തിരുവനന്തപുരം ∙ നെട്ടയത്ത് മലമുകളിൽ ബിജെപി – സിപിഎം പ്രവർത്തകർ ഏറ്റുമുട്ടിയതിനെ തുടർന്നുണ്ടായ പൊലീസ് നപടിയിൽ ആരോപണ വിധേയനായ വട്ടിയൂർക്കാവ് എസ്എച്ച്ഒ വിപിനെതിരെ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചതോടെ സമരം അവസാനിപ്പിച്ച് ബിജെപി. രണ്ട് മുൻ ഡിജിപിമാരെ പൊലിസ് സ്റ്റേഷൻ മാർച്ചിൽ രംഗത്തിറക്കിയായിരുന്നു ബിജെപി കടുത്ത പ്രതിഷേധം അറിയിച്ചത്.
വട്ടിയൂർക്കാവ് സ്റ്റേഷനിലേക്ക് മഹിളാ മോർച്ച പ്രവർത്തകർ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തത് മുൻ ഡിജിപി ആർ.ശ്രീലേഖയായിരുന്നു. പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ചാണ് ശ്രീലേഖ മാർച്ചിൽ പങ്കെടുത്തത്.
ബിജെപി പ്രവർത്തകരെ കസ്റ്റഡിയിൽ മർദിച്ചതിൽ പ്രതിഷേധിച്ച് മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് സംഘപരിവാർ സംഘടനകൾ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തത് മുൻ സംസ്ഥാന പൊലീസ് മേധാവിയായിരുന്ന ടി.പി. സെൻകുമാർ.
അതിനിടെ പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ചതിന് തനിക്കെതിരെ ഉയർന്ന വിമർശനത്തിന് മറുപടിയായി ആർ.ശ്രീലേഖ സമൂഹമാധ്യമത്തിൽ കുറിപ്പിട്ടു.
33 വർഷത്തിലധികം പ്രവർത്തിച്ച പൊലീസ് സേനയിൽ അഭിമാനത്തോടെയാണ് പ്രവർത്തിച്ചതെന്നും എന്നാൽ വട്ടിയൂർക്കാവ് എസ് എച്ച് ഒ വിപിനും എസ്ഐ ദീപു പിള്ളയും എട്ട് പൊലീസുകാരും ചേർന്ന് നടത്തിയ പ്രവർത്തനങ്ങളിൽ കഷ്ടം തോന്നിപ്പോകുന്നുവെന്ന് അവർ കുറിച്ചു.
ബിജെപി – സിപിഎം പ്രവർത്തകർ ഏറ്റുമുട്ടിയതിനെ തുടർന്നുണ്ടായ പൊലീസ് നപടിയിൽ പ്രതിഷേധിച്ച് കടുത്ത പ്രതിഷേധമാണ് ബിജെപി ഉയർത്തിയത്. സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫിസിലേക്ക് സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും നടന്നു.
ബിജെപി പ്രവർത്തകനെ കസ്റ്റഡിയിൽ മർദിച്ച പൊലീസുകാർക്കെതിരെയും മഹിളാ മോർച്ച പ്രവർത്തകയെ കടിച്ച് പരുക്കേൽപിച്ച പൊലീസുദ്യോഗസ്ഥയ്ക്കെതിരെയും തെളിവുകളുമായി കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ബിജെപി നേതൃത്വം.
മലമുകളിലെ സംഘർഷത്തിൽ സിവിൽ പൊലീസുദ്യോഗസ്ഥൻ ദീപുവിന്റെ തലയ്ക്ക് പരുക്കേറ്റ സംഭവത്തിൽ പൊലീസിന്റെ എഫ്ഐആറിൽ സിപിഎം പ്രവർത്തകരിൽ ഒരാൾ കിരങ്കൽചീളുകൊണ്ട് എറിഞ്ഞാണ് ദീപുവിന് തലയ്ക്ക് പരുക്കേറ്റതെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇക്കാര്യം ബോധ്യമുണ്ടായിട്ടും ബിജെപി പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് മർദിക്കുകയായിരുന്നുവെന്ന് മേയർ വി.വി. രാജേഷ് ചൂണ്ടിക്കാട്ടി.
ബിജെപി കൗൺസിലർമാർക്കും പ്രവർത്തകർക്കുമെതിരെ തുടർച്ചയായി ആക്രമണം നടത്തുന്ന വട്ടിയൂർക്കാവ് സിഐ വിപിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ പട്ടികജാതി കമ്മിഷന് പരാതി നൽകുമെന്നും മേയർ പറഞ്ഞു.
നെട്ടയത്ത് മലമുകളിൽ ബിജെപി പ്രവർത്തകന്റെ ഭാര്യയ്ക്കുനേരെ അയൽവാസിയായ സിപിഎം പ്രവർത്തകൻ നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന തർക്കത്തിൽ ഉടലെടുത്ത സംഘർഷമാണ് കഴിഞ്ഞ മൂന്നു ദിവസമായി തിരുവനന്തപുരത്ത് അരങ്ങേറിയത്. അതേസമയം പൊലീസുദ്യോഗസ്ഥരുടെ വീടുകളിലെത്തി ബിജെപി പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയും പൊലീസുദ്യോഗസ്ഥർ ഉയർത്തുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

