വിഴിഞ്ഞം∙ നാടും വീടും ക്രിസ്മസ് ആഘോഷത്തിന്റെ ആഹ്ളാദങ്ങളിലമരുമ്പോൾ മണ്ണിൽ തൊടാതെ മാസങ്ങളായി അലയാഴികൾക്കും ഓളപ്പരപ്പുകൾക്കും മീതേ ഒഴുകി നീങ്ങി ഈ ആഘോഷങ്ങളെ തങ്ങളുടേതായ രീതിയിൽ ആഹ്ളാദമാക്കുന്ന ഒരു കൂട്ടരുണ്ട്..ചരക്കു കപ്പലുകൾ..അവധികളില്ലാത്ത ഈ ജോലിക്കിടെയുള്ള ഇത്തരം ആഘോഷങ്ങൾ കപ്പലുകാർക്ക് വലുതാണ്. ഒരു പക്ഷേ കരയിലേക്കാളേറെയാവും ആഘോഷം.
ഒരു തുറമുഖത്തു നിന്നു മറ്റൊരിടത്തേക്ക് ചരക്കിറക്കിയും കയറ്റിയുമുള്ള യാത്രക്കിടെ വരുന്ന ക്രിസ്മസ് രാവും പുലരിയും കാര്യമായി ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് ലോകത്തെ ഏറ്റവും വലിയ കപ്പലുകളിലൊന്നായ എംഎസ് സി അപ്പോളിനിയും അതിലെ മലയാളി ക്യാപ്റ്റൻ മിൽട്ടൺ ജേക്കബും 27 അംഗ ക്രൂവും. ആഘോഷ ഭാഗമായി ക്രിസ്മസ് ട്രീ ഒരുക്കിക്കഴിഞ്ഞു.
വർണവിളക്കുകൾ, അലങ്കാരങ്ങൾ എന്നിവ ഒരുക്കി കപ്പലിന്റെ ക്യാപ്റ്റന്റെ ക്യാബിനുൾപ്പെട്ട
ബ്രിജ്, ഡെക്ക് എന്നിവ മനോഹരമാക്കി കഴിഞ്ഞു. ക്രിസ്മസിനു മുറിക്കാനുള്ള കൂറ്റൻ കേക്കും തയാറായിക്കഴിഞ്ഞു.കഴിഞ്ഞ ഒക്ടോബറിൽ വിഴിഞ്ഞത്തു വന്നു പോയ കപ്പൽ നിലവിൽ ഇസ്രയേൽ തുറമുഖമായ അഷോദ് ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്.
ക്രിസ്മസ് ദിനത്തിൽ ജിബ്രാൾട്ടർ കടലിടുക്കു വഴിയാവും കപ്പൽ കടന്നു പോവുകയെന്നു തൃശൂർ സ്വദേശിയായ ക്യാപ്റ്റർ പറഞ്ഞു. ആഘോഷ ദിനത്തിൽ കപ്പൽ ഓടിക്കൊണ്ടേയിരിക്കും.
ചുമതലയുള്ള ക്രൂ ജോലി സമയം കഴിയുന്ന മുറക്ക് ആഘോഷങ്ങളുടെ ഭാഗമാകും.
ആട്ടവും പാട്ടും നിറയുന്ന ക്രിസ്മസ് ആഘോഷത്തിൽ രാവിലെ മുതൽ വൈകും വരെ വിവിധ തരം ഭക്ഷണം ലഭിക്കും. കപ്പൽ കമ്പനിയുടെ വക ആകർഷക സമ്മാനങ്ങളും ക്രൂവിന് ലഭിക്കും.
ഈ കപ്പലിലെ ഇക്കുറിയിലെ സമ്മാനം കാഷിയോയുടെ ജി–ഷോക് റിസ്റ്റ് വാച്ചാണെന്നു ക്യാപ്റ്റൻ പറഞ്ഞു. ക്രിസ്മസ് മാത്രമല്ല പുതുത്സര പിറവിയിലും ആഘോഷമുണ്ടാവും.
ചാനൽ 16 എന്ന പൊതുവായ ആശയവിനിമയത്തിലൂടെ സമീപ കപ്പലുകളിലെ ക്രൂവിനു ആഘോഷ ആശംസകൾ നേരുന്നതും പതിവാണ്.
ക്രിസ്മസ് ദിനത്തിലോ അനുബന്ധ ദിവസമോ അടുക്കുന്ന തുറമുഖങ്ങളിൽ നിന്നും സമ്മാനങ്ങൾ ലഭിക്കുന്നതും രീതിയാണ്. ഓരോ കപ്പലിലും കരാർ കാലാവധിയനുസരിച്ചു 4 മാസം മുതൽ 9മാസം വരെയാവും ക്യാപ്റ്റനുൾപ്പെടെ ക്രൂവിന് ജോലി.
ഇക്കാലയളവിൽ വീടും നാടും വിട്ടു തുടർച്ചയായി അവധിയെടുക്കാതെ ജോലി നോക്കണമെന്നതാണ് ഈ രംഗത്തെ പ്രത്യേകത. ഇതിനിടെ ഇത്തരം ആഘോഷങ്ങളാണ് തങ്ങൾക്ക് കൂടുതൽ ഊർജവും ആഹ്ളാദവും നൽകുന്നതെന്നു ക്യാപ്റ്റൻ മിൽട്ടൺ ജേക്കബ് പറയുന്നു.ക്യാപ്റ്റന്റെ ഭാര്യ നാട്ടിൽ ഹോമിയോ ഡോക്ടറായ ഡോ.റിനി മിൽട്ടൺ.
ഓസ്ട്രേലിയയിലെ സിഡ്നിയിൽ മാസ്റ്റേഴ്സ് ഇൻ മെറ്റീരിയൽ സയൻസ് വിദ്യാർഥി കെവിൻ മിൽട്ടൺ, തൃശൂർ നിർമല മാതാ സെൻട്രൽ സ്കൂൾ 8ാം ക്ലാസ് വിദ്യാർഥിനി റേച്ചേൽ മിൽട്ടൺ എന്നിവരാണ് മക്കൾ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

