പ്രസിദ്ധമായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്രയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നാളെ ഉച്ചയ്ക്ക് 3 മണി മുതൽ രാത്രി 10 മണി വരെയാണ് നഗരത്തിൽ യാത്രാ നിയന്ത്രണം ബാധകമാക്കിയിരിക്കുന്നത്.
ഘോഷയാത്ര കടന്നുപോകുന്നതിന്റെ ഭാഗമായി വാഴപ്പള്ളി ജംക്ഷൻ മുതൽ മിത്രാനന്ദപുരം, ഫോർട്ട് സ്കൂൾ വരെയുള്ള പാതകളിലും, പടിഞ്ഞാറെ നട മുതൽ ഈഞ്ചയ്ക്കൽ, വള്ളക്കടവ്, ആറാട്ട് ഗേറ്റ് വരെയുള്ള റോഡുകളിലും ഗതാഗതം ക്രമീകരിക്കും.
ഈ പാതകളിൽ വാഹനങ്ങളുടെ പാർക്കിങ്ങും പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്. ആറാട്ട് ഘോഷയാത്ര ശംഖുമുഖം ആറാട്ട് കടവിലേക്ക് പോകുന്ന വേളയിലും തിരികെ മടങ്ങുന്ന സമയത്തും കഴക്കൂട്ടം – കോവളം ബൈപാസ് റോഡിൽ ഈഞ്ചയ്ക്കൽ ജംക്ഷനിൽ ഗതാഗത തടസ്സം നേരിടാൻ സാധ്യതയുണ്ട്.
വൈകിട്ട് 6 മണി മുതൽ വാഴപ്പള്ളി ജംക്ഷൻ, പടിഞ്ഞാറെകോട്ട, ശ്രീകണ്ഠേശ്വരം പാർക്ക്, പത്മവിലാസം റോഡ്, കൊത്തളം ജംക്ഷൻ എന്നീ പ്രധാന ഭാഗങ്ങളിൽ നിന്നും വാഹനങ്ങൾ മറ്റു വഴിയിലേക്ക് തിരിച്ചുവിടും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യേണ്ടവർ കല്ലുംമൂട്, പൊന്നറ, വലിയതുറ വഴിയുള്ള പാതകൾ ഉപയോഗിക്കേണ്ടതാണ്.
നാളെ രാത്രി 8 മണിക്കാണ് പള്ളിവേട്ട നടക്കുക.
ഘോഷയാത്രയുടെ സുഗമമായ നടത്തിപ്പിനായി നാളെ ഉച്ചയ്ക്ക് 3 മുതൽ രാത്രി 10 വരെ നഗരത്തിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ആറാട്ട് ഘോഷയാത്ര കടന്നുപോകുന്നതിന്റെ പശ്ചാത്തലത്തിൽ വിമാനത്താവളത്തിന്റെ പ്രവർത്തനം വൈകിട്ട് 4 മണി മുതൽ രാത്രി 9 മണി വരെ താൽക്കാലികമായി നിർത്തിവയ്ക്കുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

