ചിറയിൻകീഴ് ∙ കടയ്ക്കാവൂരിൽ നാലംഗ വിദ്യാർഥിസംഘം കുളിക്കാനിറങ്ങിയതു മണ്ണെടുത്ത് അഗാധ ഗർത്തമായി മാറിയ നദിക്കരയിൽ. സ്കൂളിൽ നിന്നു വീട്ടിലെത്തിയ സുഹൃത്തുക്കൾ വൈകിട്ട് അഞ്ചരയോടെ സമീപത്തെ ക്ഷേത്രത്തിൽ പോകുന്നുവെന്നു പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്.
സംഘത്തിലെ ശ്രീഹരിയും അർജുനും ക്ഷേത്രത്തിലെ കാവടിയുത്സവത്തിൽ പങ്കെടുക്കുന്നതിനായി കാപ്പുകെട്ടി വൃതം നോറ്റു വരികയായിരുന്നു. അപകടം നടന്ന ശങ്കരമംഗലം ക്ഷേത്രത്തിനടുത്ത ഉദിയറ കുളിക്കടവിൽ വർഷങ്ങളായി ആരും കുളിക്കാനെത്തുമായിരുന്നില്ല.
കുളിക്കടവ് കേന്ദ്രീകരിച്ചു രാത്രികാലങ്ങളിൽ മണലൂറ്റ് സംഘങ്ങൾ മണൽവാരൽ തുടർന്നതോടെ കുളിക്കടവിലും സമീപ ആറ്റിൻതീരത്തും വൻകുഴികൾ രൂപപ്പെട്ടിരുന്നു.
കടവ് അപകട മേഖലയായി മാറിയതോടെ സമീപവാസികൾ ഇവിടെ കുളിക്കുന്നത് അവസാനിപ്പിച്ചത്.
ഇതിനു പുറമേ കടവും സമീപപ്രദേശങ്ങളും പാഴ്മരങ്ങൾ വളർന്നിറങ്ങി കുറ്റിക്കാടായി മാറുകയും ചെയ്തിരുന്നു.
ഇന്നലെ വൈകിട്ട് കുട്ടികൾ ഇവിടെയെത്തിയാണ് കുളിക്കാനായി ആറ്റിലേക്കു ചാടിയത്. മിനിട്ടുകൾക്കകം ശ്രീഹരിയും അർജുനും നീന്തി കരയ്ക്കുകയറുകയായിരുന്നു.
ഗോകുലിനെയും നിഖിലിനെയും കാണാതായി. തുടർന്നാണു ഇവർ നിലവിളിച്ചു നാട്ടുകാരെ വിവരമറിയിച്ചത്.
ഒരു മണിക്കൂറിനു ശേഷം ഇരുവരുടേയും മൃതദേഹങ്ങൾ ചെളിയിൽ പുതഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. മരിച്ച നിഖിൽ ആറ്റിങ്ങൽ തോട്ടയ്ക്കാട് സ്വദേശിയാണ്.
ഇപ്പോൾ കുടവൂർക്കോണം സ്കൂളിനു സമീപം വാടക വീടായ പുത്തൻവിളഹൗസിലാണു താമസിക്കുന്നത്. എസ്എസ്എൽസി പരീക്ഷയ്ക്കു ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ 2 വിദ്യാർഥികളുടെ വേർപാട് അധ്യാപകർക്കും സഹപാഠികൾക്കും നാട്ടുകാർക്കും വേദനയായി.
വാമനപുരം നദിയിൽ 2 വിദ്യാർഥികൾ മുങ്ങിമരിച്ചു
ചിറയിൻകീഴ് ∙ വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ 2 വിദ്യാർഥികൾ മുങ്ങിമരിച്ചു.
നാലംഗസംഘത്തിലെ 2 പേർ രക്ഷപ്പെട്ടു. തൊപ്പിച്ചന്ത കുടവൂർക്കോണം ഗവ.
ഹൈസ്കൂളിലെ 10–ാം ക്ലാസ് വിദ്യാർഥികളായ മേലാറ്റിങ്ങൽ പേരാണം പുത്തൻവിള വീട്ടിൽ രവീന്ദ്രൻ പിള്ള– പ്രീത ദമ്പതികളുടെ മകൻ ഗോകുൽ (15), ആറ്റിങ്ങൽ തോട്ടയ്ക്കാട് കുന്നുവിളവീട്ടിൽ ബിനു– സന്ധ്യാറാണി ദമ്പതികളുടെ മകൻ വി.എസ്.നിഖിൽ (15) എന്നിവരാണ് മരിച്ചത്.
കടയ്ക്കാവൂർ ശങ്കരമംഗലം ക്ഷേത്രത്തിനു സമീപം ഉദിയറ കുളിക്കടവിൽ ഇന്നലെ വൈകിട്ട് 5.30 നാണു സംഭവം. ഒരുമിച്ചു കുളിക്കാനിറങ്ങി മിനിറ്റുകൾക്കുള്ളിൽ മേലാറ്റിങ്ങൽ ആക്കോട്ടുകോണം വീട്ടിൽ ശ്രീഹരിയും വാറിൽവീട്ടിൽ അർജുനും നീന്തി കരയ്ക്കെത്തുകയും 2 പേരെ കാണാനില്ലെന്ന് സമീപവാസികളെ അറിയിക്കുകയുമായിരുന്നു.
നാട്ടുകാരും ആറ്റിങ്ങലിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയും ഒരു മണിക്കൂറിലേറെ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ ചെളിയിൽ പുതഞ്ഞ നിലയിൽ കണ്ടത്. ഗോകുലിന്റെ സഹോദരി ഗോപിക.
നിഖിലിന്റെ സഹോദരി നവ്യ. ഇന്ന് ഉച്ചയോടെ സംസ്കാരം നടക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

