പദ്ധതി പ്രകാരം 48,000 പുതിയ ഗാർഹിക കണക്ഷൻ നൽകിയെന്നാണ് ജല അതോറിറ്റിയുടെ കണക്ക്.
ഇതിനു പുറമേ, വ്യാവസായിക ആവശ്യങ്ങൾക്കും ഫ്ലാറ്റുകൾക്കും പുതിയ കണക്ഷനുകൾ നൽകി. അതേസമയം, പമ്പ് ചെയ്യുന്ന വെള്ളത്തിന്റെ അളവിൽ മാറ്റം വരുത്താത്തതിനാൽ നഗരത്തിലെ ഉയർന്ന പ്രദേശങ്ങളിൽ വെള്ളം കിട്ടാത്ത സ്ഥിതിയുണ്ടായെന്ന് ജല അതോറിറ്റി പറയുന്നു.
പഞ്ചായത്തുകൾക്ക് വെള്ളം
നഗരത്തിലേക്ക് ശുദ്ധ ജലം എത്തിക്കുന്നതിനാണ് അരുവിക്കരയിൽ നിന്ന് പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടുള്ളത്.
എന്നാൽ ജല ജീവൻ മിഷൻ പദ്ധതി പ്രകാരം കരകുളം, അരുവിക്കര, കാട്ടാക്കട, പൂവച്ചൽ, ആര്യനാട് പഞ്ചായത്തു പ്രദേശങ്ങളിൽ നൽകിയ കണക്ഷനുകൾക്കും ഈ ലൈനിൽ നിന്നാണ് നിലവിൽ വെള്ളം എടുക്കുന്നത്. ഇതു കാരണം നഗരത്തിലേക്ക് പമ്പ് ചെയ്യുന്ന വെള്ളത്തിന്റെ അളവിൽ കുറവുണ്ടായെന്ന് ജല അതോറിറ്റി പറയുന്നു.
കാലപ്പഴക്കം കാരണം ചോർച്ച
രണ്ടു ഘട്ടങ്ങളിലായി സ്ഥാപിച്ച പൈപ്പുകൾ വഴിയാണ് അരുവിക്കരയിൽ നിന്ന് നഗരത്തിലേക്ക് വെള്ളം എത്തിക്കുന്നത്.
ഈ പൈപ്പുകളിൽ ഭൂരിഭാഗവും കാലപ്പഴക്കത്താൽ ചോർച്ചയുണ്ട്. പാഴാകുന്ന വെള്ളത്തിന്റെ കൃത്യമായ കണക്ക് ലഭ്യമല്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

